...
Home News Kerala ‘അഭിമന്യു വധക്കേസ്’: സാക്ഷികൾ കൂറുമാറിയെന്ന വാർത്തകൾ അടിസ്ഥാന രഹിതം; പ്രോസിക്യൂഷൻ കേസ് ശക്തമെന്ന് അഭിഭാഷക പിഎം...

‘അഭിമന്യു വധക്കേസ്’: സാക്ഷികൾ കൂറുമാറിയെന്ന വാർത്തകൾ അടിസ്ഥാന രഹിതം; പ്രോസിക്യൂഷൻ കേസ് ശക്തമെന്ന് അഭിഭാഷക പിഎം ആതിര

വിചാരണയുടെ യഥാർഥ പുരോഗതി മനസ്സിലാക്കണമെന്നും ആതിരയുടെ കുറിപ്പ് വ്യക്തമാക്കുന്നു.

12

കൊച്ചി: അഭിമന്യു വധക്കേസിൽ ആറ് സാക്ഷികൾ കൂറുമാറിയെന്ന വാർത്തകൾക്കിടെ പ്രചാരണങ്ങൾ തള്ളി അഭിഭാഷക പി.എം. ആതിര. കൂറുമാറിയെന്ന് പറയപ്പെടുന്ന സാക്ഷികൾ കേസിലെ പ്രധാന സാക്ഷികളല്ലെന്നും, വിചാരണ നടപടികൾ പുരോഗമിക്കുന്നതിനനുസരിച്ച് പ്രോസിക്യൂഷൻ കേസ് കൂടുതൽ ശക്തമായിട്ടുണ്ടെന്നുമാണ് ആതിരയുടെ പ്രതികരണം. വിചാരണ ആരംഭിച്ച ദിവസം മുതൽ എറണാകുളം ജില്ലാ കോടതിയിലെ നടപടികൾ നേരിട്ട് നിരീക്ഷിക്കുന്ന വ്യക്തിയെന്ന നിലയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

കേസിലെ പ്രധാനപ്പെട്ട ഏഴ് സാക്ഷികൾ പ്രതിഭാഗം അഭിഭാഷകരുടെ നീണ്ട ക്രോസ് വിസ്താരങ്ങൾക്കിടയിലും പ്രോസിക്യൂഷൻ മൊഴിയിൽ ഉറച്ചുനിന്നവരാണെന്ന് ആതിര ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എട്ട് വർഷത്തിന് ശേഷം, ഒരേ വേഷത്തിലും രൂപസാദൃശ്യത്തിലും കോടതിയിൽ നിരന്നുനിന്ന പതിനാറ് പ്രതികളെയും തിരിച്ചറിഞ്ഞ് മൊഴി നൽകിയവരാണ് അഭിമന്യുവിന്റെ സുഹൃത്തുക്കളെന്നും അവർ കൂട്ടിച്ചേർത്തു.

അഭിമന്യുവിനൊപ്പം കുത്തേറ്റതിനെ തുടർന്ന് ശരീരത്തിൽ 64 സ്റ്റിച്ചുകളുമായി ജീവിക്കേണ്ടിവന്ന അർജുൻ, നെതർലൻഡിലെ ജോലി പോലും ഉപേക്ഷിച്ചാണ് വിചാരണയ്ക്ക് ഹാജരായി മൊഴി നൽകിയത്. ബോബിൻസ്, സുബിമോൻ, രണ്ട് രാഹുൽമാർ, നന്ദു, കുത്തേറ്റ വിനീത് എന്നിവരും വിചാരണയിൽ നിർണായകമായ മൊഴികൾ നൽകിയവരാണെന്ന് ആതിര ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ അവർ നടത്തിയ പ്രതികരണങ്ങൾ അവരുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും അവർ പറഞ്ഞു.

അതേസമയം, കൂറുമാറിയെന്ന് വാർത്തകളിൽ പറയുന്ന സാക്ഷികൾ കേസിലെ പ്രധാന അഥവാ മെറ്റീരിയൽ സാക്ഷികളല്ലെന്നാണ് ആതിരയുടെ വിശദീകരണം. പ്രതികളുടെ വാഹന ഉടമസ്ഥത, ഫോൺ നമ്പറുകൾ, വീടുകളിൽ നടത്തിയ പൊലീസ് പരിശോധന എന്നിവയുമായി ബന്ധപ്പെട്ട് മൊഴി നൽകാനെത്തിയവരാണ് ഇവരിൽ പലരും. പ്രതികളിൽ ഒരാളുടെ ഭാര്യ, അയൽവാസികൾ, സഹപ്രവർത്തകൻ, വാഹനങ്ങൾ വിറ്റ സുഹൃത്തുക്കളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ എന്നിവരും ഈ പട്ടികയിലുണ്ടെന്നും അവർ വ്യക്തമാക്കി.

ഇത്തരം സാക്ഷികളിൽനിന്നുപോലും കേസിന് ആവശ്യമായ വിവരങ്ങൾ ക്രോസ് വിസ്താരത്തിലൂടെ പുറത്തുകൊണ്ടുവരാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മോഹൻരാജിന് സാധിച്ചിട്ടുണ്ടെന്നും ആതിര പറഞ്ഞു. പ്രോസിക്യൂട്ടറുടെ അനുഭവസമ്പത്തും സമർപ്പണവും കേസിനെ കോടതിയിൽ ശക്തമായ നിലയിലെത്തിക്കാൻ സഹായിച്ചു. അഭിമന്യുവിന്റെ കുടുംബത്തിനുവേണ്ടി അഡ്വ. കെ.എസ്. അരുണ്‍കുമാറും അദ്ദേഹത്തിന്റെ ഓഫീസും വിചാരണ നടപടികളിൽ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കൂറുമാറിയെന്ന വാർത്തകളുടെ പേരിൽ അഭിമന്യുവിനെ സ്നേഹിക്കുന്നവരും എസ്എഫ്ഐ പ്രവർത്തകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിചാരണ ഇതുവരെ മുന്നോട്ടുപോയ രീതി നീതി ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നതാണെന്നും ആതിര വ്യക്തമാക്കി.

അതിനിടെ, അഭിമന്യു വധക്കേസിൽ ആറ് സാക്ഷികൾ കൂറുമാറിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അവർ എസ്എഫ്ഐ പ്രവർത്തകരാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഇത്തരം ആരോപണങ്ങൾ പ്രചരിച്ചത്. ‘കൂടെ കൊണ്ടുനടന്ന് തീർത്തു, എന്നിട്ട് ഇപ്പോൾ വീണ്ടും ഒറ്റിക്കൊടുക്കുന്നു, എസ്എഫ്ഐയൊക്കെ എസ്ഡിപിഐയുടെ അടിമകളാണ്’ എന്ന തരത്തിലുള്ള പരാമർശങ്ങളും ചില പോസ്റ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ, കൂറുമാറിയെന്ന് പറയപ്പെടുന്ന സാക്ഷികളുടെ പശ്ചാത്തലവും കേസിലെ അവരുടെ പങ്കും സംബന്ധിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും വിചാരണയുടെ യഥാർഥ പുരോഗതി മനസ്സിലാക്കണമെന്നും ആതിരയുടെ കുറിപ്പ് വ്യക്തമാക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.