മലയാള സിനിമാ താരസംഘടന അമ്മയുടെ (എഎംഎംഎ) നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ. കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് അംഗങ്ങളുടെ പ്രതികരണം. ഇത് സംബന്ധിച്ച അവിശ്വാസ പ്രമേയത്തിൻ്റെ രേഖകൾ പുറത്ത് വന്നു.
നിലവിലെ നേതൃത്വം സംഘടനക്ക് അവമതിപ്പുണ്ടാക്കിയെന്ന് ഒരുവിഭാഗം അംഗങ്ങൾ ചൂണ്ടിക്കാട്ടി. എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വഴക്ക് നേതൃത്വത്തിന് പറഞ്ഞു തീർക്കാനായില്ലെന്നും അതുകൊണ്ടാണ് വിഷയം പുറത്തേക്ക് പോകേണ്ടി വന്നതെന്നും ഇവർ പറഞ്ഞു. തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറഞ്ഞ് നേതൃത്വം രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ ചില ചോദ്യങ്ങളും അംഗങ്ങൾ മുന്നോട്ടുവെച്ചു.
എല്ലാവർഷവും നടത്താറുള്ള” മനോരമ ഷോ”എന്തുകൊണ്ട് ഈ കാലയളവിൽ നടന്നില്ലെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ തമ്മിലുള്ള വഴക്ക് പറഞ്ഞു തീർക്കാൻ നേതൃത്വത്തിന് കഴിയാത്തത് കൊണ്ടല്ലേ അത് പുറത്തേക്ക് വന്നതും ഇത്രയധികം വഷളായതെന്നും അംഗങ്ങൾ ചോദിച്ചു. എല്ലാവർഷവും സൗജന്യമായി ലഭിച്ചിരുന്ന ഗോകുലം കൺവെൻഷൻ സെൻ്റെർ മാറ്റി, നാലര ലക്ഷം രൂപ കൊടുത്ത് ചിറ്റിലപ്പിള്ളി സ്ക്വയറിൽ ജനറൽബോഡി നടത്താൻ എന്താണ് കാരണമെന്നും അംഗങ്ങൾ ആരാഞ്ഞു.
അമ്മയുടെ ജനറൽബോഡി കഴിഞ്ഞാൽ 21 ദിവസത്തിനകം ജനറൽബോഡിയിൽ അവതരിപ്പിച്ച റിപ്പോർട്ടും കണക്കുകളും തിരുവനന്തപുരം ഡിസ്ട്രിക്ട് രജിസ്ട്രാറുടെ ഓഫീസിൽ സമർപ്പിച്ച് രജിസ്ട്രാറുടെ അപ്രൂവൽ വാങ്ങണം എന്നതാണ് ഈ ചട്ടം. ഈ ചട്ടം പാലിച്ചിട്ടുണ്ടോ എന്നും ജനറൽബോഡിയിൽ അവതരിപ്പിക്കുന്ന വാർഷിക റിപ്പോർട്ടും കണക്കുകളും ജനറൽബോഡിക്ക് ദിവസങ്ങൾക്ക് മുമ്പേ അംഗങ്ങൾക്ക് അയച്ചു കൊടുക്കേണ്ടത് ആണെന്നിരിക്കെ അത് നടന്നിട്ടില്ലെന്നും അവിശ്വാസ പ്രമേയത്തിൽ താരങ്ങൾ ചോദിച്ചു.


