സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കും മുസ്ലിം ലീഗിനുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ബിജെപി ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“മുസ്ലിം ലീഗിന്റെ ഒരു മന്ത്രി അവരുടെ രാഷ്ട്രീയ ലക്ഷ്യം മുഴുവൻ ‘മതം, മതം, മതം’ എന്നാണെന്ന് പറയുന്നു. അവരുടെ ആശയപ്രചാരകനായ കാന്തപുരം സ്ത്രീകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നും സൂചിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് അവരുടെ സമീപനം,” രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
കോൺഗ്രസ്-മുസ്ലിം ലീഗ് കൂട്ടുകെട്ടിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വം കേരളത്തിലെ വിഷയങ്ങളിൽ ബോധപൂർവ്വമായ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “ഡൽഹിയിലിരുന്ന് പുരുഷാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്ന രാഹുൽ ഗാന്ധിയും, ഉത്തരേന്ത്യയിൽ ‘ലഡ്കി ഹൂം, ലഡ് സക്തി ഹൂം’ എന്ന് പ്രസംഗിക്കുന്ന പ്രിയങ്ക ഗാന്ധിയും കേരളത്തിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന ഇത്തരം കടന്നുകയറ്റങ്ങളിൽ മൗനം പാലിക്കുന്നത് കോൺഗ്രസിന്റെ കാപട്യമാണ് കാണിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സ്ത്രീകൾക്ക് പുരുഷന്മാർക്കുള്ള അതേ ഭരണഘടനാപരമായ അവകാശങ്ങളും അവസരങ്ങളുമുണ്ടെന്നും അത് കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “സ്ത്രീകളുടെ അവകാശങ്ങൾ പിന്നോട്ടടിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ബിജെപി പല്ലും നഖവും ഉപയോഗിച്ച് രാഷ്ട്രീയമായും നിയമപരമായും എതിർക്കും,” രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
പിണറായി വിജയനെതിരെയും വിമർശനം
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രാജീവ് ചന്ദ്രശേഖർ കടുത്ത വിമർശനം ഉന്നയിച്ചു. പത്ത് വർഷം ഭരിച്ച പിണറായി വിജയൻ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർക്കുകയും യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയും ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു. സ്വന്തം കുടുംബാംഗങ്ങൾക്കെതിരെയുള്ള ആരോപണങ്ങളിൽ മറുപടി പറയാനാകാതെ വിഷമിക്കുന്ന സിപിഎം നേതൃത്വം, പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി ആർഎസ്എസ്- ബിജെപി ഭീഷണിയുടെ കഥകൾ മെനയുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും എല്ലാവർക്കും തുല്യാവകാശവും വികസനവും ഉറപ്പാക്കുന്ന ശക്തമായ പോരാട്ടമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


