...
Home News National ‘പുരാതനമായ ശാപം’; എന്തുകൊണ്ടാണ് ദീപാവലി ഈ ഹിമാചൽ ഗ്രാമത്തെ വേട്ടയാടുന്നത്?

‘പുരാതനമായ ശാപം’; എന്തുകൊണ്ടാണ് ദീപാവലി ഈ ഹിമാചൽ ഗ്രാമത്തെ വേട്ടയാടുന്നത്?

ആചാരങ്ങളിലൂടെയും പൂജകളിലൂടെയും ഈ ശാപം നീക്കാൻ പലതവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്

24

ഇന്ത്യയിലുടനീളം ദീപാവലി വളരെ ആവേശത്തോടെ ആഘോഷിക്കുമ്പോൾ, വീടുകളും തെരുവുകളും ദീപങ്ങളാല്‍ പ്രകാശിക്കുമ്പോള്‍ ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ മാത്രം ആ ആഹ്ലാദക്കടലില്ല. നൂറ്റാണ്ടുകളായി ഇവിടെ ദീപാവലി ആഘോഷിക്കാറില്ല. ഇതിന് പിന്നില്‍ ഒരു ഗ്രാമത്തിന്റെ മുഴുവൻ പേടിസ്വപ്നമായ ആ പഴയ ശാപത്തിന്റെ കഥയുണ്ട്.

ഹാമിർപൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള ‘സമ്മൂ’ (Sammu) ഗ്രാമത്തിലാണ് ഇത്തരമൊരു വിചിത്രമായ ആചാരമുള്ളത്. 100 വർഷത്തിലേറെയായി ഇവിടുത്തെ ഗ്രാമവാസികൾ ദീപാവലി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

ശാപത്തിന് പിന്നിലെ ചരിത്രം

ഈ ആചാരത്തിന് പിന്നില്‍ ഒരു സ്ത്രീയുടെ കണ്ണീരിന്റെയും ശാപത്തിന്റെയും കഥയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമത്തിലെ ഒരു സ്ത്രീ ഭർത്താവിന്റെ ചിതയിൽ ചാടി സതി അനുഷ്ഠിക്കുകയും, തന്റെ മരണത്തിന് കാരണക്കാരായ ഗ്രാമത്തില്‍ ഇനി ഒരിക്കലും ദീപാവലി ആഘോഷിക്കരുതെന്ന് ശപിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. പിന്നീട് സതി സമ്പ്രദായം നിരോധിക്കപ്പെട്ടെങ്കിലും, അന്ന് ആ സ്ത്രീ നൽകിയ ശാപം ഇന്നും ഗ്രാമവാസികളുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയ ഭയമായി നിലനില്‍ക്കുന്നു.

ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍

ആരെങ്കിലും ദീപാവലി ആഘോഷിക്കാൻ ശ്രമിച്ചാൽ ഗ്രാമത്തിൽ നിർഭാഗ്യമോ വലിയ നഷ്ടമോ ഉണ്ടാകുമെന്നാണ് ഇവിടുത്തെ വിശ്വാസം.

  • ദുരന്തങ്ങളുടെ നിഴൽ: പാരമ്പര്യം ലംഘിച്ച് ആഘോഷിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഗ്രാമത്തിൽ തീപിടുത്തങ്ങളും അകാല മരണങ്ങളും ഉള്‍പ്പെടെയുള്ള വലിയ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു.
  • ഒഴിവാക്കപ്പെടുന്ന ആഘോഷങ്ങൾ: ദീപാവലി ദിവസങ്ങളിൽ ഇവിടെ ആരും പ്രത്യേക ഭക്ഷണങ്ങൾ പാകം ചെയ്യാറില്ല. പടക്കം പൊട്ടിക്കുകയോ വീടുകൾ അലങ്കരിക്കുകയോ ഇല്ല. പലരും അന്ന് വീടുകൾക്കുള്ളിൽ തന്നെ കഴിയാനാണ് ഇഷ്ടപ്പെടുന്നത്.

മാറാത്ത വിധിക്ക് മുന്നില്‍ നെടുവീർപ്പോടെ ഗ്രാമം

തലമുറകളായി കൈമാറിവന്ന ഈ ഭയം കാരണം കുട്ടികൾ പോലും ഈ ശാപത്തെപ്പറ്റി അറിഞ്ഞാണ് വളരുന്നത്. വര്‍ഷങ്ങളായി ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമം പല ഗ്രാമീണരും പങ്കുവെക്കുന്നുണ്ട്.

എല്ലായിടത്തും ആഘോഷങ്ങൾ കാണുമ്പോൾ തങ്ങളുടെ ഉള്ളിലും സന്തോഷം നിറയാറുണ്ടെങ്കിലും, ഗ്രാമത്തിലെ ആചാര ഭയം കാരണം തങ്ങൾക്ക് അതിന് കഴിയുന്നില്ലെന്ന് ഗ്രാമീണയായ വിദ്യാദേവി പറയുന്നു. മറ്റ്‌ സ്ഥലങ്ങളിലെ ആഘോഷങ്ങൾ കാണാൻ മാത്രമായി ഈ ദിവസങ്ങളിൽ ഗ്രാമവാസികൾക്ക് അടുത്തുള്ള മറ്റ് ഗ്രാമങ്ങളിലേക്ക് പോകേണ്ടി വരുന്നു എന്നതാണ് യാഥാർത്ഥ്യം.

ആചാരങ്ങളിലൂടെയും പൂജകളിലൂടെയും ഈ ശാപം നീക്കാൻ പലതവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.