...
Home News Kerala മുണ്ടക്കൈ- ചൂരല്‍മല ദുരിതബാധിതര്‍ക്ക് രണ്ട് ലക്ഷം അധിക ധനസഹായം; ലഹരി കേസിൽ പ്രതികളെ അറിയാമെന്ന് മുഖ്യമന്ത്രി

മുണ്ടക്കൈ- ചൂരല്‍മല ദുരിതബാധിതര്‍ക്ക് രണ്ട് ലക്ഷം അധിക ധനസഹായം; ലഹരി കേസിൽ പ്രതികളെ അറിയാമെന്ന് മുഖ്യമന്ത്രി

വാര്‍ത്ത പിന്‍വലിച്ച വിഷയത്തിൽ മാധ്യമങ്ങൾ പരാതി നൽകിയാൽ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി

3

മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ അധിക ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പിഎംഎവൈ പദ്ധതി നഗരം 2 നടപ്പാക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന വീട്ടില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കില്ലെന്നും എന്നാല്‍ പദ്ധതിയുടെ എംബ്ലം വെക്കണമെന്ന നിര്‍ദേശം ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മന്ത്രിസഭാ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ

  • ബോണസ് മാർഗനിർദേശം: കേരളത്തിലെ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
  • വിഴിഞ്ഞം തുറമുഖം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള ചരക്കുനീക്കത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും 2026 ആഗസ്റ്റ് 18-ന് ആരംഭിക്കും. ഇതുവരേയും പോര്‍ട്ട് കേന്ദ്രീകരിച്ചുനടന്നത് ട്രാന്‍ഷിപ്പ്‌മെന്റ് മാത്രമാണെന്നും, തുറമുഖത്തിന്റെ ഗുണഫലങ്ങള്‍ നേരിട്ട് നാടിന് ലഭിക്കുന്ന സുപ്രധാന ചുവടുവെപ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
  • മറ്റ് പ്രഖ്യാപനങ്ങൾ: ഖനന നിയമഭേദഗതി സംസ്ഥാനത്തെ ബാധിക്കുമെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കാന്‍ അടുത്തയാഴ്ച യോഗം ചേരുമെന്നും കുടുംബങ്ങളെ എല്ലാ രീതിയിലും സഹായിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ലഹരി കേസ് പ്രതികളുമായുള്ള ബന്ധത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം

കാസര്‍കോട് ലഹരി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് ഹുസൈനെയും അബ്ദുള്‍ സലാമിനെയും തനിക്ക് നേരിട്ട് അറിയാമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി.

എന്നാല്‍ തനിക്ക് ഔദ്യോഗികമായി സോഷ്യല്‍ മീഡിയ ടീമില്ലെന്നും, അറസ്റ്റിലായവർ തന്റെ സോഷ്യല്‍ മീഡിയ ടീമിൽ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാർത്ത നീക്കം ചെയ്ത സംഭവത്തിൽ പ്രതികരണം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായ വാര്‍ത്ത മെറ്റ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

  • മത്സ്യത്തൊഴിലാളി മേഖലയിലെ വിഷയങ്ങളില്‍ ഇടപെട്ടതിനെ അഭിനന്ദിച്ച് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് നടത്തിയ പ്രസംഗം മുതൽ തെലങ്കാന, ഹിമാചൽപ്രദേശ് മുഖ്യമന്ത്രിമാരുടെ വാര്‍ത്തകള്‍ വരെ ഫേസ്ബുക്കിൽ നിന്ന് റിമൂവ് ചെയ്യപ്പെട്ടിട്ടുണ്ട്. മെറ്റയുടെ പോളിസിയിലുള്ള മാറ്റമാകാം ഇതിന് കാരണമെന്നും, വാര്‍ത്ത പിന്‍വലിച്ച വിഷയത്തിൽ മാധ്യമങ്ങൾ പരാതി നൽകിയാൽ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.