സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും സനൽകുമാർ ശശിധരൻ നിരന്തരം തന്നെ അപമാനിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാര്യർ കേസ് ഫയൽ ചെയ്തത്.
മഞ്ജു വാര്യരെ അപമാനിക്കുന്ന വിധത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നിരാഹാരമിരിക്കുകയാണ് സനൽകുമാർ ശശിധരൻ. ഇതിനെത്തുടർന്നാണ് മഞ്ജു വാര്യർ കേസുമായി കോടതിയെ സമീപിച്ചത്. സനൽകുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് മഞ്ജു വാര്യർ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കെതിരെയുള്ള സനൽകുമാറിന്റെ സമൂഹികമാധ്യമ പോസ്റ്റുകൾ നീക്കണമെന്നുള്ള ആവശ്യങ്ങളടക്കം ഉൾപ്പെടുത്തിക്കൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്.
രണ്ടാം പ്രതി ഷാജൻ സ്കറിയ, മൂന്നാം പ്രതി മെറ്റ
മഞ്ജു വാര്യർക്കെതിരായ അപകീർത്തി പ്രചാരണങ്ങൾക്ക് തടയിടാൻ കോടതി പ്രതികൾക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു. ഒന്നാം പ്രതി സനൽകുമാറും രണ്ടാം പ്രതി ഷാജൻ സ്കറിയയുമാണ്. മെറ്റയാണ് മൂന്നാം പ്രതി. ഈ മാസം 30ന് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്.
ഉയർത്തുന്നത് ഗുരുതര ആരോപണങ്ങൾ
നടി മഞ്ജു വാര്യർ മറ്റാരുടെയോ നിയന്ത്രണത്തിലും തടവറയിലുമാണെന്ന ഗുരുതര ആരോപണങ്ങളാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ ഉയർത്തുന്നത്. തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും 2018-ലാണ് മഞ്ജു തന്നെ ബന്ധപ്പെടാൻ തുടങ്ങിയതെന്നും ഇയാൾ പറയുന്നു. പിന്നീട് തങ്ങൾ തമ്മിലുള്ള ആശയവിനിമയം പെട്ടെന്ന് തടസ്സപ്പെട്ടതോടെയാണ് താരം ഏതെങ്കിലും ശക്തികളുടെ കെണിയിലാണെന്ന സംശയം ഉയർന്നതെന്നും തുടങ്ങിയ ആരോപണങ്ങളാണ് സനൽ കുമാർ ഉയർത്തുന്നത്.
തുടക്കത്തിൽ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നെന്നും രാത്രികാലങ്ങളിലെ സംഭാഷണങ്ങൾക്കിടയിൽ മഞ്ജു മയക്കുമരുന്നുകളോ സെഡേറ്റീവുകളോ ഉപയോഗിക്കുന്നതായി തനിക്ക് അനുഭവപ്പെട്ടെന്നും തുടങ്ങി വ്യക്തിഹത്യ നടത്തുന്ന ആരോപണങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഉന്നയിച്ചു. തങ്ങൾ സംസാരിക്കുന്നത് മറ്റാരെങ്കിലും അറിയുകയാണെങ്കിൽ ആ നിമിഷം താൻ കൊല്ലപ്പെടുമെന്ന് മഞ്ജു വാര്യർ പറഞ്ഞതായി സനൽ കുമാർ അവകാശപ്പെടുന്നു. ഈ വിവരങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞപ്പോൾ മഞ്ജു പരിഭ്രാന്തയാവുകയും തനിക്ക് നാല് വർഷത്തേക്ക് അനങ്ങാൻ കഴിയില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തതായി ഇയാൾ പറയുന്നു.
മഞ്ജുവുമായുള്ള ഫോൺ സംഭാഷണങ്ങളുടെ വോയ്‌സ് റെക്കോർഡുകൾ അവരുടെ സഹോദരനും അമ്മയ്ക്കും അടുത്ത സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തിരുന്നുവെന്നും എന്നാൽ ഈ ശബ്ദരേഖകൾ അയച്ച് പത്ത് മിനിറ്റിനുള്ളിൽ തന്റെ വാട്‌സ്ആപ്പും സിസ്റ്റവും പൂർണ്ണമായി ബ്ലോക്ക് ചെയ്യപ്പെട്ടതായും ഇയാൾ ആരോപിച്ചു. തുടർന്ന് സാമൂഹിക പ്രവർത്തകനായ കെ.എം. ഷാജഹാനെ വിളിച്ച് കാര്യം അറിയിച്ച ശേഷമാണ് ഈ വിവരങ്ങൾ ഫേസ്ബുക്കിലൂടെ പരസ്യമാക്കാൻ തീരുമാനിച്ചതെന്നും ഇയാൾ പറഞ്ഞു.
2021 ഡിസംബറിൽ ഹിമാലയൻ സിനിമാ ചിത്രീകരണ അനുഭവങ്ങളെക്കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് തൊട്ടടുത്ത ദിവസം അരൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഭീഷണി കോളുകൾ വന്നതായി സനൽ കുമാർ ആരോപിക്കുന്നു. മഞ്ജു വാര്യരെക്കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതരുതെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഇതിനുശേഷമാണ് താരം വലിയൊരു ആപത്തിലാണെന്ന് ഉറപ്പിച്ച് നേരിട്ട് കാണാനായി കോട്ടയത്തേക്ക് തിരിക്കാൻ തീരുമാനിച്ചതെന്നും ഇയാൾ പറയുന്നു.
2025 സെപ്റ്റംബറിൽ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ മുംബൈയിൽ വെച്ച് രഹസ്യമായി കസ്റ്റഡിയിലെടുക്കാൻ ശ്രമമുണ്ടായതായി സനൽ കുമാർ ആരോപിക്കുന്നു. പിന്നീട് നാട്ടുകാർ അറിഞ്ഞതോടെ ഇളമക്കര പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ജപ്പാൻ വിസയെക്കുറിച്ചും ജപ്പാനിലേക്ക് പോകുന്നുണ്ടോ എന്നും പോലീസ് വിശദമായി ചോദ്യം ചെയ്തതായും ഇയാഴ്‍ പറയുന്നു. ആ സമയത്ത് മഞ്ജു വാര്യർ ജപ്പാനിലായിരുന്നതിനാൽ തങ്ങൾ പരസ്പരമുള്ള കൂടിക്കാഴ്ച ഒഴിവാക്കാൻ പോലീസ് ശ്രമിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ വാദം.
സഹോദരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച സനൽ
2020ഓടെയാണ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റുന്ന പോസ്റ്റുകൾ ഇയാൾ പങ്കുവെച്ചുതുടങ്ങിയത്. തന്റെ സഹോദരിയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അവയവ മാഫിയയിലേക്ക് വിരൽചൂണ്ടുന്ന പോസ്റ്റായിരുന്നു ആദ്യകാലത്ത് പ്രത്യക്ഷപ്പെട്ടത്.
കോവിഡ് പോസിറ്റീവായി മരിച്ച തന്റെ അച്ഛന്റെ സഹോദരിയുടെ മകളുടെ കരൾ ആരുമാറിയാതെ വിറ്റുവെന്നും പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം ദഹിപ്പിക്കാൻ പൊലീസുകാർ ഒരുങ്ങിയെന്നും പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം ദഹിപ്പിക്കുകയാണെങ്കിൽ തെളിവ് നശിപ്പിക്കുന്നതിന് കാരണമാവുമെന്നും ലിവർ ആണോ മറ്റ് ഏതെങ്കിലും അവയവങ്ങൾ വിറ്റിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട് തുടങ്ങി ഗുരുതര ആ രോപണങ്ങളായിരുന്നു അന്ന് ഉന്നയിച്ചത്.
കോഴിക്കോട് കൊല്ലപ്പെട്ട ട്രാൻസ്‌ജെൻഡർ ശാലുവിന്റെ മരണവുമായി ബന്ധപ്പെട്ടും സനൽ കുമാർ ശശിധരൻ ആരോപണങ്ങൾ ഉയർത്തിയിരുന്നു. സ്വന്തം ജീവിതം അപകടത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ കാഴ്ച്ച ഫിലിം ഫോറത്തിൽ അന്വേഷണം നടത്തണമെന്നും ഇയാൾ ആരോപണം ഉന്നയിച്ചിരുന്നു. സനൽ കുമാർ ശശിധരൻ കാഴ്ച്ച ഫോറത്തിലെ മുൻ അംഗമായിരുന്നു. ഷാലുവിന്റെ മൃതദേഹം പൊതിഞ്ഞ നിലയിൽ കാണപ്പെട്ട ബെഡ്ഷീറ്റ് കാഴ്ചയുടെ ഓഫീസിൽ ഉണ്ടായിരുന്ന ബെഡ് ഷീറ്റുമായി സാമ്യമുണ്ടെന്നും കാഴ്ച്ചയുടെ ഓഫിസിൽ അനാശ്യാസ്യപ്രവർത്തനങ്ങൾ നടന്നിരുന്നതായും സനൽ ആരോപിച്ചിരുന്നു.
2022ഓടെയാണ് മഞ്ചുവിനെ അപമാനിക്കുന്ന വിധത്തിലുള്ള പോസ്റ്റുകൾ ഇയാൾ പങ്കുവെച്ചുതുടങ്ങിയത്. പിന്തുടർന്ന് ശല്യം ചെയ്‌തെന്ന പരാതിയിൽ ഇയാളെ പോലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു. ”എന്റെ ജീവൻ അപകടത്തിലാണ്. പോലീസാണെന്ന് പറഞ്ഞ് ഗുണ്ടകൾ പിടിച്ചുകൊണ്ടുപോയി കൊല്ലാൻ നോക്കുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നു. എന്റെ മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നു. കാറിന്റെ താക്കോൽ തട്ടിപ്പറിച്ചു വാങ്ങാൻ ശ്രമിക്കുന്നു. മഞ്ജുവിന്റെ പരാതിയുമായി ബന്ധപ്പെട്ട് എന്നെ പോലീസ് ബന്ധപ്പെട്ടിട്ടില്ല. ഞാൻ ഒളിവിലല്ല. കേസുണ്ടെങ്കിൽ പോലീസ് എന്നെ അറസ്റ്റ് ചെയ്യണം. ” അന്ന് ഫെയ്സ്ബുക്ക് ലൈവിൽ സനൽ ആരോപിച്ചു. മഞ്ജു വാര്യരോട് പ്രണയാഭ്യർഥന നടത്തിയിട്ടുണ്ട് എന്നാൽ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ലെന്നായിരുന്നു ഇയാൾ പിന്നീട് പ്രതികരിച്ചത്.
സ്വപ്നയെ പ്രശംസിച്ച് സനൽ
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ പ്രശംസിച്ചും ഇയാൾ പോസ്റ്റ് പങ്കുവെച്ചിരുന്നു. അനീതിക്കെതിരെ പോരാടുന്ന ഒരു ഒറ്റയാൾ പട്ടാളമായി മാറിക്കഴിഞ്ഞ താങ്കൾക്കുള്ള പിന്തുണ സ്വകാര്യമായല്ല പരസ്യമായി ആണ് അറിയിക്കേണ്ടതെന്നും കരുതുന്നത് കൊണ്ടാണ് ഫെയ്‌സ്ബുക്കിൽ കുറിക്കുന്നതെന്നും സനൽകുമാർ കുറിച്ചു. ആജീവനാന്തം നിങ്ങളെ ചൂഷണം ചെയ്ത ശക്തികൾക്ക് ഒത്താശ ചെയ്ത് സസുഖം വാഴമായിരുന്നു. നിങ്ങൾ സ്വന്തം ജീവൻ പണയംവെച്ചും സത്യത്തിനും നീതിക്കും വേണ്ടി നിലപാടെടുത്തു എന്നത് ഈ സമൂഹത്തിന് നൽകുന്ന പ്രത്യാശ പറഞ്ഞറിയിക്കാനില്ലെന്നും കുറിപ്പിൽ പറയുന്നു.
അർജുൻ ആയങ്കിക്കും പിന്തുണ
ആഭ്യന്തരവകുപ്പിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്ക് പിന്തുണയുമായും ഇയാൾ രംഗത്തെത്തിയിരുന്നു. അർജുൻ ആയങ്കിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. തനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണെന്നും സനൽ കുമാർ കുറിച്ചു. ഇതിന് മറുപടിയുമായി അർജുനും രംഗത്തെത്തി. ഒരു ഹാർട്ട് ഇമോജിയാണ് അർജുൻ കമന്റായി പോസ്റ്റ് ചെയ്തത്.


