...
Home News International മിയാമി വിമാന താവളത്തിൽ തകർന്ന ആമസോണ്‍ കാർഗോ വിമാനം; ഫ്‌ളൈറ്റ് റെക്കോര്‍ഡറുകള്‍ കണ്ടെടുത്തു

മിയാമി വിമാന താവളത്തിൽ തകർന്ന ആമസോണ്‍ കാർഗോ വിമാനം; ഫ്‌ളൈറ്റ് റെക്കോര്‍ഡറുകള്‍ കണ്ടെടുത്തു

വിമാനത്താവളത്തിന്റെ വേലി തകർത്ത് പുറത്തേക്ക് കടന്ന വിമാനം ഒരു ടൊയോട്ട കാറുമായും കൂട്ടിയിടിക്കുകയായിരുന്നു

2

അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാന താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ വിമാനത്തിന്റെ ഫ്‌ളൈറ്റ് റെക്കോര്‍ഡറുകള്‍ കണ്ടെടുത്തു. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTSB) ആണ് ഇക്കാര്യം അറിയിച്ചത്. കണ്ടെടുത്ത ഡാറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും (CVR) കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി NTSB ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

അപകട കാരണങ്ങൾ തേടി NTSB അന്വേഷണം

വിമാനത്തിന്റെ ഫ്‌ളൈറ്റ് ഹിസ്റ്ററി, ജീവനക്കാരുടെ അനുഭവസമ്പത്ത്, റഡാർ വിവരങ്ങൾ, വിമാനത്തിന്റെ പ്രവർത്തനം എന്നിവയെല്ലാം അന്വേഷണ സംഘം പരിശോധിച്ച് വരികയാണെന്ന് NTSB വ്യക്തമാക്കി. ഇതിനുപുറമെ, റണ്‍വേകളില്‍ വിമാനങ്ങള്‍ നിയന്ത്രണം നഷ്ടമായി സഞ്ചരിക്കുന്നത് തടയാനായി രൂപകല്‍പന ചെയ്തിട്ടുള്ള ‘എഞ്ചിനീയേര്‍ഡ് മെറ്റീരിയല്‍സ് അറസ്റ്റിങ് സിസ്റ്റം’ (EMAS) ഇവിടെ ഉണ്ടായിരുന്നോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും NTSB ചെയർവുമൺ ജെന്നിഫർ ഹോമെൻഡേ മിയാമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അപകടത്തിന്റെ പശ്ചാത്തലം

ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവം. പ്യൂർട്ടോറിക്കോയിലെ സാൻ ജുവാനിൽ നിന്നും പുറപ്പെട്ടതും 21 എയർ കമ്പനി ഓപ്പറേറ്റ് ചെയ്യുന്നതുമായ ബോയിങ് 767-300 വിമാനമാണ് ലാൻഡിംഗിനിടെ നിയന്ത്രണം വിട്ടത്. രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച വിമാനം നടത്തുന്ന മൂന്നാമത്തെ സർവീസായിരുന്നു ഇത്. അപകടസമയത്ത് വിമാന താവളത്തിന് സമീപം ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റുണ്ടായിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

റൺവേ മറികടന്ന വിമാനം നാവിഗേഷൻ എയ്ഡുകളിലും മറ്റ് ഉപകരണങ്ങളിലും ഇടിച്ചതിനുശേഷമാണ് കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ശുചീകരണ കമ്പനിയുടെ വെള്ള ഫോർഡ് വാനിൽ ഇടിച്ചത്. തുടർന്ന് വിമാന താവളത്തിന്റെ വേലി തകർത്ത് പുറത്തേക്ക് കടന്ന വിമാനം ഒരു ടൊയോട്ട കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. റൺവേയിൽ നിന്നും ഏകദേശം 1,300 അടി അകലെയാണ് വിമാനം ഒടുവിൽ നിശ്ചലമായത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.