അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്ന ഈ സാഹചര്യത്തിൽ, യുഎസ് നാവികസേനയുടെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിലെ നിലവിൽ വല്ലാത്ത അവസ്ഥയാണ്. അമേരിക്കൻ നാവികസേനയുടെ അഭിമാനമായ, ലോകത്തിലെ ഏറ്റവും ചെലവേറിയ യുദ്ധക്കപ്പലായ യുഎസ് എസ്. ജെറാൾഡ് ആർ. ഫോർഡിനെ ഇപ്പോൾ വലയ്ക്കുന്നത് ,ശത്രുക്കളല്ല അതിലെ ‘ടോയ്‌ലറ്റുകളാണ്’.
അമേരിക്കൻ നാവികസേനയുടെ ഏറ്റവും കരുത്തുറ്റ കപ്പലാണ് ജെറാൾഡ് ഫോർഡ്. ഏകദേശം 1.08 ലക്ഷം കോടി രൂപ ചിലവാക്കിയാണ് ഇത് നിർമ്മിച്ചത്. എന്നാൽകഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ കൂറ്റൻ കപ്പലിലെ നാവികർ വല്ലാത്തൊരു പ്രതിസന്ധിയിലാണ്. കപ്പലിലെ പ്ലംബിംഗ് സംവിധാനം പൂർണ്ണമായും താറുമാറായിരിക്കുന്നു.
സാധാരണ ഗതിയിൽ ഒരു യുദ്ധക്കപ്പൽ ആറുമാസമാണ് കടലിൽ തുടർച്ചയായി കിടക്കാറുള്ളത്. എന്നാൽ ഈ കപ്പൽ ഇപ്പോൾ 8 മാസമായി കടലിലാണ്. ഇത് ചിലപ്പോൾ 11 മാസം വരെ നീണ്ടുപോയേക്കാം. ഇത്രയും കാലം തുടർച്ചയായി ഉപയോഗിക്കുന്നത് കൊണ്ട് കപ്പലിലെ യന്ത്രങ്ങൾക്കും പൈപ്പുകൾക്കും തകരാർ സംഭവിക്കുന്നു. നിലവിൽ കപ്പലിലെ പല ടോയ്‌ലറ്റുകളും പ്രവർത്തിക്കുന്നില്ല. ചോർച്ച
അടയ്ക്കാനും ടോയ്‌ലറ്റുകൾ നന്നാക്കാനും നാവികർക്ക് രാത്രിയും പകലും
പണിയെടുക്കേണ്ടി വരുന്നു.
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ഒരു ആക്രമണം ഉണ്ടായേക്കാം എന്ന ജാഗ്രതയിലാണ് നാവികർ. എന്നാൽ ഒരു വശത്ത് യുദ്ധഭീതിയും മറുവശത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം നാവികർ വലിയ മാനസിക സമ്മർദ്ദത്തിലാണ്. പലരും നാവികസേന വിട്ടു പോകുന്നതിനെ കുറിച്ച് പോലും ആലോചിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.
സാമ്പത്തിക ആഘാതം
ഇതൊരു ചെറിയ പ്ലംബിംഗ് പണിയല്ല. ഇതിനു പിന്നിലെ സാമ്പത്തിക കണക്കുകൾ കേട്ടാൽ ആരും ഞെട്ടും. ഈ കപ്പലിലെ പ്ലംബിംഗ് ക്ലീൻ ചെയ്യണമെങ്കിൽ ഒരു പ്രത്യേക രാസ ലായനി ഉപയോഗിക്കണം. ഓരോ തവണ ഇത് ചെയ്യുമ്പോഴും ഏകദേശം 3.3 കോടി രൂപ ആണ്, അമേരിക്കൻ സർക്കാരിന് ചിലവാകുന്നത്. ടോയ്‌ലറ്റുകൾ അടിക്കടി ബ്ലോക്ക് ആകുന്നത് കൊണ്ട് അത് നന്നാക്കാൻ മാത്രം വൻ തുക മാറ്റി വെക്കേണ്ടി വരുന്നു.
ചിലവാക്കിയിട്ടും, നിസ്സാരമെന്ന് തോന്നുന്ന പ്ലംബിംഗ് കാര്യത്തിൽ വന്ന പിഴവ് വലിയ സാമ്പത്തിക നഷ്‌ടമാണ് ഉണ്ടാക്കുന്നത്. യുദ്ധസന്നദ്ധരായി ഇരിക്കേണ്ട നാവികർ ടോയ്‌ലറ്റ് നന്നാക്കാൻ സമയം കളയേണ്ടി വരുന്നത് സേനയുടെ പ്രവർത്തന ക്ഷമതയെയും ബാധിക്കുന്നു.



