എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് (ജൂതപള്ളി) നേരെയുണ്ടായ ആക്രമണത്തില് നിര്ണായക വഴിത്തിരിവ്. പള്ളിക്ക് തീവെച്ച കേസിലെ പ്രതി എബിന് പോളിനെ ദേശീയ അന്വേഷണ ഏജൻസി (NIA) ചോദ്യം ചെയ്തു. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം കേന്ദ്ര ഏജൻസി ഏറ്റെടുത്തിരിക്കുന്നത്. ഭീകര വിരുദ്ധ സ്ക്വാഡും (ATS) പ്രതിയെ കസ്റ്റഡിയില് വാങ്ങി വിശദമായി ചോദ്യം ചെയ്യും.
സംഭവത്തിന്റെ പശ്ചാത്തലം
തിങ്കളാഴ്ച പുലര്ച്ചെയാണ് എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ജൂതപള്ളിയോട് ചേര്ന്നുള്ള ‘ബ്ലോസം’ നഴ്സറിക്ക് നേരെ ആക്രമണമുണ്ടായത്. പള്ളിയുടെ ഭാഗത്തേക്ക് തീവെക്കുകയായിരുന്നു. സംഭവത്തിന്റെ സെന്സിറ്റീവ് സ്വഭാവം കണക്കിലെടുത്ത് കൊച്ചി സിറ്റി പോലീസ് വ്യാപകമായ അന്വേഷണമാണ് നടത്തിയത്. സിസിടിവി ദൃശ്യങ്ങളും പ്രതി സഞ്ചരിച്ച കാറിന്റെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പുത്തന്കുരിശ് സ്വദേശിയായ എബിന് പോള് പിടിയിലായത്.
പ്രതിയുടെ വീട്ടില് നടത്തിയ പരിശോധനയിലും ഫോണ് വിവരങ്ങളിലും അന്വേഷണ സംഘത്തിന് വലിയ തോതിലുള്ള ദുരൂഹതകള് കണ്ടെത്താനായി:
- ടെലിഗ്രാം ചാറ്റുകളും ‘ബോസ്’ ബന്ധവും: പ്രതിയുടെ ഫോണിലെ ടെലിഗ്രാം ചാറ്റുകള് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടത്. ‘ബോസ്’ എന്ന് വിളിക്കുന്ന ഒരു വ്യക്തിയാണ് പ്രതിയെ നിയന്ത്രിച്ചിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
- മറ്റ് തീവെപ്പ് കേസുകളും: മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാര് ഷോറൂമിലുണ്ടായ തീവെപ്പിന് പിന്നിലും എബിന് തന്നെയാണ് എന്ന് പ്രതി പോലീസിന് മൊഴി നല്കിയിട്ടുണ്ട്.
- ക്രിപ്റ്റോ കറൻസി ഇടപാടുകള്: ഇത്തരം അട്ടിക്യമങ്ങള്ക്കും തീവെപ്പുകൾക്കുമായി എബിന് ക്രിപ്റ്റോ കറന്സി വഴി പണം സ്വീകരിച്ചിരുന്നതായും അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്.
ആക്രമണത്തിന്റെ ദൃശ്യങ്ങള് പ്രതി തന്റെ മൊബൈല് ഫോണില് ചിത്രീകരിച്ചിട്ടുമുണ്ട്. സംഭവത്തില് എന്ഐഎയും മറ്റ് രഹസ്യാന്വേഷണ ഏജന്സികളും സംയുക്തമായി തുടരന്വേഷണം നടത്തിവരികയാണ്.


