...
Home News National ആകാശത്തും കടലിനടിയിലും കുതിക്കുന്ന ‘അവതാർ’; ഇന്ത്യയുടെ യുദ്ധമുഖം മാറ്റാൻ ബെംഗളൂരു സ്റ്റാർട്ടപ്പിൻ്റെ ആംഫിബിയസ് ഡ്രോൺ

ആകാശത്തും കടലിനടിയിലും കുതിക്കുന്ന ‘അവതാർ’; ഇന്ത്യയുടെ യുദ്ധമുഖം മാറ്റാൻ ബെംഗളൂരു സ്റ്റാർട്ടപ്പിൻ്റെ ആംഫിബിയസ് ഡ്രോൺ

ഇന്ത്യൻ നാവികസേന ഈ ഡ്രോണിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്

294

ബെംഗളൂരു ആസ്ഥാനമായ ‘അക്വാ എയർ എക്‌സ്’ (AquaAirX) എന്ന സ്റ്റാർട്ടപ്പ് ആകാശത്തും വെള്ളത്തിനടിയിലും ഒരേപോലെ പ്രവർത്തിക്കാൻ കഴിയുന്ന ‘അവതാർ’ (Avataar) എന്ന ആംഫിബിയസ് ഡ്രോൺ വികസിപ്പിച്ചെടുത്തു. ആധുനിക യുദ്ധങ്ങളിൽ ആൾനാശം കുറച്ചുകൊണ്ട് ശത്രുക്കളെ പ്രഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ആളില്ലാ യുദ്ധവാഹനങ്ങൾ നിരീക്ഷണം, രഹസ്യവിവരങ്ങൾ ശേഖരിക്കൽ, എതിരാളികളുടെ പ്രതിരോധ സംവിധാനങ്ങളെ സമ്മർദ്ദത്തിലാക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ആകാശത്തുനിന്നും കടലിലേക്കും തിരിച്ചും ഒരുപോലെ സഞ്ചരിക്കാൻ കഴിയുന്ന ഈ ഡ്രോൺ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് വലിയ കരുത്താകും.

ഈ ആംഫിബിയസ് ഡ്രോണിന് 10 കിലോഗ്രാം ഭാരം വഹിച്ച് ഏകദേശം 145 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. ഏകദേശം അഞ്ച് മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാൻ കഴിയുന്ന ‘അവതാറിന്’ വായുവിലൂടെ പറന്നുവന്ന് കടലിലേക്ക് ഡൈവ് ചെയ്യാനും, ദൗത്യം പൂർത്തിയാക്കി വെള്ളത്തിൽ നിന്ന് തന്നെ വീണ്ടും വായുവിലേക്ക് പറന്നുയരാനും സാധിക്കും. രഹസ്യ നിരീക്ഷണം (ISR), സോണാർ സംവിധാനങ്ങൾ എന്നിവയ്ക്കായി ഈ ഡ്രോണിനെ ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നിട്ടെ മീനാക്ഷി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സഹപാഠികളായിരുന്ന ഗൗതമി, ജിതേന്ദ്ര കുമാർ എന്നിവരാണ് ഈ വിപ്ലവകരമായ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്. എയറോനോട്ടിക്കൽ എഞ്ചിനീയറിങ് പഠനകാലത്തെ ഒരു പ്രോജക്റ്റിൽ നിന്നാണ് ഇത്തരമൊരു ഡ്രോൺ നിർമ്മിക്കാനുള്ള ആശയം രൂപപ്പെട്ടത്. സാധാരണ ജോലികൾ ഉപേക്ഷിച്ച് സ്വന്തമായി ഒരു പ്ലാറ്റ്‌ഫോം നിർമ്മിക്കാനുള്ള ഇവരുടെ തീരുമാനമാണ് ‘അവതാറി’ലേക്ക് നയിച്ചത്. പ്രതിരോധ മന്ത്രാലയത്തിൻ്റെ ഐ- ഡെക്‌സ് (iDEX) പദ്ധതിക്ക് കീഴിലാണ് ഈ ഡ്രോൺ വികസിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്,.

പ്രതിരോധ ആവശ്യങ്ങൾക്ക് പുറമെ, കടലിനടിയിലെ പരിശോധനകളുടെ ചെലവ് 70 ശതമാനം വരെ കുറക്കാൻ അവതാറിന് കഴിയുമെന്ന് അക്വാ എയർ എക്‌സ് സിഇഒ ഗൗതമി അവകാശപ്പെടുന്നു. മത്സ്യകൃഷി നിരീക്ഷണം, ഓഫ്ഷോർ ഓയിൽ പ്ലാറ്റ്‌ഫോമുകളുടെയും വിൻഡ് ഫാമുകളുടെയും പരിശോധന എന്നിവയ്ക്കും ഈ ഡ്രോൺ പ്രയോജനപ്പെടും. ഇന്ത്യൻ നാവികസേന ഇതിനോടകം തന്നെ ഈ ഡ്രോണിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ അവതാർ ഡ്രോൺ പൂർണമായും പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.