കേരള സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലും ഭരണ പ്രതിസന്ധി. പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം മരവിപ്പിച്ച കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് നടപ്പായില്ല. ഭൂരിഭാഗം മെഡിക്കൽ കോളജുകളിലും ചുമതലയിലുള്ളത് പഴയ സർക്കാർ ഉത്തരവ് പ്രകാരമുള്ള പ്രിൻസിപ്പൽമാരാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. സർക്കാർ നിയോഗിച്ച പ്രിൻസിപ്പൽ ഡോക്ടർ ഇന്ദു പിഎസ് സ്ഥാനമേറ്റെടുക്കാൻ തയ്യാറാകാത്തതാണ് കാരണം.
രണ്ട് പ്രിൻസിപ്പൽമാർ നൽകിയ പരാതിയെ തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവ് ട്രിബൂണൽ മരവിപ്പിച്ചത്. ട്രൈബ്യൂണൽ ഉത്തരവ് സംസ്ഥാന സർക്കാർ അംഗീകരിക്കാൻ തയാറായിട്ടില്ല. സ്ഥലം മാറ്റം ചോദ്യം ചെയ്‌ത് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി മണിക്കൂറുകൾക്കകമാണ് നടപടി മരവിപ്പിച്ചിരുന്നത്.
മെഡിക്കൽ കോളജുകളിലെ സൂപ്രണ്ടുമാരെ മാറ്റി ഉത്തരവിറക്കിയിരുന്നു. 25 ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിച്ചത്. സൂപ്രണ്ടുമാർക്ക് പുറമേ ഡെപ്യൂട്ടി സൂപ്രണ്ടുമാർക്കും ആർഎംഒമാർക്കും മാറ്റമുണ്ട്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സ്ഥലം മാറ്റത്തിന് പിന്നാലെയായിരുന്നു സൂപ്രണ്ടുമാരെയും മാറ്റി ഉത്തരവിറിക്കിയിരുന്നത്.


