...
Home News Kerala അൻവറല്ല, വിഷയം ഉത്തരങ്ങളാണ്; അത് തേടുന്നുണ്ട് കാലവും മനുഷ്യരും ഇടതുപക്ഷവും

അൻവറല്ല, വിഷയം ഉത്തരങ്ങളാണ്; അത് തേടുന്നുണ്ട് കാലവും മനുഷ്യരും ഇടതുപക്ഷവും

2004-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ 46% വോട്ടുനേടിയ ഇടതുപക്ഷം ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ നേടിയത് 34% -ൽ താഴെ മാത്രം വോട്ടുകളാണ്. അതായത്, നഷ്ടപ്പെട്ടത് 12% വോട്ടുകൾ .

331

| പി ജി പ്രേംലാൽ

അൻവർ എങ്ങോട്ടുപോകും എന്നതിനേക്കാൾ പ്രധാനം എന്തുകൊണ്ട് പോകുന്നുവെന്നതും അതിന് കാരണമാകുന്ന അയാൾ ഉന്നയിച്ച വിഷയങ്ങളുമാണ്. 2004-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ 46% വോട്ടുനേടിയ ഇടതുപക്ഷം ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ നേടിയത് 34% -ൽ താഴെ മാത്രം വോട്ടുകളാണ്. അതായത്, നഷ്ടപ്പെട്ടത് 12% വോട്ടുകൾ .

എന്നും ഇടതുപക്ഷത്തിൻ്റെ അടിത്തറയായിരുന്ന ഈഴവരും മറ്റ് പിന്നാക്ക-പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരുമായ വോട്ടർമാർ മെല്ലെമെല്ലെ മാർക്സിറ്റ് പാർട്ടിയിൽ നിന്ന് കൊഴിഞ്ഞുപോകുന്നതിൻ്റെ അനന്തരഫലമായിരുന്നു വോട്ടുവിഹിതത്തിലെ ഈ വൻചോർച്ചയെന്ന് സുവ്യക്തം. അതിലെ വലിയൊരു പങ്കും പോയതാകട്ടെ ഹിന്ദുത്വപാർട്ടിയിലേയ്ക്കായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ വലതുപക്ഷവ്യതിയാനവും നേതൃത്വത്തിൽ നിലനില്ക്കുന്ന സവർണ്ണബോധവും ആ പാർട്ടികൾക്ക് പതിറ്റാണ്ടുകളായി നിരുപാധികം വോട്ടു ചെയ്തിരുന്ന അടിസ്ഥാനവർഗ്ഗങ്ങളെ കമ്മ്യൂണിസം എന്ന ആശയത്തിൽ നിന്നേ അകറ്റിക്കൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയുക എന്നതാണ് പരമപ്രധാനമായ കാര്യം.

ഒരു ജനതയിൽ നിന്ന് രാഷ്ട്രീയമായ ആശയാടിത്തറ ഒലിച്ചുപോയാൽ പിന്നെ അവരുടെ കാല്പാദങ്ങൾക്കു കീഴിലേയ്ക്കും ചങ്കിനകത്തേയ്ക്കും ഒഴുകിയെത്തുക മതാത്മകചിന്തയുടെ ലഹരിയായിരിക്കും എന്നത് മനസ്സിലാക്കപ്പെടേണ്ടതുണ്ട്. എന്തുകൊണ്ട് ആ ജനത ഇടതുപക്ഷത്തെ കൈയൊഴിയുന്നു എന്നതാകണം സുപ്രധാനമായ ചോദ്യം. ആ ചോദ്യത്തിനുത്തരം നൽകാൻ തയ്യാറാകാതെ “ദേ… പോയവരെ കണ്ടില്ലേ, അവർ വർഗ്ഗീയക്കൂട്ടത്തോടൊപ്പം ചേർന്നേ” എന്ന് കള്ളക്കരച്ചിൽ നടത്തിയിട്ട് കാര്യമൊന്നുമില്ല.
അൻവർ ഉന്നയിച്ച ചോദ്യങ്ങൾ, അയാൾ എങ്ങോട്ടു പോയാലും, ഇവിടെത്തന്നെ അവശേഷിക്കും.

സംഘപരിവാറുമായി പരസ്യബന്ധം പുലർത്തുന്ന ഒരു എഡിജിപിയെ, പൂരം കലക്കാൻ കൂട്ടു നിന്നയാളെന്ന ഇടതുസമൂഹത്തിൻ്റെ പൊതുബോധത്തിലെ പ്രതിയെ സംരക്ഷിക്കാൻ ആഭ്യന്തരമന്ത്രിയും പാർട്ടിയും എന്തിനു ശ്രമിക്കുന്നുവെന്ന ബഹുതലസ്പർശിയായ ഒന്നാം ചോദ്യമടക്കം. ആ ചോദ്യം ഉച്ചത്തിലുള്ള ശബ്ദത്തിൽ പുറത്തുവന്നത് അൻവറിലൂടെയായിരുന്നു എന്നു മാത്രമേയുള്ളൂ.

തൃശൂർ നഗരത്തിലൂടെ ഒന്നു കറങ്ങിയാൽ, അരിയങ്ങാടിയിലൂടെയും ശക്തൻ മാർക്കറ്റിലൂടെയും തേക്കിൻകാട് മൈതാനത്തിലൂടെയും ഒന്നു ചുറ്റിയടിച്ചാൽ നല്ല ഒന്നാന്തരം ഇടതുപക്ഷക്കാരായ സാധാരണക്കാർ പരസ്പരം ആ ചോദ്യവും സംശയവും പങ്കുവയ്ക്കുന്നതു കേൾക്കാം. അൻവറല്ല വിഷയം, ഉത്തരങ്ങളാണ്. അത് തേടുന്നുണ്ട്, കാലവും മനുഷ്യരും ഇടതുപക്ഷവും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.