...
Home News International രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കയുടെ ബോംബ് പൊട്ടി; ജപ്പാനിൽ വിമാനത്താവളം അടച്ചു

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കയുടെ ബോംബ് പൊട്ടി; ജപ്പാനിൽ വിമാനത്താവളം അടച്ചു

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ പൊട്ടാതെ നിലനിന്നിരുന്ന ബോംബാണ് ഇപ്പോൾ സ്‌ഫോടനത്തിന് കാരണമായതെന്നാണ് സംശയം.

343

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നിക്ഷേപിച്ച ബോംബ് പൊട്ടിയതിനെ തുടർന്ന് ജപ്പാനിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന മിയാസാക്കി വിമാനത്താവളം അടച്ചിടേണ്ടിവന്നു. അപകടത്തെ തുടർന്ന് 87 വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

റിപ്പോർട്ടുകൾ പ്രകാരം, സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ടാക്‌സിവേയിൽ ഏഴു മീറ്റർ വീതിയും ഒരു മീറ്റർ ആഴവുമുള്ള വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. സ്ഥലം പരിശോധിച്ച സെൽഫ് ഡിഫൻസ് ഫോഴ്‌സും പൊലീസും സ്‌ഫോടനത്തിന് കാരണമായത് യുഎസ് ബോംബാണെന്ന് കണ്ടെത്തി.

അതേസമയം, അപകടത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പൊട്ടാത്ത ബോംബ് പെട്ടെന്ന് സ്‌ഫോടനത്തിന് വിധേയമായതിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും അവർ അറിയിച്ചു.

വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കുന്നതായി ജപ്പാൻ സർക്കാർ വക്താവ് യോഹിമാസ ഹയാഷി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ പൊട്ടാതെ നിലനിന്നിരുന്ന ബോംബാണ് ഇപ്പോൾ സ്‌ഫോടനത്തിന് കാരണമായതെന്നാണ് സംശയം.

യുദ്ധസമയത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം മിയാസാക്കിയിലും ചുറ്റുമുള്ള പ്രദേശങ്ങളിൽ വർഷിച്ച നിരവധി ബോംബുകൾ പൊട്ടാതെയാണ് ഇപ്പോഴും കിടക്കുന്നതെന്നും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 2009, 2011 വർഷങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2023ൽ മാത്രം 2,348 ബോംബുകൾ നീക്കം ചെയ്തതായി സെൽഫ് ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.