...
Home News അമൂൽ ബേബി എന്നത് അയാൾക്ക് ലഭിക്കാവുന്ന ഏറ്റവും മാന്യമായ വിശേഷണമാണ്

അമൂൽ ബേബി എന്നത് അയാൾക്ക് ലഭിക്കാവുന്ന ഏറ്റവും മാന്യമായ വിശേഷണമാണ്

ഇന്ദിരാ - വാദ്ര കുടുംബത്തിൽ രാജ്യത്തിന്റെ അധികാരം കേന്ദ്രീകരിക്കണമെന്ന കോൺഗ്രസിന്റെ നിർബന്ധ ബുദ്ധിയാണ് രാജ്യം ഇന്നനുഭവിക്കുന്ന പകുതി പ്രശ്നങ്ങളുടെ കാരണവും ബിജെപിയുടെ സൗഭാഗ്യവും.

265

| ശ്രീകാന്ത് പികെ

“പിണറാ‍യി വിജയൻ സ്വന്തം കുടുംബത്തിനു വേണ്ടി ബലി കൊടുക്കുന്നതിലൂടെ കേരളം തകരുന്നു-രാഹുൽ ഗാന്ധി”

പിണറായി വിജയന്റെ കുടുംബത്തിൽ പിണറായി വിജയനല്ലാതെ രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്നതോ ഏതെങ്കിലും തരം അധികാര സ്ഥാനത്തിനിരിക്കുന്നതോ ആയ ആരുമില്ല. വേണമെങ്കിൽ മകളുടെ ഭർത്താവ് എന്ന നിലയിൽ ഇപ്പോൾ പി. എ മുഹമ്മദ്‌ റിയാസ് കൂടി ഉണ്ടെന്ന് പറയാം. ഇവർ രണ്ട് പേരും തങ്ങളുടെ 15 വയസ്സിന് മുന്നേ, അതായത് വിദ്യാർത്ഥി കാലം മുതൽ രാഷ്ട്രീയ – പൊതു പ്രവർത്തനം തുടങ്ങിയവരാണ്.

പിണറായി വിജയനെ ആർഎസ്‌എസും പോലീസുമൊക്കെ പൊതിരെ തല്ലിയിട്ടുണ്ട്, കൊല്ലാൻ തീരുമാനിച്ചിട്ടുണ്ട്. തല്ല് കൊണ്ട് ചോര പുരണ്ട ഷർട്ടുമായി അയാൾ നിയമ സഭയിൽ നടത്തിയ പ്രസംഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. അറുപത് വർഷം നീളുന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആകെ തുകയാണ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും സമ്പന്നന്മാരായ നേതാക്കളിൽ പ്രധാനിയായിരുന്ന അഭിഭാഷകനും കോൺഗ്രസ് പ്രസിഡന്റുമൊക്കെയായിരുന്ന മോത്തിലാൽ നെഹ്‌റു. വലിയ ജന്മി കുടുംബങ്ങളുടെ ഭൂ കേസുകളായിരുന്നു മൊത്തിലാൽ നെഹ്‌റുവിന്റെ അഭിഭാഷക വൃത്തിയിലൂടെ സമ്പത്ത് നേടിക്കൊടുത്തതിൽ പ്രധാനം. ആ മോത്തിലാൽ നെഹ്‌റുവിന്റെ മകൻ ജവഹർ ലാൽ നെഹ്‌റുവും അച്ഛന്റെ വഴിയെ രാഷ്ട്രീയത്തിലിറങ്ങി, വളരെ പെട്ടെന്ന് തന്നെ കോൺഗ്രസ് പാർടിയിലെ സർവ്വാധികാരിയായി, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രിയായി. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത്രയും സ്വഭാവികമാണെന്ന് പറയാം.

എന്നാൽ ജവഹർലാലിന്റെ ഒരേയൊരു മകളെന്ന ഒറ്റ ലാബലിൽ 1947 മുതൽ തന്നെ ഇന്ദിരാ ഗാന്ധി അനൗദ്യോഗികമായി പിതാവിന്റെ ഭരണ ഉപദേശകസംഘത്തിന്റെ മുഖ്യചുമതല വഹിക്കാൻ തുടങ്ങി. പിതാവിന്റെ മരണ ശേഷം നെഹ്‌റുവിന്റെ സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നത് തടയാനായി തിടുക്കത്തിൽ ലാൽ ബഹദൂർ ശാസ്ത്രി മന്ത്രിസഭയിൽ അംഗമായി. പിന്നീട് ഇന്ദിര കോൺഗ്രസ് പാർടിയെ കൈപ്പിടിയിലൊതുക്കിയതും, പ്രധാന മന്ത്രിയായതും, തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച കേസിൽ കോടതി പൊക്കിയപ്പോൾ രാജ്യത്തെ മുഴുവൻ പൂട്ടിയിട്ട് സംഹാര താണ്ഠവമാടിയതുമൊക്കെ ചരിത്രം.

എന്നാൽ അവിടം കൊണ്ടും തീർന്നോ.. ഇന്ദിരക്ക് രണ്ട് മക്കൾ. സഞ്ജയയും, രാജീവും. അതിൽ മൂത്തവൻ സഞ്ജയ്‌ ആയിരുന്നു അടിയന്തരാവസ്ഥ കാലത്ത് രാജ്യത്തെ ജനങ്ങളെ ഗിനിപ്പന്നികളെ പോലെ തന്റെ വിനോദങ്ങൾക്ക് ഉപയോഗിച്ച് കളിച്ചവൻ. വിമാന അപകടത്തിൽ കൊല്ലപ്പെട്ടുപോയി. ഇല്ലേൽ ആശാന്റെ കലാപരിപാടികൾ കുട്ടികളുടെ ചരിത്ര പുസ്തകത്തിലെ കുറേ അധ്യായങ്ങളായേനെ.

കോൺഗ്രസിന്റെയും രാജ്യത്തിന്റെയും തലപ്പത്ത് സഞ്ജയ് ഗാന്ധി വരേണ്ടതായിരുന്നു. ആയുസ്സ് ബാക്കി ഇല്ലാത്തതിനാൽ രണ്ടാം മകൻ രാജീവിന് നറുക്ക് നേരത്തേ വീണു. രാഷ്ട്രീയത്തിൽ തീരെ തല്പരനല്ലാതെ വിമാനമോടിച്ച് സെറ്റ് ജീവിതമൊക്കെയായി ഇങ്ങനെ പോകുകയായിരുന്നു കക്ഷി. പക്ഷേ കോൺഗ്രസ് രാജവംശം അന്യം നിന്ന് പോകുമല്ലോ എന്ന് കരുതി മാത്രം രാഷ്ട്രീയത്തിൽ വന്ന് പ്രധാന മന്ത്രിയായി. ഇതിനിടയിൽ കേംബ്രിഡ്ജിലെ പഠനസമയത്ത് പ്രണയത്തിലായ ഇറ്റാലിയൻ വംശജയായ സോണിയാ മൈനോ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. അങ്ങേരും അകാലത്തിൽ എൽടിടിഇ തീവ്രവാദികളുടെ കൈകൊണ്ട് കൊല്ലപ്പെട്ടു.

1998- ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ട് മുന്നേ രാജീവിന്റെ പത്നി സോണിയാ ഗാന്ധി രാഷ്ട്രീയ പ്രവേശനം നടത്തുകയും കോൺഗ്രസ് രാജവംശത്തിന്റെ പ്രസിഡന്റ് പദവി ഏറ്റെടുക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് കുറേ കാലം സോണിയാ ഭരണമായിരുന്നു. കാലം കടന്ന് പോയി, സോണിയക്ക് പ്രായമായി തുടങ്ങി. രാജവംശത്തിന്റെ കണക്ക് പ്രകാരം അധികാര കൈമാറ്റം നടത്തേണ്ടത് മക്കളിൽ ആണായി പിറന്ന രാഹുലിനാണ്. അപ്പനപ്പൂപ്പന്മാർ കൈയ്യടക്കി ഭരിക്കുന്ന ഈ കുടുംബ പാർടിയിൽ കൈയ്യകലത്തിൽ എന്തും കിട്ടി വളർന്ന ചെറുക്കൻ അക്കാലത്തിനിടെ സ്വന്തമായി ഒരു ചായ പോലുമുണ്ടാക്കാൻ അറിയാത്ത, പട്ടി ഓടിക്കാൻ വന്നാൽ ഒരു വടിയെടുത്ത് കൈയ്യിൽ പിടിക്കാൻ പോലുമറിയാത്ത ഒരു മൊയന്ത് ചെക്കനായിരുന്നു. എന്ന് കരുതി അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ, അധികാരം കൈവിട്ട് പോകില്ലേ. അത് കൊണ്ട് മാത്രം അയാളെയും പിടിച്ച് രാഷ്ട്രീയത്തിൽ സ്ഥാപിച്ചു.

ആ രാഹുൽ ഗാന്ധിയെ എങ്ങനേലും പ്രധാന മന്ത്രി ആക്കുക എന്നതായിരുന്നു പിന്നീടുള്ള രണ്ട് പതിറ്റാണ്ടിന്റെ ഉദ്യമം. ആശാൻ വളരെയധികം പക്വമതിയായ രാഷ്ട്രീയക്കാരനും, വലിയ ജനപിന്തുണയുള്ള നേതാവുമായിരുന്നത് കൊണ്ട് ആ ഭാഗ്യം കോൺഗ്രസ് രാജവംശത്തിന് ഇതുവരെ ലഭിച്ചില്ല. അടുത്ത കാലത്തൊന്നും ലഭിക്കാനും ചാൻസില്ല. അതിനിടെ പെങ്ങൾ പ്രിയങ്കാ വാദ്ര കൂടി നേരിട്ട് ദേശീയ നേതൃസ്ഥാനത്തെത്തി എം.പിയൊക്കെ ആയി.

ഇന്ദിരാ – വാദ്ര കുടുംബത്തിൽ രാജ്യത്തിന്റെ അധികാരം കേന്ദ്രീകരിക്കണമെന്ന കോൺഗ്രസിന്റെ നിർബന്ധ ബുദ്ധിയാണ് രാജ്യം ഇന്നനുഭവിക്കുന്ന പകുതി പ്രശ്നങ്ങളുടെ കാരണവും ബിജെപിയുടെ സൗഭാഗ്യവും. കോൺഗ്രസ് പാർടിയിലെ കൊള്ളാവുന്ന എല്ലാ നേതാക്കളെയും ഉൽപതിഷ്ണുക്കളേയും ഈ കുടുംബത്തിന് വേണ്ടി പുകച്ച് പുറത്താക്കി. കെ. സി വേണുഗോപാലിനെ പോലുള്ള കച്ചവട രാഷ്ട്രീയക്കാർ എഴുതി കൊടുക്കുന്നത് ഏറ്റുചൊല്ലുക എന്നതല്ലാതെ സ്വന്തമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നറിയില്ല.

അടിമകളാൽ സമ്പന്നമായ അങ്ങനെയൊരു പാർടി രാജവംശത്തിൽ ജനിച്ചു എന്ന ഒറ്റക്കാരണത്താൽ നാലാളറിഞ്ഞ ഒരുത്തൻ. എന്നിട്ട് കേരളത്തിൽ വന്ന് പ്രസംഗിക്കുകയാണ് പിണറായി വിജയൻ കുടുംബത്തിന്റെ വേണ്ടി കേരളത്തെ തകർത്തു എന്ന്. അമൂൽ ബേബി എന്നത് അയാൾക്ക് ലഭിക്കാവുന്ന ഏറ്റവും മാന്യമായ വിശേഷണമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.