അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആന്ത്രോപിക് എഐ (Anthropic AI) കമ്പനിയുടെ ക്ലോഡ് (Claude) അടക്കമുള്ള സാങ്കേതികവിദ്യകൾക്ക് യുഎസ് ഫെഡറൽ ഏജൻസികളിൽ വിലക്കേർപ്പെടുത്തി. ആറു മാസത്തിനുള്ളിൽ സൈനിക, രഹസ്യാന്വേഷണ മേഖലകളിൽ നിന്ന് ആന്ത്രോപിക്കിന്റെ ടൂളുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് ട്രംപിന്റെ നിർദ്ദേശം. അമേരിക്ക സാധാരണയായി ശത്രുരാജ്യങ്ങളിലെ കമ്പനികൾക്ക് (ഉദാഹരണത്തിന് ചൈനയിലെ വാവേ) നൽകുന്ന ‘വിതരണ ശൃംഖലയിലെ ദേശീയ സുരക്ഷാ ഭീഷണി’ എന്ന വിശേഷണമാണ് സ്വന്തം രാജ്യത്തെ കമ്പനിയായ ആന്ത്രോപിക്കിന് യുഎസ് ഇപ്പോൾ നൽകിയിരിക്കുന്നത്.
യുഎസ് സൈന്യത്തിന് തങ്ങളുടെ എഐ മോഡലുകൾ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന പെന്റഗണിന്റെ ആവശ്യം ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയി തള്ളിയതാണ് ഈ തർക്കത്തിന് ആധാരം. നിരീക്ഷണം, ഓട്ടോണമസ് ആയുധങ്ങളുടെ വിന്യാസം എന്നിവയ്ക്കായി എഐ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കമ്പനി. മനുഷ്യന്റെ മേൽനോട്ടം ആവശ്യമില്ലാത്ത ആയുധ സംവിധാനങ്ങൾക്കായി തങ്ങളുടെ സാങ്കേതികവിദ്യ വിട്ടുനൽകില്ലെന്ന് കമ്പനി അന്ത്യശാസനത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു.
ഈ നിലപാടിലൂടെ ഏകദേശം 20 കോടി ഡോളറിന്റെ (200 മില്യൺ) സർക്കാർ കരാറാണ് കമ്പനിക്ക് നഷ്ടമാകുന്നത്. ഭരണകൂടത്തിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്നും ഒരു അമേരിക്കൻ കമ്പനിക്കെതിരെ ഇത്തരമൊരു നീക്കം മുമ്പുണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് ആന്ത്രോപിക്കിന്റെ തീരുമാനം. ഈ വിലക്ക് പെന്റഗണുമായി ബന്ധപ്പെട്ട കരാറുകളെ മാത്രമേ ബാധിക്കൂ എന്നും വ്യക്തിഗത ഉപയോക്താക്കൾക്കും മറ്റ് വാണിജ്യ ഉപഭോക്താക്കൾക്കും ക്ലോഡ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
അതിനിടെ, ആന്ത്രോപിക്കിന്റെ നിലപാടിന് പിന്തുണയുമായി ഗൂഗിളിലെയും ഓപ്പൺഎഐയിലെയും ഇരുന്നൂറിലധികം ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. പെന്റഗൺ എഐ കമ്പനികളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. എന്നാൽ ആന്ത്രോപിക് വിസമ്മതിച്ച പശ്ചാത്തലത്തിൽ, സാം ഓൾട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പൺഎഐ യുഎസ് സൈനിക ശൃംഖലകളിൽ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനായി പെന്റഗണുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.



