ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ് കാർഡ് കമ്പനിയായ അമേരിക്കൻ എക്സ്പ്രസ്. കമ്പനിയുടെ ആഗോള തൊഴിലാളി നിരയിലെ അഞ്ച് ശതമാനം പേരെ കുറയ്ക്കാനാണ് തീരുമാനം. പുനഃസംഘടനയുടെ ഭാഗമായി ഏകദേശം 33.6 കോടി ഡോളറിന്റെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും കമ്പനി അറിയിച്ചു.
മൂന്നാം പാദത്തിലെ വരുമാന കണക്കുകൾ സംബന്ധിച്ച് നടന്ന കോൺഫറൻസ് കോളിലാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റീഫൻ സ്ക്വറി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം വ്യക്തമാക്കിയത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുനഃസംഘടനയെന്നാണ് സൂചന.
2025 അവസാനത്തെ കണക്കുകൾ പ്രകാരം അമേരിക്കൻ എക്സ്പ്രസിൽ ഏകദേശം 77,000 ജീവനക്കാരാണുണ്ടായിരുന്നത്. ഇതിന്റെ അഞ്ച് ശതമാനം എന്ന കണക്കിൽ ഏകദേശം 3,850 ജീവനക്കാരെ ബാധിച്ചേക്കാം. എന്നാൽ പിരിച്ചുവിടലിന്റെ കൃത്യമായ എണ്ണം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ല.
കോർപ്പറേറ്റ് മേഖലയിൽ എഐ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിക്കുന്നതിനിടെ തൊഴിൽ ഘടനയിലും ജീവനക്കാരുടെ എണ്ണത്തിലും മാറ്റങ്ങൾ വരുന്നതിന്റെ ഉദാഹരണമായാണ് അമേരിക്കൻ എക്സ്പ്രസിന്റെ നീക്കം വിലയിരുത്തപ്പെടുന്നത്.



