...
Home News Kerala ‘ഉന്നത രാഷ്ട്രീയ നേതാക്കളുമായി ‘അനന്തു കൃഷ്‌ണന് ബന്ധം’; കസ്റ്റഡി അപേക്ഷയിലെ വിവരങ്ങൾ പുറത്ത്

‘ഉന്നത രാഷ്ട്രീയ നേതാക്കളുമായി ‘അനന്തു കൃഷ്‌ണന് ബന്ധം’; കസ്റ്റഡി അപേക്ഷയിലെ വിവരങ്ങൾ പുറത്ത്

സാധാരണക്കാരെ പറ്റിച്ച് അനന്തു കൃഷ്‌ണൻ സമ്പാദിച്ച കോടികൾ പ്രധാനമായും നിക്ഷേപിച്ചത് ഭൂമി വാങ്ങിക്കൂട്ടാനാണ്

229

ഭൂലോക തട്ടിപ്പ് നടത്തിയ അനന്തു കൃഷ്‌ണൻ്റെ കസ്റ്റഡി അപേക്ഷയിൽ പ്രതിക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമെന്ന് വിവരം. കൂട്ടുപ്രതികൾ ഉന്നത ബന്ധമുള്ള രാഷ്ട്രീയ നേതാക്കളാണ്. പല ബന്ധുക്കളുടെ പേരിലും പണം കൈമാറി. അനന്തു കൃഷ്‌ണന് കേരളത്തിന് പുറത്ത് ബിനാമി പേരിൽ സ്വത്തുക്കളുണ്ട്. തട്ടിയെടുത്ത പണം ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചുവെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. രണ്ട് കേസുകളിൽ കൂടി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

സാധാരണക്കാരെ പറ്റിച്ച് അനന്തു കൃഷ്‌ണൻ സമ്പാദിച്ച കോടികൾ പ്രധാനമായും നിക്ഷേപിച്ചത് ഭൂമി വാങ്ങിക്കൂട്ടാനാണ്. സഹോദരിയുടെയും അമ്മയുടെയും സഹോദരി ഭർത്താവിൻ്റെയും പേരിൽ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും കർണാടകയിലുമായി വാങ്ങിയത്. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ ഭൂമി കണ്ടുകെട്ടാൻ ആണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. അനന്തു കൃഷ്‌ണൻ ജയിലിൽ പോയതിന് പിന്നാലെ അമ്മയും സഹോദരിയും അടക്കം വീടുപൂട്ടി മുങ്ങുകയും ചെയ്‌തു.

സാധാരണക്കാരന് പകുതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും കൊടുക്കാമെന്ന് വാഗ്ദാനം നൽകി വാങ്ങിയ പണം ഉപയോഗിച്ചാണ് അനന്തു കൃഷ്‌ണൻ സഹോദരിയുടെയും അമ്മയുടെയും സഹോദരി ഭർത്താവിൻ്റെയും പേരിൽ കോടിക്കണക്കിന് രൂപയുടെ ഭൂമി സ്വന്തമാക്കിയത്. സഹോദരിയുടെ വീടിന് മുന്നിൽ 13 സെൻറ് സ്ഥലവും തൊട്ടടുത്തുതന്നെ ഒരേക്കർ റബ്ബർ തോട്ടവും, 33 സെൻ്റ് ഭൂമിയും ചോദിച്ച പണം കൊടുത്താണ് വാങ്ങിയത്.

പാലാ നഗരത്തിൽ കോടികൾ വിലവരുന്ന 40 സെൻറ് ഭൂമിയാണ് അമ്മയുടെ പേരിൽ വാങ്ങിയത്. ഇതിനുപുറമേ പാലക്കാട് തെങ്ങിൻ തോട്ടവും, കർണാടകത്തിൽ മുന്തിരിത്തോട്ടവും തട്ടിപ്പ് പണം ഉപയോഗിച്ചു വാങ്ങി. മുമ്പ് തന്നെ തട്ടിപ്പ് നടത്തി പരിചയമുള്ള ആളാണ് അനന്തു കൃഷ്‌ണൻ എന്ന് നാട്ടുകാരും പറയുന്നു.

ഇതിനുപുറമേ, തട്ടിപ്പ് പണം ഉപയോഗിച്ച് കാറുകളും ബൈക്കുകളും അടക്കം വാങ്ങിക്കൂട്ടിയിരുന്നു. ഇതിൽ മൂന്ന് കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. 19 അക്കൗണ്ടുകളിലൂടെ ആണ് തട്ടിപ്പ് പണം കൈകാര്യം ചെയ്‌തിരുന്നത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ എല്ലാം പോലീസ് മരവിപ്പിച്ചു.

മൂവാറ്റുപുഴ നഗരത്തിൽ തന്നെ മുഴുവൻ പണവും കൊടുത്ത് സ്വന്തമാക്കിയ രണ്ട് ഭൂമികളുടെ രജിസ്ട്രേഷൻ നടത്താനും അനന്തു കൃഷ്‌ണൻ പദ്ധതി ഇട്ടിരുന്നു. ജയിലിൽ ആയതിനാൽ മാത്രമാണ് ഈ രജിസ്ട്രേഷൻ നടക്കാതെ പോയത്. തട്ടിപ്പ് പണം ഉപയോഗിച്ച് സ്വന്തമാക്കിയ ഈ ഭൂമിയെല്ലാം കണ്ടുകെട്ടാൻ അടുത്ത ദിവസം തന്നെ നടപടി ആരംഭിക്കുകയാണ് പോലീസിൻ്റെ നീക്കം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.