...
Home News Kerala ബിഗ് ടിവിയുടെ വരവോടെ ബാര്‍ക്ക് റേറ്റിംഗില്‍ മാറ്റങ്ങളുടെ കാലം; കൂടുമാറ്റങ്ങള്‍ക്കിടയിലും ഏഷ്യാനെറ്റ് ന്യൂസ് അജയ്യര്‍

ബിഗ് ടിവിയുടെ വരവോടെ ബാര്‍ക്ക് റേറ്റിംഗില്‍ മാറ്റങ്ങളുടെ കാലം; കൂടുമാറ്റങ്ങള്‍ക്കിടയിലും ഏഷ്യാനെറ്റ് ന്യൂസ് അജയ്യര്‍

വാര്‍ത്തകളെ വെറും ഷോ ആയി മാറ്റുന്നതിനേക്കാള്‍ ശക്തമായ വാര്‍ത്താ ഉള്ളടക്കത്തിനാണ് പ്രേക്ഷകര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഈ ആഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നു.

288

മലയാളം ടെലിവിഷന്‍ വാര്‍ത്താ ചാനല്‍ രംഗത്ത് അവതാരകരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂടുമാറ്റങ്ങള്‍ ശക്തമാകുന്ന ഘട്ടത്തിലാണ് ബാര്‍ക്ക് (BARC) റേറ്റിംഗിലെ പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ബിഗ് ടിവിയുടെ വരവോടെ മേഖലയില്‍ ചലനമുണ്ടായെങ്കിലും, ചാനല്‍ റേറ്റിംഗില്‍ ഈ മാറ്റങ്ങള്‍ കാര്യമായി പ്രതിഫലിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിച്ചതും പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പോലുള്ള വിഷയങ്ങള്‍ വലിയ ചര്‍ച്ചയായതുമാണ് പ്രേക്ഷക പങ്കാളിത്തം വര്‍ധിപ്പിച്ചത്. ഇതിന്റെ ഗുണഫലമായി 96 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. കേരള ഓള്‍ യൂണിവേഴ്‌സ് വിഭാഗത്തില്‍ മുന്‍ ആഴ്ചയെക്കാള്‍ മൂന്ന് പോയിന്റ് വര്‍ധനയും ഏഷ്യാനെറ്റിന് ലഭിച്ചു.

81 പോയിന്റോടെ റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. പ്രമുഖ അവതാരകര്‍ ചാനല്‍ വിട്ടിട്ടും റേറ്റിംഗില്‍ വലിയ തിരിച്ചടിയില്ലെന്നത് ശ്രദ്ധേയമാണ്. ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായരുടെ ‘തമ്മില്‍ തമ്മില്‍’ ചര്‍ച്ചാ പരിപാടിയുടെ കരുത്തില്‍ ട്വന്റിഫോര്‍ 50 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. 38 പോയിന്റോടെ മനോരമ ന്യൂസ് നാലാം സ്ഥാനത്താണ്.

അഞ്ചാം സ്ഥാനത്തിനായി മാതൃഭൂമി ന്യൂസും ന്യൂസ് മലയാളം 24×7ഉം തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. കേരള യൂണിവേഴ്‌സ് വിഭാഗത്തിലെ ദശാംശ കണക്കുകളില്‍ ന്യൂസ് മലയാളത്തിനാണ് നേരിയ മുന്‍തൂക്കം. മാതൃഭൂമിയില്‍ നിന്ന് പ്രമുഖ അവതാരകര്‍ ചാനല്‍ വിട്ടത് റേറ്റിംഗിനെ ബാധിച്ചതായും വിലയിരുത്തപ്പെടുന്നു.

കേരളത്തിലെ ആദ്യ സ്വകാര്യ വാര്‍ത്താ ചാനല്‍ എന്ന നിലയില്‍ ശക്തമായ പരമ്പരാഗത പ്രേക്ഷക പിന്തുണയുള്ള ഏഷ്യാനെറ്റ് ന്യൂസ്, സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്താ സമീപനവും ശക്തമായ അന്വേഷണ വാര്‍ത്തകളും വഴിയാണ് മുന്നേറ്റം തുടരുന്നത്. പുതിയ വാര്‍ത്താ ചാനലായ ബിഗ് ടിവിയുടെ വരവ് രംഗത്ത് ഇളക്കം സൃഷ്ടിച്ചെങ്കിലും, നിലവിലെ റേറ്റിംഗില്‍ അത് ഏഷ്യാനെറ്റിനെ ബാധിച്ചിട്ടില്ല.

മറ്റ് ചാനലുകളുടെ നില ഇങ്ങനെ: ജനം ടിവി ആറാം സ്ഥാനത്ത് 26 പോയിന്റുമായി തുടരുന്നു. കൈരളി ന്യൂസ് 19 പോയിന്റോടെ ഏഴാം സ്ഥാനത്താണ്. 10 പോയിന്റുമായി ന്യൂസ് 18 കേരളം പട്ടികയുടെ അവസാന സ്ഥാനത്താണ്.

വാര്‍ത്തകളെ വെറും ഷോ ആയി മാറ്റുന്നതിനേക്കാള്‍ ശക്തമായ വാര്‍ത്താ ഉള്ളടക്കത്തിനാണ് പ്രേക്ഷകര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഈ ആഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങള്‍ കൃത്യമായി അവതരിപ്പിക്കുന്ന ചാനലുകള്‍ക്കാണ് പ്രേക്ഷക പിന്തുണ ലഭിക്കുന്നതെന്നതും ഈ കണക്കുകള്‍ അടിവരയിടുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.