കേരളത്തിലെ പ്രകൃതിക്ഷോഭ ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. ഏറ്റവും ഒടുലിൽ ലഭിച്ച വിവരം അനുസരിച്ച് മരിച്ചവരുടെ എണ്ണം 93 ആയി. മണ്ണിനടിയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് എന്നാണ് വിവരങ്ങൾ. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കൻ കേരളത്തിൽ ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മൺസൂൺ പാത്തി സജീവമായി തുടരുകയാണ്. കേരളതീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. പീച്ചി ഡാമിൻ്റെ നാല് സപ്പിൽവേ ഷട്ടറുകൾ 145 സെന്റീമീറ്റർ വീതം തുറന്നു. മഴ തീവ്രമായതിനെ തുടർന്ന് ഘട്ടംഘട്ടമായാണ് ഷട്ടറുകൾ ഉയർത്തിയത്. തമിഴ്‌നാട് ഷോളയാർ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട് എന്നാണ് പുതിയ വിവരം.
വയനാട്, മുണ്ടക്കൈ പ്രഭവകേന്ദ്രമായ ഉരുൾപൊട്ടൽ ചൂരൽമലയെയും ഗുരുതരമായി ബാധിച്ചു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടത്. മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ് പുലർച്ചെ നാല് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്‌തിരുന്നത്.
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് രക്ഷാപ്രവർത്തനത്തെും കാര്യമായി ബാധിച്ചിരിക്കുകയാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്.
പുഴ ഗതിമാറി ഒഴുകി ഒരു പുതിയ പുഴ രൂപപ്പെട്ട രീതിയിലാണ് മുണ്ടക്കൈയിലൂടെ കടന്നുപോകുന്നത്. ഇതോടെ മൃതദേഹങ്ങൾ ചാലിയാറിലേക്കും ഒഴുകിയെത്തി. ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയി.
മുഖ്യമന്ത്രി സൈന്യത്തിൻ്റെ സേവനം ആവശ്യപ്പെട്ടു
ഉരുൾപൊട്ടലിൽ രക്ഷാ പ്രവർത്തനത്തിനായി ആർമി സംഘത്തെ നിയോഗിച്ചതായി കേന്ദ്രം. രക്ഷാപ്രവർത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ദുരന്ത മേഖലയിലേക്ക്. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും നേവി സംഘവും വയനാട്ടിലേക്ക് എത്തുന്നു. രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്നാണ് നാവിക സേനാ സംഘം എത്തുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർത്ഥിച്ചത്.
ഭക്ഷ്യധാന്യങ്ങളും അവശ്യ വസ്‌തുക്കളും
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 9497900402, 0471 2721566 എന്നീ ഫോൺ നമ്പരുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
സജ്ജീകരണങ്ങൾ ഒരുക്കി കേരള ഭക്ഷ്യവകുപ്പ്. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പിലേയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയാതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
ക്യാമ്പുകളിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും വകുപ്പ് സ്വീകരിച്ചതായി ജി.ആർ. അനിൽ അറിയിച്ചു. ജില്ലയിലേയും സമീപജില്ലകളിലേയും സപ്ലൈകോ-ഭക്ഷ്യ, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉറപ്പുവരുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു നല്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
താല്‍കാലിക ആശുപത്രി സംവിധാനം
വയനാട്, ചൂരൽമലയിൽ പള്ളിയിലും മദ്രസിലും താല്‍കാലിക ആശുപത്രി സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടാതെ ഉരുള്‍പ്പൊട്ടലിൻ്റെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങള്‍ വിലയിരുത്തി.
നിലവിലെ സാഹചര്യങ്ങൾ മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകള്‍ കൃത്യമായെടുക്കണം. ആവശ്യമെങ്കില്‍ താത്ക്കാലികമായി ആശുപത്രികള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളിലെ മോര്‍ച്ചറി സംവിധാനം വിലയിരുത്തണം. മൊബൈല്‍ മോര്‍ച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.
ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി
വയനാടിന് അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ് സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ വയനാട്ടിലെത്തുന്നു.
ഇവർക്കൊപ്പം രക്ഷാപ്രവർത്തകരും വിദഗ്‌ധ ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യ പ്രവർത്തകറം ഉണ്ടാകും. അവശ്യവസ്‌തുക്കളും സംഘം വയനാട്ടിലെത്തിക്കും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ വാഹനങ്ങൾ, ആളുകൾ എന്നിവ നൽകാൻ തയ്യാറാണെന്ന് എം.കെ സ്റ്റാലിൻ അറിയിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും നൽകി.



