കൊച്ചി: ജുവനൈൽ കേസുകളിൽ പ്രായപരിധി 18 വയസ്സിൽ നിന്ന് 16 ആയി കുറയ്ക്കുന്ന കാര്യം നിയമനിർമാണ സഭകൾ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. 16 വയസ്സാകുമ്പോഴേക്കും കുട്ടികൾ കാര്യമായ പക്വത കൈവരിക്കുന്നുണ്ടെന്നും പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളെ ഗൗരവത്തോടെ കാണണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു.
പ്രായം കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള പഴുതായി മാറുന്ന സാഹചര്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
നെടുമ്പാശ്ശേരിയിൽ നടന്ന മിനി കൂപ്പർ അപകടവും കോടതി പരാമർശിച്ചു. 18 വയസ്സിന് താഴെയുള്ളവർ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുണ്ടായ മാരകമായ അപകടങ്ങളും കോടതി ചൂണ്ടിക്കാട്ടി.
കേരള അബ്കാരി നിയമത്തിലെ 15A, 15B വകുപ്പുകൾ പ്രകാരം 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ബാറുകളിലും മറ്റ് സ്ഥാപനങ്ങളിലും നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ടെന്നാണ് ഹർജിയിലെ ആരോപണം.
നിയമത്തിൽ വ്യക്തമായ വിലക്കുകൾ നിലനിൽക്കുമ്പോഴും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യം പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ കൂടുതൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.


