...
Home News ഉറുമ്പുകൾ ഉറങ്ങാറില്ല; ഉറുമ്പുകളുടെ ആക്രമണത്തില്‍ പീഡിതരായി ഗ്രാമവാസികൾ

ഉറുമ്പുകൾ ഉറങ്ങാറില്ല; ഉറുമ്പുകളുടെ ആക്രമണത്തില്‍ പീഡിതരായി ഗ്രാമവാസികൾ

241

തമിഴ്‌നാട്ടിലെ കരന്തമല മലനിരകളുടെ താഴ് വരയിലാണ് വേലായുധംപെട്ടി ഗ്രാമം. കന്നുകാലിവളര്‍ത്തലും കൃഷിയുമൊക്കെയാണ് ഇവിടുത്തുകാരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. തണുപ്പും പച്ചപ്പും നിറഞ്ഞ ഗ്രാമം പുറംലോകത്തിന് ഒരു സ്വര്‍ഗ്ഗമെന്ന് തോന്നിയാലും ആ ഗ്രാമത്തിലെ ജനങ്ങള്‍ ജീവിക്കുന്നത് നരകതുല്യമായാണ്. കരന്തമലയിലാകെ കൈയ്യടക്കി വച്ചിരിക്കുന്നത് ലക്ഷക്കണക്കിന് ജോനന്‍ ഉറുമ്പുകളാണ്. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ഈ ഉറുമ്പുകള്‍ മലയുടെ താഴെയുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി വരും. മലമുകളിലേക്ക് കയറി ചെന്നാലും ഉറുമ്പുകള്‍ നമ്മെ പൊതിയാന്‍ വരും.

ജോനന്‍ ഉറുമ്പുകള്‍ ശരീരത്തിലാകമാനം അരിച്ച് കയറുകയാണ് ചെയ്യുന്നത്. അവ കടിക്കാറില്ല. ശരീരത്തിലേക്ക് അരിച്ച് കയറുമ്പോള്‍ തട്ടി താഴെയിടാന്‍ നോക്കിയാല്‍ ഉറുമ്പിൻ്റെ ശരീരത്തിലെ ശ്രവം ദേഹത്ത് പറ്റുകയും അവിടെയെല്ലാം മുറിവും വൃണവും ഉണ്ടാവുകയും ചെയ്യും. ഉറുമ്പിൻ്റെ ഈ ശ്രവം വീണഭാഗത്ത് ചൊറിച്ചിലും അസ്വസ്ഥതകളുമുണ്ടാവും. ഗ്രാമത്തിലെ മിക്കവാറും ആളുകളുടെയും ശരീരമൊക്കെ വിണ്ടു കീറിയാണിരിക്കുന്നത്. ചില ആളുകള്‍ക്ക് ഭാഗീകമായി കാഴ്‌ചയും നഷ്‌ടപ്പെട്ടിട്ടുണ്ട്.

മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും ഉറുമ്പുകള്‍ വെറുതെവിടാറില്ല. കന്നുകാലികളെയും ആടുകളുടെയും ഒക്കെ ശരീരത്തില്‍ ഇതേ പോലെയുള്ള വൃണങ്ങളുണ്ട്. കണ്ണിൻ്റെ കാഴ്‌ച പോയ കൂട്ടത്തില്‍ ആടുകള്‍ വരെയുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. ആട് പ്രസവിക്കുമ്പോള്‍ നോക്കിയിരുന്നില്ലെങ്കില്‍ ഉറുമ്പ് വന്ന് പൊതിഞ്ഞ് അവയെ കൊന്നുകളയും. ഗ്രാമവാസികള്‍ക്ക് ചെറിയ കുട്ടികള്‍ ഉണ്ടാകുമ്പോഴും ആശങ്കയാണ്. ഒന്ന് ശ്രദ്ധതെറ്റിയാല്‍ കുട്ടികളെ ഉറുമ്പ് പൊതിയും അവരുടെ ജീവന്‍ അപകടത്തിലാകും.

തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ വേലായുധംപെട്ടി, തനം, ഗോപാല്‍പെട്ടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇതേ അവസ്ഥ തന്നെയാണ്. മനുഷ്യനും മൃഗങ്ങള്‍ക്കുമപ്പുറം തെങ്ങും വാഴയും വലിയ മരങ്ങളും അവയില്‍ കൂടുകൂട്ടിയിരിക്കുന്ന പക്ഷികളെയുമൊന്നും ഉറുമ്പുകള്‍ വെറുതെ വിടാറില്ല. ഇവിടേയ്ക്ക് ഉറുമ്പുകൾ കൂട്ടത്തോടെ വരുന്നത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തമായ അറിവില്ല. അതുപോലെ ഇതിന് പരിഹാരമെന്ത് എന്നതിനെക്കുറിച്ചും ആര്‍ക്കും അറിയില്ല എന്നത് അത്ഭുതകരമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.