മനുഷ്യരുടെ കണ്ണിൽനിന്നല്ല, മറിച്ച് കൃത്രിമബുദ്ധി അഥവാ എഐ (AI) ക്യാമറകളുടെ കണ്ണുകളിൽ നിന്നും നിങ്ങളെ അപ്രത്യക്ഷമാക്കാൻ സഹായിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു ഷർട്ട് രൂപകൽപ്പന ചെയ്ത് വിസ്മയം തീർത്തിരിക്കുകയാണ് ജർമ്മൻ ഫാഷൻ ഡിസൈനറായ സൈമൺ വൈകർട്ട്. സിസിടിവി നിരീക്ഷണ ക്യാമറകൾ വ്യാപകമായി ഉപയോഗിക്കുന്ന ആധുനിക കാലത്ത് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുക എന്ന ആശയത്തിൽ നിന്നാണ് അദ്ദേഹം ഈ വസ്ത്രം നിർമ്മിച്ചിരിക്കുന്നത്. ‘ഡിജിറ്റൽ കാമോഫ്ളാഷ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വിപ്ലവകരമായ ഷർട്ട് നിലവിൽ വൻതോതിൽ ചർച്ചയായിക്കഴിഞ്ഞു.
ജർമ്മനിയിലെ ബെർലിൻ നഗരത്തിൽ സി.സി.ടി.വി. ക്യാമറാനിരീക്ഷണത്തിനായി എ.ഐ. ക്യാമറകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഡിജിറ്റൽ സ്വകാര്യത ഉറപ്പുനൽകുന്ന ഒരു വസ്ത്രം എന്ന ആശയം സൈമൺ വൈകർട്ടിന്റെ മനസ്സിൽ രൂപപ്പെടുന്നത്. ഈ ക്യാമറകൾ എത്രത്തോളം വിശ്വസനീയമാണെന്നും സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവയെ എങ്ങനെയൊക്കെ കബളിപ്പിക്കാൻ സാധിക്കുമെന്നും പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.
സാധാരണ മനുഷ്യരെപ്പോലെയല്ല നിർമ്മിതബുദ്ധി മനുഷ്യശരീരത്തെയും അവരുടെ സാന്നിധ്യത്തെയും നിരീക്ഷിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നത്. എഐ സംവിധാനങ്ങൾക്ക് ഒരു വ്യക്തിയുടെ രൂപഘടന എങ്ങനെയാണെന്ന് സ്വയം മനസ്സിലാക്കാൻ കഴിയില്ല. ലക്ഷക്കണക്കിന് ചിത്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചാണ് അവ മനുഷ്യരൂപം തിരിച്ചറിയാനുള്ള പാറ്റേണുകൾ പഠിച്ചെടുക്കുന്നത്. ഒരു വ്യക്തിയെ തിരിച്ചറിയാൻ ശരീരത്തിന്റെ ആകൃതി, അരികുകൾ, നിറങ്ങൾ, ടെക്സ്ചറുകൾ എന്നിവ പോലുള്ള ദൃശ്യസൂചനകളെയാണ് എഐ ക്യാമറകൾ പ്രധാനമായും ആശ്രയിക്കുന്നത്.
എഐ ക്യാമറകളുടെ ഈ പ്രവർത്തന രീതിയെ കൃത്യമായി മനസ്സിലാക്കിയാണ് വൈകർട്ട് തന്റെ പുതിയ ഷർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്യാമറകളുടെ ശ്രദ്ധ ആകർഷിക്കുന്ന കടുത്ത നിറങ്ങളും ഓവർലാപ്പ് ചെയ്യുന്ന വ്യത്യസ്തമായ ആകൃതികളും ഈ ഷർട്ടിൽ ഉപയോഗിച്ചിരിക്കുന്നു. കടുത്ത നിറങ്ങൾ എഐയുടെ ശ്രദ്ധ ആകർഷിക്കുമ്പോൾ, പ്രത്യേകമായ രൂപഘടനകൾ എഐ മുൻപ് പഠിച്ചുവെച്ചിരിക്കുന്ന മനുഷ്യശരീരത്തിന്റെ രൂപത്തെ തകിടം മറിക്കുന്നു. ഇത് ‘യോലോ’ (YOLO) പോലെയുള്ള മനുഷ്യനെ തിരിച്ചറിയുന്ന എഐ അൽഗോരിതങ്ങളെ വലിയ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു.
ഈ ഡിസൈൻ രൂപപ്പെടുത്താൻ വൈകർട്ടിന് സ്വന്തം തല പുകയ്‌ക്കേണ്ടി വന്നിട്ടില്ല എന്നതാണ് ഏറ്റവും രസകരമായ വസ്തുത. ഇതിനായി അദ്ദേഹം എഐയുടെ തന്നെ സഹായമാണ് തേടിയത്. എഐ രൂപപ്പെടുത്തിയ പാറ്റേണുകൾ ഡിഡക്ഷൻ സിസ്റ്റങ്ങൾ ഉപയോഗിച്ച് വീണ്ടും പരിശോധിച്ചു. സിസ്റ്റം ഒരു വ്യക്തിയെ തിരിച്ചറിയാൻ എത്രത്തോളം ബുദ്ധിമുട്ടുന്നു എന്ന് നോക്കി, അത് പൂർണ്ണമായും പരാജയപ്പെടുന്നതുവരെ പാറ്റേണുകൾ മാറ്റിമാറ്റി പരീക്ഷിച്ചാണ് ‘അഡ്വേഴ്സേറിയൽ ലൂപ്പ്’ എന്ന ഈ ഡിസൈൻ ഒടുവിൽ വികസിപ്പിച്ചെടുത്തത്.
കമ്പ്യൂട്ടർ വിഷൻ അഥവാ ദൃശ്യ സാങ്കേതികവിദ്യയെ തടസ്സപ്പെടുത്തുന്ന രീതിയിൽ വസ്ത്രങ്ങൾ നിർമ്മിക്കുന്ന ‘അഡ്വേഴ്സേറിയൽ വസ്ത്രങ്ങൾ’ വികസിപ്പിക്കുന്നതിനുള്ള ഒരു വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ് ഈ പ്രോജക്റ്റ്. എന്നാൽ ഈ ഷർട്ട് ധരിച്ചാൽ എല്ലാ സിസിടിവി ക്യാമറകളെയും പരാജയപ്പെടുത്താൻ കഴിയുമെന്നോ തിരിച്ചറിയില്ലെന്ന് ഉറപ്പുനൽകാൻ കഴിയുമെന്നോ വൈകർട്ട് അവകാശപ്പെടുന്നില്ല. മറിച്ച്, നിലവിലുള്ള എഐ സാങ്കേതികവിദ്യയിലെ ബലഹീനതകളും സുരക്ഷാ പഴുതുകളും തുറന്നുകാട്ടുക മാത്രമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വിപണിയിൽ ഈ പുതിയ ഷർട്ടിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏകദേശം 65 പൗണ്ട് അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 8,300 രൂപയോളമാണ് ഈ അത്ഭുത ഷർട്ടിന്റെ വില വരുന്നത്. എഐയെ നേരിടാൻ എഐയുടെ തന്നെ സഹായത്തോടെ നിർമ്മിച്ച ഈ വസ്ത്രം സാങ്കേതിക ലോകത്ത് ഡിജിറ്റൽ സ്വകാര്യതയെക്കുറിച്ചുള്ള പുതിയൊരു ചർച്ചയ്ക്ക് കൂടി വഴിവെച്ചിരിക്കുകയാണ്.


