...
Home News National ഡൽഹിയിലേക്ക് പറന്ന എയർ ആംബുലൻസ് തകർന്നു വീണു; വിമാനത്തിൽ ഉണ്ടായിരുന്ന ഏഴ് പേരും മരിച്ചു

ഡൽഹിയിലേക്ക് പറന്ന എയർ ആംബുലൻസ് തകർന്നു വീണു; വിമാനത്തിൽ ഉണ്ടായിരുന്ന ഏഴ് പേരും മരിച്ചു

മോശം കാലാവസ്ഥയാകാം അപകടത്തിന് പിന്നിലെ കാരണമെന്ന് റാഞ്ചി വിമാനത്താവള ഡയറക്ടർ

207

റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ സിമാരിയക്ക് സമീപം തിങ്കളാഴ്‌ച വൈകുന്നേരം വിമാനം തകർന്നുവീണ് എയർ ആംബുലൻസിൽ ഉണ്ടായിരുന്ന ഏഴ് പേരും മരിച്ചുവെന്ന് സംസ്ഥാന സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

റെഡ്ബേർഡ് എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ബീച്ച്ക്രാഫ്റ്റ് സി90 എയർ ആംബുലൻസ്, റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന യാത്രാമധ്യേ, സിമാരിയയിലെ ബരിയാട്ടു പഞ്ചായത്ത് പ്രദേശത്ത് ഒരു വനത്തിനുള്ളിൽ തകർന്നുവീണു. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ഏഴ് പേർ മരിച്ചു.

“ഏഴ് മൃതദേഹങ്ങളും ചത്രയിലെ സദർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചു. അപകടത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്,” ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

റാഞ്ചി വിമാനത്താവളത്തിൽ നിന്ന് രാത്രി 7.11ന് പറന്നുയർന്ന വിമാനം രാത്രി 7.30 ഓടെ കാണാതായി. പുറപ്പെട്ട് ഏകദേശം 20 മിനിറ്റിനുശേഷം എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്‌ടപ്പെട്ടു.

മോശം കാലാവസ്ഥയാകാം അപകടത്തിന് പിന്നിലെ കാരണമെന്ന് റാഞ്ചി വിമാനത്താവള ഡയറക്ടർ വിനോദ് കുമാർ പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷം കൃത്യമായ കാരണം കണ്ടെത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റൻ വിവേക് ​​വികാസ് ഭഗത്, ക്യാപ്റ്റൻ സവ്രാജ് ദീപ് സിംഗ്, സഞ്ജയ് കുമാർ, ഡോ. വികാസ് കുമാർ ഗുപ്‌ത, സച്ചിൻ കുമാർ മിശ്ര, അർച്ചന ദേവി, ധുരു കുമാർ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
അതേസമയം, അപകടത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരും പ്രിയപ്പെട്ടവരും ഞെട്ടലും അവിശ്വാസവും പ്രകടിപ്പിച്ചതോടെ ഛത്ര ജില്ലയിൽ ദുഃഖം തളംകെട്ടിനിന്നു.

റാഞ്ചിയിലെ സദർ ആശുപത്രിയിൽ നിയമിതനായ മകനെ ഡോക്ടറാക്കാൻ വേണ്ടി തൻ്റ ഭൂമി മുഴുവൻ വിറ്റതായി മരിച്ച ഡോ. വികാസ് കുമാർ ഗുപ്‌തയുടെ പിതാവ് ബജ്രംഗി പ്രസാദ് പറഞ്ഞു.

“അദ്ദേഹത്തിന് ഏഴു വയസുള്ള ഒരു മകനുണ്ട്… അവൻ മിടുക്കനായിരുന്നു, ഒഡീഷയിലെ കട്ടക്കിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി,” -പ്രസാദ് പറഞ്ഞു.

റാഞ്ചി- ഡൽഹി സെക്ടറിൽ മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റ് പറത്തുന്നതിനിടെ ചത്ര ജില്ലയിലെ കസരിയ പഞ്ചായത്തിൽ ബീച്ച്ക്രാഫ്റ്റ് സി90 വിമാനം (വിടി- എജെവി) തകർന്നുവീണതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.

“വിമാനം റാഞ്ചിയിൽ നിന്ന് 19:11 ISTന് പറന്നുയർന്നു. 19:34 ISTന് കൊൽക്കത്തയുമായി ബന്ധം സ്ഥാപിച്ച ശേഷം, വാരണാസിയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായി കൊൽക്കത്തയുമായുള്ള ആശയവിനിമയവും റഡാർ ബന്ധവും വിമാനത്തിന് നഷ്‌ടപ്പെട്ടു,” -എന്ന് അത് പറഞ്ഞു. രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പെടെ ഏഴ് പേർ വിമാനത്തിൽ ഉണ്ടായിരുന്നു. -ഉറവിടം: പിടിഐ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.