വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻ്റെ തീരുവ ഭീഷണിക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌കോയിലെത്തി. ഇന്ത്യയും റഷ്യയുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് ഈ സന്ദർശനത്തിൻ്റെ ലക്ഷ്യമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഈ മാസം തന്നെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും റഷ്യൻ സന്ദർശനം നടത്തും.
ഈ യാത്ര മുൻകൂട്ടി നിശ്ചയിച്ച പ്രകാറാം ഉള്ളതാണെങ്കിലും യുഎസ് പ്രസിഡന്റിൻ്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങളെ തുടർന്ന് ഡോവലിൻ്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതായി തീർന്നിരിക്കുകയാണ്. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടർന്നാൽ ഇറക്കുമതി തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്.
അതിനിടയില്‍ ഇന്ത്യക്ക് അധിക തീരുവ നടപ്പാക്കാനുള്ള തീരുമാനം ഇന്നുണ്ടാകില്ലെന്നും വിശദമായ പ്രതികരണം പിന്നീടെന്നുമാണ് ട്രംപ് ഒടുവിൽ പറഞ്ഞിരിക്കുന്നത്. തീരുമാനം റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാവുകയുള്ളു എന്നാണ് വിശദീകരണം. വ്യാപാര കരാറിൻ്റെ കാര്യം അതത് രാജ്യത്തിൻ്റെ തീരുമാനമാണെന്ന് റഷ്യ പ്രതികരിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ മലക്കം മറിച്ചില്‍.
‘ഇന്ത്യ ഒരിക്കലും ഒരു നല്ല വ്യാപാര പങ്കാളിയല്ല. അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. പക്ഷെ, ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതിനാല്‍ 25 ശതമാനം തീരുവ എന്നതില്‍ നിര്‍ത്തിയതാണ്. പക്ഷെ, അടുത്ത 24 മണിക്കൂറില്‍ അത് ഗണ്യമായി ഉയര്‍ത്താനാണ് തീരുമാനം. കാരണം അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുകയാണ്,’ -ട്രംപ് പറഞ്ഞു.
നേരത്തെയും ഇന്ത്യയുടെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുക ആണെന്നും യുക്രെയിനിൽ എത്രപേർ കൊല്ലപ്പെടുന്നു എന്നത് അവർ കാര്യമാക്കുന്നില്ല എന്നുമാണ് ട്രംപ് പറഞ്ഞത്.



