പിരിച്ചുവിടേണ്ട ജീവനക്കാരെ തിരഞ്ഞെടുക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സംവിധാനങ്ങൾ അനധികൃതമായി ഉപയോഗിച്ചുവെന്നാരോപിച്ച് ടെക് ഭീമനായ മെറ്റയ്ക്കെതിരെ 26 ജീവനക്കാർ നിയമനടപടിയുമായി രംഗത്തെത്തി. കാലിഫോർണിയയിലെ ഓക്ലൻഡിലുള്ള ഫെഡറൽ കോടതിയിലാണ് തിങ്കളാഴ്ച ഹർജി നൽകിയിരിക്കുന്നത്. മെറ്റ മെയ് മാസത്തിൽ പ്രഖ്യാപിച്ച 8,000 ജീവനക്കാരുടെ പിരിച്ചുവിടൽ നടപടിയുടെ ഭാഗമായാണ് ഈ പരാതി ഉയർന്നിട്ടുള്ളത്.
എഐ ടൂളുകളും പ്രത്യേക അൽഗൊരിതങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ പിരിച്ചുവിടൽ പട്ടികയിൽ കമ്പനി വലിയ രീതിയിലുള്ള വിവേചനം കാണിച്ചുവെന്നാണ് ജീവനക്കാരുടെ പ്രധാന ആരോപണം. പ്രത്യേകിച്ച് മെഡിക്കൽ അവധിയിലായിരുന്നവർ, പ്രസവാവധിയിലായിരുന്നവർ, മാതാപിതൃ-കുടുംബ പരിചരണത്തിനായി അവധിയെടുത്തവർ എന്നിവരെ ലക്ഷ്യം വെച്ചാണ് എഐ ഉപയോഗിച്ച് പട്ടിക തയ്യാറാക്കിയതെന്ന് ഇവർ ആരോപിക്കുന്നു. ഇത്തരത്തിൽ നിയമപരമായ അവധി ആനുകൂല്യങ്ങൾ ഉപയോഗിക്കുന്നവരെ പിരിച്ചുവിടുന്നത് വിവേചനപരമാണെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്.
മെറ്റയുടെ ഈ നീക്കം ഫാമിലി ആൻഡ് മെഡിക്കൽ ലീവ് നിയമം, അമേരിക്കൻസ് വിത്ത് ഡിെസബിലിറ്റീസ് നിയമം, പ്രെഗ്നൻസി ഡിസ്ക്രിമിനേഷൻ നിയമം തുടങ്ങിയ പ്രമുഖ തൊഴിൽ നിയമങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം കമ്പനി ശക്തമായി നിഷേധിച്ചിട്ടുണ്ട്. ജീവനക്കാരെ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും മനുഷ്യരാണ് എടുത്തതെന്നും ഇതിൽ എഐക്ക് പങ്കില്ലെന്നുമാണ് മെറ്റയുടെ ഔദ്യോഗിക വിശദീകരണം. സാങ്കേതികവിദ്യ തൊഴിൽ സുരക്ഷയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് ഈ കേസ് വഴിവെച്ചിരിക്കുകയാണ്.
നിലവിൽ പരാതി നൽകിയ 26 ജീവനക്കാരും മെറ്റയിൽ ജോലി തുടരുന്നുണ്ടെങ്കിലും അവരുടെ പിരിച്ചുവിടൽ ജൂലായ് 22 മുതൽ പ്രാബല്യത്തിൽ വരും. തൊഴിലിടങ്ങളിൽ എഐ അധിഷ്ഠിത ടൂളുകൾ ഉപയോഗിക്കുന്നത് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ നിയമപോരാട്ടം ലോകമെമ്പാടുമുള്ള ടെക് മേഖലയിൽ ഏറെ നിർണ്ണായകമാണ്. മനുഷ്യന്റെ തീരുമാനങ്ങൾക്ക് പകരം യന്ത്രങ്ങളുടെ അൽഗൊരിതങ്ങൾക്ക് മുൻഗണന നൽകുന്നത് തൊഴിൽ അവകാശങ്ങളെ ബാധിക്കുമോ എന്ന ഗൗരവകരമായ ആശങ്കയാണ് ഈ കേസ് ഉയർത്തുന്നത്.


