വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അർണാബ് ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഒക്ടോബർ 28ന് പുലർച്ചെയോടെ ആന്ധ്രാപ്രദേശ്–യാനം തീരങ്ങൾക്കിടയിൽ, ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിൽ യാനത്തിന് സമീപം ചുഴലിക്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് ആന്ധ്രാപ്രദേശിലും ഒഡീഷയിലും മുൻകരുതൽ നടപടികൾ ശക്തമാക്കി.
ഐഎംഡിയുടെ അറിയിപ്പ് പ്രകാരം, കഴിഞ്ഞ ആറു മണിക്കൂറിനിടെ മണിക്കൂറിൽ 23 കിലോമീറ്റർ വേഗത്തിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങിയ ചുഴലിക്കാറ്റ് ഒക്ടോബർ 26ന് രാത്രി 11.30ഓടെ പശ്ചിമ-മധ്യ ബംഗാൾ ഉൾക്കടലിൽ കേന്ദ്രീകരിച്ചിരുന്നു.
അന്ന് ചുഴലിക്കാറ്റിന്റെ കേന്ദ്രം വടക്കൻ അക്ഷാംശം 15.9 ഡിഗ്രിയിലും കിഴക്കൻ രേഖാംശം 86.0 ഡിഗ്രിയിലുമായിരുന്നു. ഒഡീഷയിലെ ഗോപാൽപൂരിൽനിന്ന് ഏകദേശം 400 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കായും വിശാഖപട്ടണത്തുനിന്ന് 350 കിലോമീറ്റർ തെക്കുകിഴക്കായും കാക്കിനടയിൽനിന്ന് 420 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായും മച്ചിലിപട്ടണത്തുനിന്ന് 520 കിലോമീറ്റർ കിഴക്കായും ബാപട്ലയിൽനിന്ന് 590 കിലോമീറ്റർ കിഴക്കായുമാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്തിരുന്നത്.
മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റ്
ഒക്ടോബർ 27 വൈകുന്നേരം വരെ ചുഴലിക്കാറ്റ് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലും തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലും നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തീരത്തെത്തുമ്പോൾ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയാകാമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു.
വിശാഖപട്ടണത്തെ ഡോപ്ലർ വെതർ റഡാർ ഉപയോഗിച്ച് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥവും തീവ്രതയും തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്.
ഒഡീഷയിൽ അങ്കണവാടികൾക്ക് അവധി
അർണാബ് ചുഴലിക്കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് ഒഡീഷയിലെ ഗഞ്ചം ജില്ലാ ഭരണകൂടം ഒക്ടോബർ 27 മുതൽ 29 വരെ ജില്ലയിലെ എല്ലാ അങ്കണവാടി കേന്ദ്രങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
അങ്കണവാടി ജീവനക്കാരും സഹായികളും അതത് പ്രദേശങ്ങളിൽ തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. കേന്ദ്രങ്ങൾ അടച്ചിടുന്ന ദിവസങ്ങളിലും ഗുണഭോക്താക്കൾക്ക് പോഷകാഹാര സഹായം മുടങ്ങാതിരിക്കാൻ നടപടികൾ സ്വീകരിക്കും. ഡ്രൈ റേഷൻ, ടേക്ക് ഹോം റേഷൻ (ടിഎച്ച്ആർ) എന്നിവ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിക്കാനാണ് തീരുമാനം.
ഗതാഗത മേഖലയിലും മുൻകരുതൽ
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമായ വാഹനഗതാഗതവും ഗതാഗത സംവിധാനങ്ങളുടെ തയ്യാറെടുപ്പും ഉറപ്പാക്കുന്നതിനായി ഒഡീഷ സംസ്ഥാന ഗതാഗത അതോറിറ്റിയും മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം, കാറ്റിന്റെ വേഗം, തീരംതൊടുന്ന സമയം എന്നിവ സംബന്ധിച്ച ഔദ്യോഗിക മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്ന് അധികൃതർ നിർദേശിക്കുന്നു.
വ്യാജ മുന്നറിയിപ്പുകൾ പ്രചരിപ്പിക്കരുതെന്ന്
ചുഴലിക്കാറ്റിനെക്കുറിച്ച് സ്ഥിരീകരിക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രവചനങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഒഡീഷ സർക്കാർ മാധ്യമങ്ങൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്, സ്പെഷ്യൽ റിലീഫ് കമ്മീഷണർ (എസ്ആർസി), ജില്ലാ ഭരണകൂടങ്ങൾ, മറ്റ് അംഗീകൃത ഏജൻസികൾ എന്നിവയുടെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നാണ് നിർദേശം.
സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ, അനൗദ്യോഗിക ചുഴലിക്കാറ്റ് സഞ്ചാരപഥങ്ങൾ, ഭീതിയുണ്ടാക്കുന്ന സാമൂഹികമാധ്യമ പ്രവചനങ്ങൾ എന്നിവ പ്രചരിപ്പിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. മൂന്നാംകക്ഷി പ്രവചനങ്ങളെയോ കാലാവസ്ഥാ മാതൃകകളിൽനിന്നുള്ള അനുമാനങ്ങളെയോ സ്ഥിരീകരിച്ച ഔദ്യോഗിക മുന്നറിയിപ്പുകളായി അവതരിപ്പിക്കരുതെന്നും അച്ചടി, ദൃശ്യ, ഡിജിറ്റൽ മാധ്യമങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലും തീവ്രതയിലും മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ നിരന്തരം നിരീക്ഷിക്കണമെന്നാണ് അധികൃതരുടെ നിർദേശം.


