...
Home News National ‘എല്ലാ ഇന്ത്യക്കാരും ടെഹ്‌റാന്‍ വിടണം’: വിദേശകാര്യ മന്ത്രാലയം

‘എല്ലാ ഇന്ത്യക്കാരും ടെഹ്‌റാന്‍ വിടണം’: വിദേശകാര്യ മന്ത്രാലയം

സുരക്ഷാ കേന്ദ്രങ്ങളിൽ എത്തുന്ന ഇന്ത്യന്‍ പൗരന്മാരെ ഇറാൻ്റെ അതിര്‍ത്തി രാജ്യങ്ങള്‍ വഴി ഒഴിപ്പിച്ച് ഇന്ത്യയിൽ എത്തിക്കാനാണ് ആലോചന

188

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരെ അടിയന്തരമായി ടെഹ്‌റാനില്‍ നിന്ന് മാറ്റാന്‍ നീക്കം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാനില്‍ തന്നെയുളള സുരക്ഷിത കേന്ദ്രത്തിലേക്ക് ആയിരിക്കും തല്‍ക്കാലം ഇന്ത്യന്‍ പൗരന്മാരെ മാറ്റുക. വിദ്യാര്‍ത്ഥികളെ പ്രത്യേകം ബസില്‍ കൊണ്ടുപോകും. ഇതുസംബന്ധിച്ച നിര്‍ദേശം തെഹ്റാനിന് ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ട്.

പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറാനിൽ ഉണ്ടെന്നാണ് വിവരം. എല്ലാത്തരം വിസകള്‍ ഉളളവരും ഉടന്‍ തന്നെ തെഹ്റാനില്‍ നിന്ന് മാറണമെന്നാണ് കേന്ദ്ര സര്‍ക്കാരിൻ്റെ നിര്‍ദേശം.

സുരക്ഷാ കേന്ദ്രങ്ങളിൽ എത്തുന്ന ഇന്ത്യന്‍ പൗരന്മാരെ ഇറാൻ്റെ അതിര്‍ത്തി രാജ്യങ്ങള്‍ വഴി ഒഴിപ്പിച്ച് ഇന്ത്യയിൽ എത്തിക്കാനാണ് ആലോചന. ഇവരെ അര്‍മേനിയയിലേക്കോ അസര്‍ ബൈജാനിലേക്കോ മാറ്റാനും തുടര്‍ന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനുമാണ് സാധ്യത. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാനിലെ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിനുളള സുരക്ഷ ഒരുക്കാമെന്ന് ഇറാന്‍ ഉറപ്പു നല്‍കിയതായാണ് വിവരം.

എത്രയും വേഗം തങ്ങളെ ഒഴിപ്പിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തെഹ്റാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് ബെഹെഷ്ടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ കത്തയച്ചിരുന്നു. 350 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഈ സര്‍വകലാശാലയില്‍ മാത്രം പഠിക്കുന്നത്. കെര്‍മാന്‍ മേഖലയില്‍ നിന്ന് വെടിയൊച്ച കേട്ടതായി കെര്‍മാന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളും പറഞ്ഞിരുന്നു.

കഴിഞ്ഞ മൂന്നുദിവസമായി ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 224 പേരാണെന്നാണ് റിപ്പോർട്ട്. 1277 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 90 ശതമാനത്തിലധികവും സാധാരണക്കാരാണെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിൻ്റെ (ഐആര്‍ജിസി) ഇൻ്റെലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറല്‍ ഹസന്‍ മൊഹാകിഖും ഇസ്രായേലിൻ്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

ജൂണ്‍ 13 മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനിലെ 14 ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.