നഗരത്തിൻ്റെ പുരാതന ചരിത്രത്തെ ആദരിക്കുന്നതിനായി ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംപി പ്രവീൺ ഖണ്ഡേൽവാൾ ബുധനാഴ്‌ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.
“നമ്മുടെ ദേശീയ തലസ്ഥാനമായ ഡൽഹിയുടെ സ്വത്വവുമായി ബന്ധപ്പെട്ട ചരിത്രപരവും നാഗരികവുമായ പ്രാധാന്യമുള്ള ഒരു വിഷയത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഞാൻ എഴുതുന്നത്. ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളിൽ ഒന്നിൻ്റെ തലസ്ഥാനമെന്ന നിലയിൽ, നഗരത്തിൻ്റെ പേര് അതിൻ്റെ യഥാർത്ഥ ചരിത്ര വേരുകളെയും സാംസ്കാരിക പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നത് ഉചിതമാണ്,” -എന്ന് പ്രവീൺ ഖണ്ഡേൽവാൾ എഴുതിയ കത്തിൽ പറയുന്നു.
“ചരിത്ര സാഹിത്യം, പുരാവസ്തു കണ്ടെത്തലുകൾ, ദീർഘകാല നാഗരിക പാരമ്പര്യങ്ങൾ എന്നിവ സ്ഥാപിക്കുന്നത് ഇന്നത്തെ ഡൽഹി, മഹാഭാരതത്തിൽ വിവരിച്ചിരിക്കുന്നത് പോലെ പാണ്ഡവർ സ്ഥാപിച്ച മഹത്തായ തലസ്ഥാനമായ പുരാതന നഗരമായ ഇന്ദ്രപ്രസ്ഥവുമായി യോജിക്കുന്നു എന്നാണ്. ആധുനിക ഡൽഹിയുടെ ഭൂമിശാസ്ത്രപരമായ പശ്ചാത്തലവുമായി കൃത്യമായി പൊരുത്തപ്പെടുന്ന, യമുന നദിയുടെ തീരത്ത് നിർമ്മിച്ച ഒരു മനോഹരമായ നഗരമായിട്ടാണ് ഇതിഹാസം ഇന്ദ്രപ്രസ്ഥത്തെ വിശേഷിപ്പിക്കുന്നത്,” -അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിലേക്ക്…
കേരളത്തിന് സമാനമായ ഒരു നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്ന്, പശ്ചിമ ബംഗാൾ സർക്കാരിൻ്റെ ആവശ്യം കേന്ദ്രം അംഗീകരിക്കണമെന്ന് ജമ്മു കാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കി മാറ്റാനുള്ള കേരള സർക്കാരിൻ്റെ നിർദ്ദേശത്തിന് ചൊവ്വാഴ്‌ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
കേരളത്തിനായുള്ള നീക്കം നടന്നിട്ടും, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തൻ്റെ സംസ്ഥാനത്തിൻ്റെ പേരുമാറ്റ നിർദ്ദേശം വളരെക്കാലമായി കേന്ദ്രത്തിൽ തീർപ്പാക്കാതെ കിടക്കുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ചു.
“മറ്റ് സംസ്ഥാനങ്ങളും പേരുമാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ നിയമസഭ സംസ്ഥാനത്തിൻ്റെ പേരുമാറ്റാൻ ശ്രമിക്കുകയാണെങ്കിൽ, കേന്ദ്രം ഈ ആവശ്യം അംഗീകരിക്കണം” എന്ന് ഒരു പരിപാടിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അബ്ദുള്ള പറഞ്ഞു. “ഭാവിയിൽ ജമ്മു കാഷ്‌മീർ നിയമസഭയിൽ സമാനമായ ഒരു നിർദ്ദേശം അവതരിപ്പിക്കുക ആണെങ്കിൽ, കേന്ദ്രവും അത് പരിഗണിക്കണം,” -അദ്ദേഹം കൂട്ടിച്ചേർത്തു.
2016ൽ പശ്ചിമ ബംഗാൾ സർക്കാർ മൂന്ന് പേരുകൾ നിർദ്ദേശിച്ചു: ബംഗാളിയിൽ ബംഗ്ല, ഇംഗ്ലീഷിൽ ബംഗാൾ, ഹിന്ദിയിൽ ബംഗാൾ എന്നിങ്ങനെ.



