...
Home News National കാണാതായ പത്ത് ആദിവാസി കുട്ടികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കാണാതായ പത്ത് ആദിവാസി കുട്ടികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഗ്രാമത്തിൽ നിന്ന് ഏകദേശം 60 മുതൽ 70 വരെ ആളുകൾ പർസാബാദിൽ ചടങ്ങുകളിൽ പങ്കെടുക്കാൻ പോയിരുന്നു

210

ജാർഖണ്ഡിലെ കൊഡെർമ ജില്ലയിലെ ഒരു കുഗ്രാമത്തിൽ നിന്ന് കാണാതായ പത്ത് ആദിവാസി കുട്ടികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ശനിയാഴ്‌ച പറഞ്ഞു.

കുട്ടികളെ കുറിച്ച് വിവരം നൽകുന്നവർക്ക് കൊഡെർമ പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എസ്.പി അനുദീപ് സിംഗ് പിടിഐയോട് പറഞ്ഞു.

ഖരിയോദി പഞ്ചായത്തിലെ ഗഡിയായ് ബിർഹോർ തോല (കുഗ്രാമം) നിവാസികളായ പ്രത്യേക ദുർബല ഗോത്ര വിഭാഗത്തിൽ (പിവിടിജി) പെട്ട കുട്ടികളെ ഫെബ്രുവരി ഒന്ന് മുതൽ പർസാബാദിൽ നിന്ന് വീട്ടിലേക്ക് മടങ്ങാത്തതിനെ തുടർന്ന് കാണാതായതായി പോലീസ് പറഞ്ഞു. ഡി.എസ്.പി രതി ഭാൻ സിങ്ങാണ് എസ്‌ഐടിക്ക് നേതൃത്വം നൽകുന്നത്.

കുട്ടികളുടെ പേരുകൾ, പ്രായം, മറ്റ് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വിവിധ പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും പർസാബാദിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൻ്റെ ഭാഗമായി വിശകലനം ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പത്ത് കുട്ടികളും 5നും 14നും ഇടയിൽ പ്രായമുള്ളവരാണെന്ന് രതിഭാൻ സിംഗ് പിടിഐയോട് പറഞ്ഞു. ഫെബ്രുവരി ഒന്നിന്, അവർ തങ്ങളുടെ ഗ്രാമത്തിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ ഒരു ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ പർസാബാദിലേക്ക് പോയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“അവരെ കണ്ടെത്തുന്നതിനായി ഞങ്ങൾ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഗ്രാമത്തിൽ നിന്ന് ഏകദേശം 60 മുതൽ 70 വരെ ആളുകൾ പർസാബാദിൽ ചടങ്ങുകളിൽ പങ്കെടുക്കാൻ പോയിരുന്നു. എന്നാൽ പത്ത് കുട്ടികൾ ഒഴികെ എല്ലാവരും തിരിച്ചെത്തി.”

“വീട്ടിലേക്ക് മടങ്ങാൻ ട്രെയിൻ പിടിക്കാൻ കുട്ടികൾ പർസാബാദ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. അവർ തെറ്റായ ട്രെയിനിൽ കയറിയിരിക്കാൻ സാധ്യതയുണ്ട്,” -ഡിഎസ്.പി പറഞ്ഞു.

അതേസമയം, കോഡെർമ ഡെപ്യൂട്ടി കമ്മീഷണർ റിതുരാജ് സ്ഥിതിഗതികൾ വിലയിരുത്താൻ ഗ്രാമം സന്ദർശിക്കുകയും കാണാതായ കുട്ടികളുടെ മാതാപിതാക്കളെ കാണുകയും ചെയ്‌തു. “എല്ലാ കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ ഉടൻ വീട്ടിലേക്ക് മടങ്ങും,” -അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.