...
Home News Kerala മെട്രോ നഗരത്തിലെ കത്തുന്ന അങ്കത്തട്ട്; എറണാകുളം 2026-ൽ ആര് വാഴും?

മെട്രോ നഗരത്തിലെ കത്തുന്ന അങ്കത്തട്ട്; എറണാകുളം 2026-ൽ ആര് വാഴും?

പരമ്പരാഗത മുന്നണികളെ വിറപ്പിച്ചുകൊണ്ട് സിനിമാ-സാംസ്‌കാരിക പ്രമുഖരും ട്വന്റി 20-യും അണിനിരക്കുമ്പോൾ എറണാകുളം ഒരു 'സിനിമാറ്റിക്' ത്രില്ലറായി മാറിക്കഴിഞ്ഞു.

112

എറണാകുളം, ഇക്കുറി സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും നിർണായകമായ പോർക്കളമായി മാറിയിരിക്കുകയാണ്. പ്രവചനാതീതമായ രാഷ്ട്രീയ ചലനങ്ങളാണ് ഇക്കുറി ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും ദൃശ്യമാകുന്നത്. മെട്രോ നഗരത്തിന്റെ വികസന നേട്ടങ്ങൾക്കൊപ്പംതന്നെ സാമുദായിക ധ്രുവീകരണവും ഭരണവിരുദ്ധ വികാരവും ഇത്തവണത്തെ വോട്ടെടുപ്പിൽ നിർണായകമാകുമോ എന്ന ചോദ്യമാണ് എല്ലായിടത്തും ഉയരുന്നത്. പരമ്പരാഗത മുന്നണികളെ വിറപ്പിച്ചുകൊണ്ട് സിനിമാ-സാംസ്‌കാരിക പ്രമുഖരും ട്വന്റി 20-യും അണിനിരക്കുമ്പോൾ എറണാകുളം ഒരു ‘സിനിമാറ്റിക്’ ത്രില്ലറായി മാറിക്കഴിഞ്ഞു.

പറവൂർ മണ്ഡലത്തിൽ ഇക്കുറി വോട്ടർമാരുടെ മനസ്സിൽ ഒരു വലിയ സ്വപ്നമുണ്ട് – ഒരു മുഖ്യമന്ത്രിയെ ലഭിക്കുമോ എന്നത്. കാൽനൂറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീണ്ടും ജനവിധി തേടുമ്പോൾ, ജില്ലയ്ക്ക് ഒരു മുഖ്യമന്ത്രി പദത്തിലേക്കുള്ള വാതിലായി ഇത് മാറുമെന്ന് യു.ഡി.എഫ്. ക്യാമ്പുകൾ വിശ്വസിക്കുന്നു. സതീശനെ സ്വന്തം മണ്ഡലത്തിൽ തളച്ചിടുക എന്ന ലക്ഷ്യത്തോടെ ഇടതുമുന്നണി കയ്പമംഗലത്തെ എം.എ.ൽ.എയായ ഇ.ടി. ടൈസണെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ബി.ജെ.പി ഇക്കുറി വലിയ പ്രാധാന്യം നൽകുന്ന ഈ മണ്ഡലത്തിൽ വത്സലാ പ്രസന്നകുമാറിന്റെ സാന്നിധ്യം ത്രികോണ മത്സരത്തിന് ആക്കം കൂട്ടുന്നു.

ഇത്തവണത്തെ ഏറ്റവും വലിയ കൗതുകം ട്വന്റി 20 എന്ന ജനകീയ കൂട്ടായ്മ എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായതാണ്. കുന്നത്തുനാട് പോലുള്ള മണ്ഡലങ്ങളിൽ നിർണായകമായ വോട്ടുവിഹിതം നേടിയ ട്വന്റി 20 ഇത്തവണ അട്ടിമറി സൃഷ്ടിക്കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. എൻ.ഡി.എ. സഖ്യത്തിനായി അടൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ബാബു ദിവാകരനാണ് കുന്നത്തുനാട്ടിൽ മത്സരിക്കുന്നത്. തങ്ങളുടെ ശക്തികേന്ദ്രത്തിൽ പോലും പുറത്തുനിന്ന് സ്ഥാനാർഥിയെ കൊണ്ടുവരേണ്ടിവന്നു എന്ന ഇതര മുന്നണികളുടെ ആരോപണങ്ങളെ ട്വന്റി 20 എങ്ങനെ നേരിടുമെന്നത് നിർണായകമാണ്.

താരപ്രഭകൊണ്ടും എറണാകുളം ശ്രദ്ധിക്കപ്പെടുകയാണ്. തൃക്കാക്കരയിൽ ട്വന്റി 20-യ്ക്കായി അഖിൽ മാരാരും തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായരും മത്സരിക്കുന്നത് പുതുതലമുറ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടാണ്. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയയെ ആദ്യം പ്രഖ്യാപിച്ചെങ്കിലും വോട്ടർപ്പട്ടികയിൽ പേരില്ലാത്തതിനാൽ പിന്നീട് ജിബി പാത്തിക്കലിനെ മാറ്റേണ്ടി വന്നത് വലിയ വാർത്തയായിരുന്നു. ബി.ജെ.പി.യുടെ ഉറച്ച സീറ്റുകൾ ട്വന്റി 20-ക്ക് വിട്ടുനൽകിയതിൽ പ്രാദേശിക പ്രവർത്തകർക്കിടയിൽ നേരിയ അതൃപ്തി നിലനിൽക്കുന്നത് എൻ.ഡി.എയ്ക്ക് വെല്ലുവിളിയായേക്കാം.

ഇടതുമുന്നണി ഏറ്റവും കൂടുതൽ വിജയസാധ്യത കൽപ്പിക്കുന്ന കളമശ്ശേരിയിൽ മന്ത്രി പി. രാജീവ് തന്നെയാണ് വീണ്ടും അങ്കത്തിനിറങ്ങുന്നത്. എം.എൽ.എ. എന്ന നിലയിലും മന്ത്രി എന്ന നിലയിലും മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ ഇടതിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മുസ്ലിംലീഗിലെ വി.ഇ. അബ്ദുൾ ഗഫൂർ തന്നെയാണ് യു.ഡി.എഫിനായി ഇവിടെ മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തെ ആഭ്യന്തര തർക്കങ്ങൾ ഒഴിവാക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ്.

യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ ആലുവയിൽ തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് അൻവർ സാദത്ത് ജനവിധി തേടുന്നത്. അൻവർ സാദത്തിന്റെ കരുത്തിന് തടയിടാൻ മുൻ എം.പി എ.എം. ആരിഫിനെയാണ് സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്. തൃക്കാക്കരയിൽ പി.ടി. തോമസിന്റെ പിൻഗാമിയായി വന്ന ഉമ തോമസ് തന്റെ ഭൂരിപക്ഷം വർധിപ്പിക്കാൻ ഒരുങ്ങുമ്പോൾ, ഇടതുപക്ഷം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പുഷ്പാദാസിനെയാണ് പരീക്ഷണത്തിന് വിട്ടിരിക്കുന്നത്. നഗര കേന്ദ്രീകൃത വോട്ടുകൾ എങ്ങോട്ട് ഒഴുകും എന്നത് ഇവിടെ നിർണായകമാണ്.

ലത്തീൻ സമുദായത്തിന് വലിയ സ്വാധീനമുള്ള എറണാകുളം മണ്ഡലത്തിൽ അപ്രതീക്ഷിത അട്ടിമറിക്കാണ് ഇടതുമുന്നണി തയ്യാറെടുക്കുന്നത്. ഇതിനായി സി.പി.എം കൈവശംവെച്ചിരുന്ന സീറ്റ് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന് നൽകുകയും സാബു ജോർജിനെ സ്ഥാനാർഥിയാക്കുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർഥി ടി.ജെ. വിനോദും സാബു ജോർജും മുൻപ് കൊച്ചി കോർപ്പറേഷനിൽ വാർഡ് തലത്തിൽ ഏറ്റുമുട്ടിയിട്ടുള്ളവരാണ്. കൊച്ചിയിൽ കെ.ജെ. മാക്‌സിയെ നേരിടാൻ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് യു.ഡി.എഫ് ഇറക്കിയിരിക്കുന്നത്.

മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന്റെ രണ്ടാമൂഴം സുഗമമാകുമോ എന്നത് രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്ന കാര്യമാണ്. ഇടതുപക്ഷം യുവനേതാവ് എൻ. അരുണിനെയാണ് അദ്ദേഹത്തിനെതിരെ നിയോഗിച്ചിരിക്കുന്നത്. കോതമംഗലത്ത് ഹാട്രിക് വിജയം ലക്ഷ്യമിട്ട് ആന്റണി ജോൺ ഇറങ്ങുമ്പോൾ, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഷിബു തെക്കുംപുറത്തിലൂടെ മണ്ഡലം പിടിച്ചെടുക്കാനാണ് യു.ഡി.എഫ് നീക്കം. എൻ.ഡി.എ സഖ്യത്തിൽ ബി.ഡി.ജെ.എസിലെ അജി നാരായണൻ കൂടി എത്തുന്നതോടെ ഇവിടെ ത്രികോണ മത്സരം മുറുകുകയാണ്.

തൃപ്പൂണിത്തുറയിലും വൈപ്പിനിലും നടന്ന സ്ഥാനാർഥി മാറ്റങ്ങൾ കൗതുകകരമാണ്. വൈപ്പിൻ എം.എൽ.എയായിരുന്ന കെ.എൻ. ഉണ്ണികൃഷ്ണനെ മണ്ഡലം പിടിച്ചെടുക്കാൻ സി.പി.എം. തൃപ്പൂണിത്തുറയിലേക്ക് അയച്ചു. വൈപ്പിനിൽ ഉണ്ണികൃഷ്ണന് പകരം എം.ബി. ഷൈനിയാണ് ഇടതുപക്ഷത്തിനായി മത്സരിക്കുന്നത്. യു.ഡി.എഫ് ഇത്തവണ വൈപ്പിൻ പിടിക്കാൻ ടോണി ചമ്മണിയെയാണ് നിയോഗിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയിൽ കെ. ബാബുവിന്റെ നോമിനിയായ ദീപക് ജോയിയെയാണ് കോൺഗ്രസ് പരീക്ഷണത്തിന് ഇറക്കിയത്.

അങ്കമാലിയിൽ റോജി എം. ജോണിനെ നേരിടാൻ സി.പി.എം നേരിട്ട് സാജു പോളിനെ ഇറക്കിയത് യാക്കോബായ സമുദായ വോട്ടുകളിലുള്ള പ്രതീക്ഷ കാരണമാണ്. പിറവത്ത് അനൂപ് ജേക്കബിനെ നേരിടാൻ കോൺഗ്രസ് വിട്ടെത്തിയ സാബു കെ. ജേക്കബിനെയാണ് എൽ.ഡി.എഫ് കണ്ടെത്തിയത്. പെരുമ്പാവൂരിൽ മനോജ് മൂത്തേടനും ബേസിൽ പോളും നേർക്കുനേർ വരുമ്പോൾ കുന്നത്തുനാട് മുതൽ കൊച്ചി വരെ എറണാകുളത്തെ 14 പോർക്കളങ്ങളിലും തീപാറുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.