...
Home News Kerala കേരളത്തിലെ ഒരു എംഎൽഎ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്‌തു: പിവി അൻവർ

കേരളത്തിലെ ഒരു എംഎൽഎ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്‌തു: പിവി അൻവർ

പൊളിറ്റിക്കൽ നെക്‌സസിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും അൻവർ

260

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ദ്രൗപദി മുർമുവിന് ഒരു വോട്ട് കിട്ടിയെന്നും ഈ വോട്ട് ഒരു അബദ്ധമായി കാണാനാവില്ലെന്നും നിലമ്പൂർ എംഎൽഎ പിവി അൻവർ. തെളിവ് സഹിതമാണ് പിവി അൻവർ ആരോപണം ഉന്നയിച്ചത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരസ്പര സഹകരണ കച്ചവടത്തിൻ്റെ ടോക്കൺ അഡ്വാൻസ് ആയിരുന്നു രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ബിജെപിക്ക് നൽകിയ ആ വോട്ടെന്നും അൻവർ ആരോപിച്ചു. പൊളിറ്റിക്കൽ നെക്‌സസിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:

2022ൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 140 എം.എൽ.എ.മാരും വോട്ട് ചെയ്തിരുന്നു. കക്ഷിരാഷ്ട്രീയം അനുസരിച്ച് ഈ 140 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീ. യശ്വന്ത് സിൻഹക്കാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ എൻ.ഡി.എ.യുടെ സ്ഥാനാർത്ഥിയായിരുന്ന ശ്രീമതി ദ്രൗപദി മുർമുവിന് അപ്രതീക്ഷിതമായി കേരളത്തിൽ നിന്നും 1 വോട്ട് കിട്ടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എൻ.ഡി.എ.ക്ക് വോട്ട് വേണം എന്ന സംഘപരിവാർ നിർബന്ധം നടന്നു.

കേരളത്തിൽ നിന്നു മാത്രമാണ് സംഘപരിവാറിന് വോട്ട് കിട്ടാൻ സാധ്യതയില്ലാതിരുന്നത്. ഈ വോട്ട് ഒരു അബദ്ധമായി കണ്ടുകൂട. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരസ്പര സഹകരണ കച്ചവടത്തിൻ്റെ ടോക്കൺ അഡ്വാൻസ് ആയിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ബി.ജെ.പി.ക്ക് നൽകിയ ആ വോട്ട്. പൊളിറ്റിക്കൽ നെക്‌സസിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്.

സർക്കാരിനെതിരായ ആരേപണങ്ങൾ കടുപ്പിക്കുകയാണ് പിവി അൻവർ. പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി ധാരണയിലെത്തിയെന്ന ആരോപണവും പിവി അൻവർ നേരത്തേ ഉയർത്തിയിരുന്നു. പാലക്കാട് സിപിഎം ബിജെപിക്കും ചേലക്കരയിൽ ബിജെപി സിപിഎമ്മിനും വോട്ട് മറിക്കും. ഇതാണ് ഇവർ തമ്മിലുള്ള ധാരണ. ഈ ധാരണകൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത് എഡിജിപി എംആർ അജിത്കുമാർ ആണെന്നും പിവി അൻവർ ആരോപിച്ചിരുന്നു. അതുകൊണ്ടാണ് അജിത്കുമാറിനെ പാർട്ടി തള്ളിപ്പറയാത്തതെന്നും അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.