കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷിനും കുറ്റവിമുക്തി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും കോടതി കുറ്റവിമുക്തനാക്കി. പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി (മൂന്ന്) കണ്ടെത്തി. 18 പ്രതികളെ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി കെ.വി. സുമേഷിനെതിരെ കൊലപാതകക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
കുറ്റക്കാരെന്ന് കണ്ടെത്തിയവർ:
- കെ.വി സുമേഷ് (ഒന്നാം പ്രതി), അനൂപ് (മൂന്നാം പ്രതി), പവിത്രൻ (ഏഴാം പ്രതി), മനോഹരൻ (ഒമ്പതാം പ്രതി), ദിനേശൻ (പത്താം പ്രതി), ബിജുമോൻ (12ാം പ്രതി), ഇ.പി രാധാകൃഷ്ണൻ (14ാം പ്രതി), ഷിജിൻ മോഹൻ (15ാം പ്രതി), കെ.വി സജിത്ത് (16ാം പ്രതി), വി.വി മോഹനൻ (25ാം പ്രതി), പുരുഷോത്തമൻ (26ാം പ്രതി), അജിത് കുമാർ (27ാം പ്രതി), പി.പി സുരേഷ് (28ാം പ്രതി)
2012 ഫെബ്രുവരി 20ന് നാടിനെ നടുക്കിയ കൊലപാതകം
2012 ഫെബ്രുവരി 20നാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരത്തിനടുത്ത് കീഴറ വള്ളുവൻകടവ് ചുള്ളിയോട് വയലിൽ വെച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനായ അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്.
അന്നത്തെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിന്റെ പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ഫെബ്രുവരി 19ന് അരിയിൽ മേഖലയിൽ മുസ്ലിം ലീഗും സിപിഐഎമ്മും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയായി ഫെബ്രുവരി 20ന് രാവിലെ പ്രദേശം സന്ദർശിക്കാനെത്തിയ പി. ജയരാജന്റെയും അന്നത്തെ കല്യാശ്ശേരി എംഎൽഎ ടി.വി. രാജേഷിന്റെയും വാഹനം അരിയിൽ മുസ്ലിം ലീഗ് ഓഫീസിന് സമീപം ഒരു സംഘം തടഞ്ഞിരുന്നു.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പിടികൂടി
സംഘർഷത്തിനിടെ ക്രിക്കറ്റ് കളിക്കുമ്പോൾ പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി ഷുക്കൂറും സുഹൃത്തുക്കളും തോണിയിൽ ചെറുകുന്ന് മിഷൻ ആശുപത്രിയിലേക്ക് പുറപ്പെട്ടിരുന്നു.
കീഴറ വള്ളുവൻകടവിൽ എത്തിയപ്പോൾ സിപിഐഎം പ്രവർത്തകർ ഇവരെ പിന്തുടർന്നുവെന്നും സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടിയപ്പോൾ തടഞ്ഞുവെച്ചെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയ ആരോപണം.
ഈ സമയത്ത് പി. ജയരാജനും ടി.വി. രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽവെച്ച് നേതാക്കളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയശേഷമാണ് ഷുക്കൂറിനെ വയലിൽവെച്ച് കുത്തിക്കൊലപ്പെടുത്തിയതെന്നാണ് സിബിഐ കുറ്റപത്രത്തിലെ ആരോപണം.
ഷുക്കൂറിനൊപ്പം ഉണ്ടായിരുന്ന സക്കരിയയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. പി.വി. അയ്യൂബ്, ഹാരിസ് എം.കെ., പി. അബ്ദുൽ സലാം എന്നിവരും ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടു.
സക്കരിയയുടെ മൊഴിയിൽ അന്വേഷണം തുടങ്ങി
സക്കരിയ നൽകിയ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വളപട്ടണം സി.ഐ യു. പ്രേമനായിരുന്നു അന്വേഷണത്തിന് നേതൃത്വം നൽകിയത്.
എന്നാൽ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ മാതാവ് പി. ആത്തിക്ക നിയമപോരാട്ടം നടത്തി. ഇതിന്റെ തുടർച്ചയായി 2016 ഫെബ്രുവരിയിൽ കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവായി.
മൂന്ന് വർഷത്തെ അന്വേഷണത്തിനുശേഷം 2019 ഫെബ്രുവരി 11നാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 81 സാക്ഷികളെയാണ് വിസ്തരിക്കാനുണ്ടായിരുന്നത്.
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ വിധി
കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും നേതാക്കളുടെ പങ്കും സംബന്ധിച്ച് വർഷങ്ങളായി രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച കേസാണ് അരിയിൽ ഷുക്കൂർ വധക്കേസ്.
പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാകാത്തതിനെ തുടർന്ന് കോടതി കുറ്റവിമുക്തരാക്കിയതോടെ കേസിലെ നിർണായക നിയമപോരാട്ടത്തിന് പുതിയ വഴിത്തിരിവായി. അതേസമയം, 13 പ്രതികൾ കുറ്റക്കാരാണെന്ന കോടതി കണ്ടെത്തലും കേസിൽ നിർണായകമായി.


