...
Home News National വ്യവസായിയെ വെടിവച്ച് കൊന്ന കേസ്; അഖിലേന്ത്യാ ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡെ അറസ്റ്റിൽ

വ്യവസായിയെ വെടിവച്ച് കൊന്ന കേസ്; അഖിലേന്ത്യാ ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡെ അറസ്റ്റിൽ

സെപ്റ്റംബര്‍ 26-നാണ് അലിഗഢിന് സമീപത്തു വെച്ച് അഭിഷേക് ഗുപ്‌ത കൊല്ലപ്പെട്ടത്

259

അഖിലേന്ത്യാ ഹിന്ദു മഹാസഭ ദേശീയ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്‌തു. പ്രാദേശിക വ്യവസായി അഭിഷേക് ഗുപ്‌തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആണ് അറസ്റ്റ്. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ആഗ്ര- ജയ്‌പൂർ ഹൈവേയിലെ ലോധ ബൈപാസിന് സമീപം വെള്ളിയാഴ്‌ച രാത്രി വൈകിയാണ് പാണ്ഡെയെ അറസ്റ്റ് ചെയ്‌തതെന്ന് പോലീസ് പറഞ്ഞു.

കേസിൽ ഇത് നാലാമത്തെ അറസ്റ്റാണ്. പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെ, വാടക കൊലയാളികളായ മുഹമ്മദ് ഫസല്‍, ആസിഫ് എന്നിവര്‍ കേസില്‍ നേരത്തേ അറസ്റ്റിലായിരുന്നു. സെപ്റ്റംബര്‍ 26-നാണ് അലിഗഢിന് സമീപത്തു വെച്ച് അഭിഷേക് ഗുപ്‌ത കൊല്ലപ്പെട്ടത്.

അച്ഛനും മറ്റൊരു ബന്ധുവിനുമൊപ്പം ബസില്‍ കയറുന്നതിനിടെ ആണ് വാടക കൊലയാളികള്‍ അഭിഷേക് ഗുപ്‌തക്ക് നേരേ വെടിയുതിര്‍ത്തത്. ഉടന്‍തന്നെ ഇദ്ദേഹത്തെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗുപ്‌തയുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് പാണ്ഡെ ദമ്പതികൾ നൽകിയ ക്വട്ടേഷന്‍ ആണ് ഇതെന്നാണ് പൊലീസ് കണ്ടെത്തൽ. ദമ്പതികൾ വളരെക്കാലമായി ബിസിനസുകാരനെ ഉപദ്രവിച്ചു വരികയായിരുന്നുവെന്ന് പറയപ്പെടുന്നു. വാടക കൊലയാളികളായ മുഹമ്മദ് ഫസലും ആസിഫും ദമ്പതിമാര്‍ക്ക് നേരത്തേ പരിചയമുള്ളവരാണ്.

കേസിലെ പ്രധാന പ്രതികളെല്ലാം ഇപ്പോൾ അറസ്റ്റിൽ ആയിട്ടുണ്ടെന്നും വിശദമായ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അലിഗഡ് സീനിയർ പോലീസ് സൂപ്രണ്ട് നീരജ് കുമാർ അറസ്റ്റ് സ്ഥിരീകരിച്ചു കൊണ്ട് പറഞ്ഞു. പൂജ പാണ്ഡെയെ അറസ്റ്റ് ചെയ്യുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റിലായ പൂജ പാണ്ഡെയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.