രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിനെ കൂടി നേരിടാൻ 3 മാസങ്ങൾ മാത്രം ബാക്കിനിൽക്കേ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ് വമ്പൻ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലാതെയായിരുന്നു. മുഴുവൻ സമയം ധനമന്ത്രിയായ ഒരു വനിത അവതരിപ്പിക്കുന്ന ആദ്യ കേന്ദ്രബജറ്റെന്ന പ്രത്യേകതയും ഈ ബജറ്റിനുണ്ടായിരുന്നു.
ബജറ്റിൽ കാര്യമായ ഒന്നുമില്ലെന്നും പതിവ് പോലെ വാചകമടി മാത്രമായിരുന്നുവെന്നുമായിരുന്നു ശശി തരൂരിന്റ പ്രതികരണം. സമ്പദ് വ്യവസ്ഥയുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുള്ള സന്നദ്ധത ഇല്ലാതെയുള്ള നിരാശാജനകമായ പ്രസംഗമായിരുന്നെന്നും അദ്ദേഹം വിമർശിച്ചു.
പ്രധാന പ്രഖ്യാപനങ്ങൾ
സംസ്ഥാനങ്ങൾ 50 വർഷ കാലാവധിയിൽ 75,000 കോടി രൂപയുടെ പലിശ രഹിത വായ്പ
നികുതി നിരക്കുകളിൽ മാറ്റമില്ല
പുരപ്പുര സോളാർ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി
വാടക വീടുകളിലോ ചേരികളിലോ കോളനികളിലോ താമസിക്കുന്ന മധ്യവർഗത്തിലെ അർഹരായ വിഭാഗങ്ങൾക്ക് സ്വന്തമായി വീട് വാങ്ങാനോ നിർമ്മിക്കാനോ സഹായിക്കുന്നതിന് പദ്ധതി ആരംഭിക്കും
നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും
ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആശാ പ്രവർത്തകർക്കും എല്ലാ അംഗൻവാടി ജീവനക്കാർക്കും ഹെൽപ്പർമാർക്കും വ്യാപിപ്പിക്കും
സ്ത്രീകൾക്കിടയിൽ വർധിച്ചുവരുന്ന സെർവിക്കൽ കാൻസർ പ്രതിരോധത്തിനായി വാക്സിനേഷൻ പദ്ധതികൾ ശക്തിപ്പെടുത്തും.
സക്ഷമ അംഗൻവാടി-പോഷൻ 2.0 പദ്ധതിക്കുകീഴിൽ, പോഷകാഹാരവിതരണവും ശിശുപരിചരണവും വികസനവും ഉറപ്പുവരുത്താൻ അംഗൻവാടികൾ നവീകരിക്കും.
കുട്ടികൾക്കിടയിലെ പ്രതിരോധകുത്തിവെപ്പ് ശക്തിപ്പെടുത്താൻ ആരംഭിച്ച മിഷൻ ഇന്ദ്രധനുഷ് പദ്ധതിയുടെ നടത്തിപ്പിനായി രൂപകൽപന ചെയ്ത യു-വിൻ പ്ലാറ്റ്ഫോം രാജ്യത്തുടനീളം വ്യാപിപ്പിക്കും.
വരുന്ന സാമ്പത്തിക വർഷത്തിൽ മൂന്ന് റെയിൽവേ ഇടനാഴി സ്ഥാപിക്കും
40,000 സാധാരണ റെയിൽ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയർത്തും
മെട്രോ റെയിൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും
അടുത്ത അഞ്ചുകൊല്ലത്തിൽ പി.എം.എ.വൈയിലൂടെ രണ്ടുകോടി വീടുകൾ കൂടി നിർമിച്ചുനൽകും.
വ്യോമയാന മേഖലയിൽ 570 പുതിയ റൂട്ടുകൾ സൃഷ്ടിക്കും. രാജ്യത്ത് 249 വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കും.
അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാർക്കുകൾ കൂടി സ്ഥാപിക്കും. മത്സ്യബന്ധനമേഖലയിൽ 55 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.



