...
Home News National സോഷ്യൽ മീഡിയയിൽ പ്രായപരിധി വരുന്നു: കുട്ടികളെ സുരക്ഷിതരാക്കാൻ കേന്ദ്രം കടുത്ത നടപടിയിലേക്ക്

സോഷ്യൽ മീഡിയയിൽ പ്രായപരിധി വരുന്നു: കുട്ടികളെ സുരക്ഷിതരാക്കാൻ കേന്ദ്രം കടുത്ത നടപടിയിലേക്ക്

നെറ്റ്ഫ്ളിക്സ്, യുറ്റ്യൂബ്, മെറ്റ, എക്സ് തുടങ്ങിയ ആഗോള ടെക് ഭീമന്മാർ ഇന്ത്യയിലെ നിയമങ്ങളും ഭരണഘടനാ തത്ത്വങ്ങളും നിർബന്ധമായും പാലിക്കണമെന്ന് കേന്ദ്രം കർശന നിർദ്ദേശം നൽകി.

221

വിദേശ രാജ്യങ്ങളുടെ മാതൃകയിൽ ഇന്ത്യയിലും സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിന് പ്രായപരിധി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഗൗരവകരമായ തയ്യാറെടുപ്പുകൾ നടത്തുന്നു. കുട്ടികളെയും സമൂഹത്തെയും ഓൺലൈൻ വഴിയുള്ള ദുരുപയോഗങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രായപരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്‌ഷൻ ചട്ടക്കൂട് പ്രകാരം 18 വയസ്സിൽ താഴെയുള്ളവരെ കുട്ടികളായിട്ടാണ് നിർവചിച്ചിരിക്കുന്നത്. ഈ അടിസ്ഥാനത്തിൽ പ്രായപരിധി നിശ്ചയിക്കുന്നതിലെ വ്യത്യാസങ്ങൾ ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ നിലവിലുള്ളതിന് സമാനമായ നിയന്ത്രണങ്ങൾ ഇന്ത്യയിലും കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്.

നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന ഡീപ്പ്‌ഫെയ്ക്ക് പ്രശ്നങ്ങൾ തടയാൻ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആന്ധ്രപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ ഇപ്പോൾ പഠനം നടത്തിവരികയാണ്. ഡീപ്പ്‌ഫെയ്ക്കിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിന് പാർലമെന്ററി സമിതിയും വിശദമായ പഠനം നടത്തി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

നെറ്റ്ഫ്ളിക്സ്, യുറ്റ്യൂബ്, മെറ്റ, എക്സ് തുടങ്ങിയ ആഗോള ടെക് ഭീമന്മാർ ഇന്ത്യയിലെ നിയമങ്ങളും ഭരണഘടനാ തത്ത്വങ്ങളും നിർബന്ധമായും പാലിക്കണമെന്ന് കേന്ദ്രം കർശന നിർദ്ദേശം നൽകി. ഇന്ത്യയുടെ സാംസ്കാരിക പശ്ചാത്തലം ഉൾക്കൊള്ളാൻ ഇത്തരം കമ്പനികൾ തയ്യാറാകണം. ഡീപ്പ്‌ഫെയ്ക്ക് പോലെയുള്ള സാങ്കേതിക വെല്ലുവിളികളെ നേരിടാൻ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് ഡൽഹിയിൽ നടന്ന എ.ഐ. ഉച്ചകോടിയിൽ മന്ത്രി ആവർത്തിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.