11 September 2026
Home News National അജ്‌മീറിലെ പ്രശസ്‌തമായ ഹോട്ടൽ ഖാദിം, ‘അജയ്മേരു’ എന്ന് പുനർനാമകരണം ചെയ്‌തത്‌ എന്തിനായിരിക്കും

അജ്‌മീറിലെ പ്രശസ്‌തമായ ഹോട്ടൽ ഖാദിം, ‘അജയ്മേരു’ എന്ന് പുനർനാമകരണം ചെയ്‌തത്‌ എന്തിനായിരിക്കും

പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും ഈ പേര് ഉപയോഗിച്ചിരുന്നു

214

അജ്‌മീരിലെ സംസ്ഥാന ടൂറിസം കോർപ്പറേഷൻ്റെ പ്രശസ്‌തമായ ഹോട്ടൽ ഖാദിമിനെ രാജസ്ഥാൻ സർക്കാർ ‘അജയ്മേരു’ എന്ന് പുനർനാമകരണം ചെയ്‌തു. നഗരത്തിൻ്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഔദ്യോഗിക ഉത്തരവ്.

അജ്‌മീർ നോർത്തിൽ നിന്നുള്ള എംഎൽഎയും അജ്‌മീർ സ്വദേശിയുമായ നിയമസഭാ സ്‌പീക്കർ വാസുദേവ് ​​ദേവ്‌നാനിയുടെ നിർദേശത്തെ തുടർന്നാണ് രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (ആർടിഡിസി) തിങ്കളാഴ്‌ച ഉത്തരവ് പുറപ്പെടുവിച്ചത്.

അജ്‌മീർ ചരിത്രപരമായി ‘അജയ്മേരു’ എന്നാണ് അറിയപ്പെട്ടിരുന്നത്. പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും ഈ പേര് ഉപയോഗിച്ചിരുന്നു.

സൂഫി സന്യാസിയായ ഖ്വാജ മൊയ്‌നുദ്ദീൻ ചിസ്‌തിയുടെ ആരാധനാലയത്തിന് ഈ നഗരം പ്രസിദ്ധമാണ്. ‘ഖാദിം’ എന്ന പേര് ഇതിനോട് ബന്ധപ്പെട്ടിരിക്കുന്നു. ഒരു ദർഗയിലെ പുരോഹിതന്മാരെ ‘ഖാദിം’ എന്ന് വിളിക്കുന്നു.

ജില്ലാ കളക്ടറേറ്റിന് എതിർവശത്തുള്ള ഹോട്ടലിൻ്റെ പേര് മാറ്റാൻ ദേവനാനി ആർടിഡിസിക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നതായി അധികൃതർ അറിയിച്ചു.

വിനോദ സഞ്ചാരികൾക്കും ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും ഇടയിൽ പ്രശസ്‌തമായ ഹോട്ടലിൻ്റെ പേര് അജ്‌മീറിൻ്റെ സമ്പന്നമായ സാംസ്കാരിക ചരിത്രവും പൈതൃകവും സ്വത്വവും പ്രതിഫലിപ്പിക്കുന്നത് ആയിരിക്കണമെന്ന് സ്‌പീക്കർ പറഞ്ഞു.

അജ്‌മീറിലെ കിംഗ് എഡ്വേർഡ് മെമ്മോറിയലിൻ്റെ പേര് ഹിന്ദു തത്ത്വചിന്തകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പേരിൽ പുനർനാമകരണം ചെയ്യാനും ദേവനാനി നിർദ്ദേശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കോർപ്പറേഷൻ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം ആർടിഡിസി എംഡി സുഷമ അറോറയാണ് ഹോട്ടൽ ഖാദിമിൻ്റെ പേര് ‘അജയ്മേരു’ എന്നാക്കി മാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

‘അജയ്‌മേരു’ എന്ന പേരിൻ്റെ വേരുകൾ ഏഴാം നൂറ്റാണ്ടിൽ മഹാരാജാ അജയ്‌രാജ് ചൗഹാൻ സ്ഥാപിച്ചത് മുതലാണ്. പുരാതന ചരിത്ര രേഖകളിലും ഭൂമിശാസ്ത്രപരമായ പരാമർശങ്ങളിലും ഈ പേര് ഉപയോഗിച്ചിട്ടുണ്ടെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

ഉറവിടം: പിടിഐ