...
Home News National അറിയുക; പൊതുസംവാദങ്ങളില്‍ സംഘപരിവാർ അണികള്‍ക്കായി ഒരുക്കിയ ട്രെയിനിംഗ് മാന്വല്‍

അറിയുക; പൊതുസംവാദങ്ങളില്‍ സംഘപരിവാർ അണികള്‍ക്കായി ഒരുക്കിയ ട്രെയിനിംഗ് മാന്വല്‍

ഒരു മതേതരവാദിയോ മുസ്ലീം ബുദ്ധിജീവിയോ എന്തെങ്കിലും തെളിവുകള്‍ പ്രദര്‍ശിപ്പിക്കാതെ എന്തെങ്കിലും പറയുമ്പോഴെല്ലാം, അവന്‍/അവള്‍ കള്ളം പറയുകയാണെന്ന് നിങ്ങള്‍ക്ക് സൗകര്യപൂര്‍വ്വം പറയാം.

359

| കെ സഹദേവൻ

പൊതുസംവാദങ്ങളില്‍ എങ്ങിനെ ഇടപെടണം എന്നത് സംബന്ധിച്ച് സംഘപരിവാരങ്ങള്‍ തങ്ങളുടെ അണികള്‍ക്കായി ഒരുക്കിയ ട്രെയിനിംഗ് മാന്വല്‍ അത്തരം സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായോ അവരുടെ അണികളുമായോ സംവാദത്തിന് ചെല്ലുന്നവര്‍ ഒരു തവണയെങ്കിലും വായിക്കുന്നത് നന്നായിരിക്കും. അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘രാഷ്ട്ര ചേതന പ്രകാശന്‍’ എന്ന സംഘപരിവാര്‍ സംഘടന അത്തരമൊരു പരിശീലന കൈപ്പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. അതില്‍ സെക്യൂലര്‍ കീടങ്ങളുമായുള്ള സംവാദങ്ങളില്‍ പ്രയോഗിക്കേണ്ട രീതികള്‍ ഇങ്ങനെ വിശദീകരിക്കുന്നു:

സെക്യുലറിസ്റ്റ് കീടങ്ങള്‍ക്കുള്ള മറുമരുന്നുകള്‍:

(1) നിങ്ങള്‍ മതേതര/മുസ്ലിം ബുദ്ധിജീവികളുമായി ഒരു പൊതു സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍, അവരോട് മര്യാദ കാണിക്കരുത്. കാരണം അവര്‍ നിങ്ങളോട് മര്യാദ കാണിക്കില്ല. എതിരാളികളോട് അനാവശ്യമായ മര്യാദയും ദയയും കാണിക്കുന്നത് നമ്മളിലെ വിട്ടുമാറാത്ത രോഗമാണ് (‘പൃഥ്വിരാജ് ചൗഹാന്‍ സിന്‍ഡ്രോം’). ഒരു കാര്യം മാത്രം മനസ്സില്‍ വയ്ക്കുക: നമ്മുടെ ലക്ഷ്യം മുസ്ലീങ്ങളുമായോ അല്ലെങ്കില്‍ മതേതരവാദികളുമായോ വ്യക്തിപരമായ സൗഹൃദം സ്ഥാപിക്കുകയല്ല. അത് അസാധ്യമാണ്. അവരെ തുറന്നുകാട്ടുകയാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ കഠിനഹൃദയത്തോടെ പ്രവര്‍ത്തിക്കുക.

(2) മതേതരവാദികള്‍ നിങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കും. പക്ഷേ നിങ്ങള്‍ ശാന്തരാകണം. ചുറ്റുമുള്ള പൊതുസമൂഹത്തിന് മുന്നില്‍ മതേതരവാദിയെ/മുസ്ലിമിനെ പരിഹാസപാത്രമാക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ നേട്ടത്തിനായി അവരെ പ്രകോപിപ്പിക്കാം.

(3) ഒരു സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍, ജനക്കൂട്ടത്തോട് സംവദിക്കുക. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു പേപ്പര്‍ കട്ടിംഗ് അല്ലെങ്കില്‍ ഖുര്‍ആന്‍, ഒരു സംവാദത്തിനിടയില്‍ ഉയര്‍ത്തിക്കാണിക്കുമ്പോള്‍, അത് മതേതരവാദികളോടല്ല, ജനങ്ങളുടെ നേരെ പിടിക്കുക. നിങ്ങള്‍ എന്തെങ്കിലും ഉദ്ധരിക്കുകയോ ഖുര്‍ആനിലെ ആയത്തുകളോ അതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും കാര്യമോ വായിക്കുകയോ ചെയ്യുമ്പോള്‍, നിങ്ങള്‍ പൊതുജനങ്ങളെ അഭിമുഖീകരിക്കുക. നിങ്ങളുടെ എതിരാളിക്ക് നേരെയല്ല.

(4) ഒരു മതേതരവാദിയോ മുസ്ലീം ബുദ്ധിജീവിയോ എന്തെങ്കിലും തെളിവുകള്‍ പ്രദര്‍ശിപ്പിക്കാതെ എന്തെങ്കിലും പറയുമ്പോഴെല്ലാം, അവന്‍/അവള്‍ കള്ളം പറയുകയാണെന്ന് നിങ്ങള്‍ക്ക് സൗകര്യപൂര്‍വ്വം പറയാം. ഇത് അവനെ കൂടുതല്‍ പ്രകോപിപ്പിക്കും.

(5) നിങ്ങളുടെ സംസാരത്തിനിടയിലോ മറുപടിയിലോ ഒരു മതേതരവാദി/മുസ്ലിം ബുദ്ധിജീവി നിങ്ങളെ തടസ്സപ്പെടുത്താനോ ചെറിയ തോതില്‍ ശല്യപ്പെടുത്താനോ ശ്രമിച്ചാല്‍, അവന്റെ/അവളുടെ പെരുമാറ്റം ഉടന്‍ തന്നെ അവനോട്/അവളോട് ‘നിങ്ങളുടെ രീതി പരിഷ്‌കൃതമല്ലെന്നും, ശരിയായി പെരുമാറണമെന്നും പറയുക (ഉറക്കെ, കര്‍ക്കശമായി. ചുറ്റുമുള്ള ആളുകള്‍ക്ക് മനസ്സിലാകും). എന്നിരുന്നാലും, അവന്‍/അവള്‍ നിങ്ങളെ തടസ്സപ്പെടുത്തുന്നത് തുടരുകയാണെങ്കില്‍, നിങ്ങള്‍ സംസാരിക്കുന്നത് തുടരുക, ഉച്ചത്തില്‍ സംസാരിക്കുക. മതേതരവാദിയുടെ ഊഴം വരുമ്പോള്‍ നിങ്ങള്‍ അവനെ/അവളെ സമാനമായ രീതിയില്‍ ശല്യപ്പെടുത്തുക. ഒരു കാര്യം ഓര്‍ക്കുക: നമ്മള്‍ മതേതരവാദികളുമായോ മുസ്ലീം ബുദ്ധിജീവികളുമായോ പ്രചരണ യുദ്ധത്തിലാണ്, എല്ലാ യുദ്ധത്തിന്റെയും ഒരേയൊരു നൈതികത വിജയം മാത്രമാണ്.

(6) സെക്യുലറിസ്റ്റുകള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ കരുതുന്ന ചില ചോദ്യങ്ങള്‍ എപ്പോഴും തയ്യാറാക്കി നിര്‍ത്തുക. ആദ്യ അവസരത്തില്‍ തന്നെ ജനക്കൂട്ടത്തിലേക്ക് ചോദ്യങ്ങള്‍ എറിയുക. തുടര്‍ന്ന് നിങ്ങളുടെ എതിരാളിയില്‍ നിന്ന് ഉത്തരം ആവശ്യപ്പെടുക. മതേതരവാദി/മുസ്ലിം ആ ചോദ്യങ്ങള്‍ അപ്രസക്തമാണെന്ന് പറഞ്ഞ് മറികടക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇവ തികച്ചും പ്രസക്തമാണെന്നും മതേതരവാദി/മുസ്ലിം അതിന് ഉത്തരം നല്‍കാത്തത് ബൗദ്ധികമായി സത്യസന്ധതയില്ലാത്തതിനാലും അതിന് ഉത്തരം നല്‍കാന്‍ കഴിവില്ലാത്തതിനാലുമാണ് എന്നും സ്ഥാപിച്ചെടുക്കുക. അവര്‍ തെറ്റായ ഉത്തരം നല്‍കിയാല്‍, നിങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുടെ ഉത്തരം (ആള്‍ക്കൂട്ടത്തിന്) നല്‍കുകയും അവന്‍/അവള്‍ കള്ളം പറയുകയാണെന്ന് പറയുകയും ചെയ്യുക.

ഉദാഹരണം: പൊതു സിവില്‍ കോഡ്, മുസ്ലീങ്ങളുടെ ബഹുഭാര്യത്വം. അവര്‍ ഖുറാന്‍ വായിച്ചിട്ടുണ്ടോ എന്നും ചോദിക്കുക. അവര്‍ അതെ എന്ന് പറയും, അപ്പോള്‍ നിങ്ങള്‍ ഉടന്‍ ചോദിക്കും ഏത് വിവര്‍ത്തനം, ഏത് പ്രസിദ്ധീകരണം. നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് ആയത്തുകള്‍ ഉദ്ധരിച്ച് അവരോട് അതിനെക്കുറിച്ച് അവര്‍ക്ക് എന്താണ് തോന്നുന്നതെന്ന് ചോദിക്കുക (ഉദാഹരണം: 3/151; 8/12; 9/5; 5/14, 51; 3/85; 4/48 മുതലായവ).

നിങ്ങള്‍ക്ക് അവരോട് മറ്റ് പ്രശ്‌നങ്ങളും ചോദിക്കാം; ഗുജറാത്തിലെ മുസ്ലീം അഭയാര്‍ത്ഥി ക്യാമ്പുകളോട് അവര്‍ക്ക് അതിയായ ഭ്രമമുണ്ട്, എന്നാല്‍ അവിടെയുള്ള ഹിന്ദു അഭയാര്‍ത്ഥി ക്യാമ്പുകളെ കുറിച്ച് അവര്‍ ഒരിക്കലും പരാമര്‍ശിച്ചിട്ടില്ല. കശ്മീരി ഹിന്ദു അഭയാര്‍ഥികളുടെ പ്രശ്‌നവും ഉന്നയിക്കുക.
(7) ഏത് സംവാദത്തിലും, എപ്പോഴും ആക്രമണാത്മക മാനസികാവസ്ഥയിലായിരിക്കുക, ഒന്നിനും മാപ്പ് പറയരുത്. മതേതര/മുസ്ലിമിനോട് കഴിയുന്നത്ര ലജ്ജാകരമായ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക.

(തുടരും)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.