ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പിന്നാലെ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് മുന്നണികള്‍. ജൂലൈ 10ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനഹിതത്തിൻ്റെ പ്രതിഫലനമാകുമോ എന്നത് എന്‍ഡിഎ, ഇന്‍ഡ്യ മുന്നണികളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ബംഗാളിലെ നാല് സീറ്റുകള്‍ അടക്കം 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് ആണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ബീഹാറിലെ റുപൗലി, ബംഗാളിലെ റായ്‌ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്‌ദാ, മണിക്തല, തമിഴ്‌നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമര്‍വാര, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗ്ലൂര്‍, പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് ഹിമാചല്‍ പ്രദേശിലെ ഡെഹ്‌റ, ഹാമിര്‍പൂര്‍, നലഗഡ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി മാറ്റവും നിലവിലെ നിയമസഭാ അംഗങ്ങളുടെ മരണവുമാണ് ഉപതിരഞ്ഞെടുപ്പിന് വഴിതെളിച്ചത്.
ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ആകെയുള്ള നാലില്‍ മൂന്ന് മണ്ഡലങ്ങളിലും ബിജെപി എംഎല്‍എമാര്‍ സ്ഥാനം രാജിവെച്ച് ത്രിണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും പിന്നീട് പാര്‍ലമെണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുകയും ആയിരുന്നു. റായ്‌ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്‌ദാ എന്നിവിടങ്ങളിലെ എംഎല്‍എമാരാണ് സ്ഥാനം രജിവെച്ച് ടിഎംസിയില്‍ ചേര്‍ന്നത്. മണിക്തല പരമ്പരാഗതമായി കോണ്‍ഗ്രസിൻ്റെ ശക്തി കേന്ദ്രമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഈ മണ്ഡലം തൃണമൂണ്‍ കോണ്‍ഗ്രസിൻ്റെ കൈവശമാണ്. സിറ്റിങ്ങ് എംഎല്‍എ സദന്‍ ആണ്.



