സെപ്തംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 74-ാം ജന്മദിനത്തോട് അനുബന്ധിച്ച് അജ്‌മീർ ഷെരീഫ് ദർഗ 4,000 കിലോ വെജിറ്റേറിയൻ ലംഗാർ വിതരണം ചെയ്യും. ചരിത്രപ്രസിദ്ധമായ “ബിഗ് ഷാഹി ദേഗിൽ” തയ്യാറാക്കിയതായിരിക്കും ലംഗാർ. ഹസ്രത്ത് ഖ്വാജ മൊയ്‌നുദ്ദീൻ ദർഗയിൽ 550 വർഷം പഴക്കമുള്ള പാരമ്പര്യം ഇപ്പോഴും തുടരുന്നു.
“സേവാ പഖ്‌വാദ” ആഘോഷത്തിൻ്റെ ഭാഗമായാണ് പരിപാടിയെന്ന് ദർഗ അധികൃതർ അറിയിച്ചു. അരി, ശുദ്ധമായ നെയ്യ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ഉൾപ്പെടുന്നതും ഭക്തർക്കും നിരാലംബരായവർക്കും വിതരണം ചെയ്യുമെന്നും ഗദ്ദി നാഷിൻ- ദർഗ അജ്‌മീർ ഷെരീഫ് സയ്യിദ് അഫ്ഷാൻ ചിഷ്തി പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ സമാധാനത്തിനും ഐക്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും അർപ്പിക്കും. രാത്രി 10:30ന് വിളക്ക് കൊളുത്തുന്നത് മുതൽ അന്നദാനം വരെയുള്ള മുഴുവൻ സമയത്തും ഖുറാൻ വാക്യങ്ങൾ, ഭക്തിഗാനങ്ങൾ, ഖവ്വാലികൾ എന്നിവ പാരായണം ചെയ്യുന്ന സന്നദ്ധ പ്രവർത്തകരും ഭക്തരും ഉൾപ്പെടും.
ഇന്ത്യൻ മൈനോരിറ്റി ഫൗണ്ടേഷനും ചിഷ്തി ഫൗണ്ടേഷനും ചേർന്നാണ് ലംഗാർ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണത്തിൽ പങ്കുചേരാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് വിതരണം രാവിലെ വരെ തുടരുമെന്നും പറയുന്നു.



