...
Home News Kerala പാർട്ടി സെക്രട്ടറിക്ക് പി.ശശിയ്ക്കെതിയുള്ള പരാതി; അൻവർ നീങ്ങുന്നത് സി.പി.എം നേതൃത്വത്തിൻ്റെ പിന്തുണയിൽ?

പാർട്ടി സെക്രട്ടറിക്ക് പി.ശശിയ്ക്കെതിയുള്ള പരാതി; അൻവർ നീങ്ങുന്നത് സി.പി.എം നേതൃത്വത്തിൻ്റെ പിന്തുണയിൽ?

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് പാർട്ടി സെക്രട്ടറിക്ക് നൽകിയതെന്നും ബാക്കി കാര്യങ്ങളെല്ലാം പാർട്ടിയും സർക്കാരും നോക്കിക്കോളുമെന്നും അൻവർ

202

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണം സിപിഎം നേതൃത്വം അന്വേഷിക്കുന്നു. വെള്ളിയാഴ്‌ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. അൻവറിൻ്റെ പരാതി ഗൗരവമുള്ളതാണെന്നാണ് സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

അതിനിടെ അൻവറിൻ്റെ നീക്കങ്ങൾ പാർട്ടി നേതൃത്വത്തിൻ്റെ അറിവോടെ എന്ന സംശയം ബലപ്പെടുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് സിപിഎം സംസ്ഥാന സെക്രട്ടറിക്കും അൻവർ നൽകിയത് പി.ശശിയെ ലക്ഷ്യമിട്ടാണ്. പി.ശശി ആഭ്യന്തരവകുപ്പ് അടക്കി ഭരിക്കുകയാണെന്ന പരാതി നേരത്തെ പാർട്ടി നേതൃത്വത്തിന് മുന്നിലുണ്ട്.

എഡിജിപി എം.ആർ അജിത് കുമാറിനും മറ്റ് പൊലീസുകാർക്കും എതിരെയുള്ള പരാതിയും പി.വി അൻവർ എം.വി ഗോവിന്ദനെ ധരിപ്പിച്ചതായാണ് അറിവ്. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പാർട്ടി സെക്രട്ടറിയെ കണ്ടശേഷം പി.വി അൻവർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങൾ അന്വേഷിച്ച് കണ്ടെത്താൻ കേരളാ പൊലീസിന് കഴിയുമെന്നും അന്വേഷണം അട്ടിമറിക്കുമെന്ന് തോന്നിയാൽ ആ ഘട്ടത്തിൽ ഇടപെടുമെന്നും പി.വി അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് പാർട്ടി സെക്രട്ടറിക്ക് നൽകിയതെന്നും ബാക്കി കാര്യങ്ങളെല്ലാം പാർട്ടിയും സർക്കാരും നോക്കിക്കോളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ഞാറാഴ്‌ചയാണ് പി.ശശിയ്ക്കും എംആർ അജിത് കുമാറിനും മലപ്പുറം മുൻ എസ്.പിയും പത്തനംതിട്ട എസ്.പിയുമായിരുന്ന സുജിത് ദാസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും അദ്ദേഹം ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ലെന്നും മലപ്പുറം ജില്ലയിലെ പല പ്രശ്നങ്ങളും അറിയിച്ചിട്ട് നടപടി ഉണ്ടായില്ലെന്നും പി.വി അൻവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

എം.ആർ അജിത് കുമാർ ഏറ്റവും വലിയ ദേശദ്രോഹിയാണെന്നും സ്വർണക്കടത്തിന് കൂട്ടു നിൽക്കുന്നെന്നും അജിത്കുമാറിൻ്റെ റോൾ മോഡൽ ദാവൂദ് ഇബ്രാഹിം ആണെന്നും അൻവർ പറയുന്നു. മുഖ്യമന്ത്രി പറയുന്നത് കേൾക്കാതെ ഇല്ലായ്‌മ ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എം.ആർ അജിത് കുമാർ അടങ്ങുന്നവർ എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളായിരുന്നു അജിത് കുമാറിനെതിരെ പി.വി അൻവർ ഉന്നയിച്ചത്.

സംഭവത്തെ തുടർന്ന് കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷൻ്റെ സമാപന സമ്മേളന വേദിയിൽ എഡിജിപി അജിത്കുമാർ സദസിലിരിക്കെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും കൂടാതെയുള്ള അന്വേഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.