പശ്ചിമ ബംഗാളിൽ അമുൽ ബംഗാൾ ഡയറി പദ്ധതിയുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ തൈര് ഉൽപാദന പ്ലാന്റിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു. ഹൗറയിലെ ഫുഡ് പാർക്കിൽ നിർമ്മിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം ന്യൂ ടൗണിലെ വിശ്വ ബംഗ്ലാ കൺവെൻഷൻ സെൻ്റെറിൽ നിന്നാണ് അദ്ദേഹം നിർവഹിച്ചത്.
ഏകദേശം 700 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിക്ക് പ്രതിദിനം 30 ലക്ഷം ലിറ്റർ പാൽ സംസ്കരിക്കാനുള്ള ശേഷിയുണ്ടാകും. ദിവസേന ഏകദേശം 1,000 ടൺ തൈരും മറ്റ് മൂല്യവർധിത പാലുൽപന്നങ്ങളും ഇവിടെ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചാൽ ലോകത്തിലെ ഏറ്റവും വലിയ തൈര് ഉൽപാദന യൂണിറ്റായി മാറുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പദ്ധതി സംസ്ഥാനത്തെ 1.25 ലക്ഷത്തിലധികം ക്ഷീരകർഷകർക്ക് ഗുണം ചെയ്യുമെന്നും, ഇവരിൽ 30,000-ത്തിലധികം പേർ സ്ത്രീകളാണെന്നും അധികൃതർ അറിയിച്ചു. കർഷകർക്ക് പാലിന് സ്ഥിരമായ വിപണിയും മികച്ച വരുമാനവും ഉറപ്പാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ശിലാസ്ഥാപന ചടങ്ങിൽ സംസാരിച്ച അമിത് ഷാ, പശ്ചിമ ബംഗാളിൻ്റെ വികസനത്തെയും രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ചും പരാമർശിച്ചു. വിദ്യാഭ്യാസം, സംസ്കാരം, സ്വാതന്ത്ര്യസമരം തുടങ്ങിയ മേഖലകളിൽ രാജ്യത്തിന് നേതൃത്വം നൽകിയ സംസ്ഥാനമാണ് പശ്ചിമ ബംഗാളെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണത്തിനും തുടർന്ന് 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിനും ശേഷം സംസ്ഥാനത്തിൻ്റെ പുരോഗതി തടസപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി അധികാരത്തിൽ എത്തുന്നതിലൂടെ ‘സോണാർ ബംഗ്ലാ’ എന്ന ആശയം യാഥാർഥ്യമാക്കാൻ സാധിക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
പശ്ചിമ ബംഗാളിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ അതിർത്തി സുരക്ഷ, അനധികൃത നുഴഞ്ഞുകയറ്റം തടയൽ, ക്രമസമാധാന പരിപാലനം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന തലത്തിൽ വിശദമായ ചർച്ചകൾ നടന്നതായും അമിത് ഷാ പറഞ്ഞു.
ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (GCMMF) ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ ക്ഷീരമേഖലക്ക് പുതിയ വളർച്ചാ സാധ്യതകൾ സൃഷ്ടിക്കുന്ന പദ്ധതിയായാണ് അമുൽ ബംഗാൾ ഡയറി പദ്ധതിയെ വിലയിരുത്തുന്നത്.


