| അനു പാപ്പച്ചൻ
“രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം ” -ഉണ്ണി മുകുന്ദൻ്റെ ആഹ്വാനമാണ്. വാസ്തവത്തിൽ ശ്രീരാമനെ കൊണ്ടുള്ള ഉപയോഗം ഇതു തന്നെ.രാമനെ വച്ച് സിംഹാസനത്തിൽ കയറിയിരിക്കാൻ പോകുന്ന രാജാവിൻ്റെ വൻ കട്ടൗട്ട് ദൈവത്തിനേക്കാൾ വലിപ്പത്തിൽ റോഡിലുണ്ട്. രാമനെ കാട്ടി, ദാ, നമ്മടെ രാജാവിനു വേണ്ടിയുള്ള രാജാവ് എന്ന് ജയ് വിളിക്കാൻ പറ്റുന്ന വിധം പ്രജകളെ പരുവപ്പെടുത്താൻ രാമനായി വ്രതമെടുത്തു തളർന്ന ‘ഒറ്റാന്തടി’ സൃഷ്ടിച്ചാൽ മതി.
സംഘപരിവാരത്തിന് ഇവിടത്തെ പൾസറിയാം. ‘നമ്മൾ ഹിന്ദുക്കൾ, നമ്മുടെ ഹിന്ദു രാജ്യം ‘ എന്ന് ഐക്യപ്പെടുത്താൻ തക്കവിധം മിത്തുകളെ കുഴമ്പു പരുവത്തിലാക്കുന്ന പണിയും രാപ്പകലില്ലാതെ അവർ നടത്തുന്നുണ്ടല്ലോ. ജാതിമതഭേദമെന്യേ രാമനെയും രാമായണവും കുട്ടിക്കാലം മുതലേ അറിയുന്ന മനുഷ്യർ ഇപ്പോഴും ഇവിടുണ്ട്..ആ രാമൻ ഒരിക്കലും ദേശീയ പുരുഷൻ അല്ലായിരുന്നു. പതാകക്കും മൃഗത്തിനും പക്ഷിക്കുമൊപ്പം അതുവരെ ഇല്ലാത്ത ഒരു ദേശീയ പുരുഷനെ ഉണ്ടാക്കി കൊണ്ടുവന്ന വിധം നേരിൽക്കണ്ട തലമുറയിൽപ്പെട്ടവരാണ് നമ്മൾ.
ആ നമ്മളുടെ മുന്നിൽ ജയ് ശ്രീറാം വിളിച്ച് മാപ്പ് പറയുന്നു നയന്‍താര.ഭക്തയാണ് ആരെയും വേദനിപ്പിക്കാനല്ല എന്ന് ചീട്ട് എഴുതിക്കൊടുക്കേണ്ടി വരുന്നു. മറ്റൊരു ഭക്തയെക്കൊണ്ട് ഭക്തിയുടെ റൂട്ട് മാപ്പ് മതദേശീയതയിലേക്ക് മാറ്റി വിടുന്നു. അക്ഷതവുമായി പരിചയക്കാരെ വീട്ടിലേക്കു വിടുന്നതും അതേ തന്ത്രം തന്നെ. പാവം ചിത്രയല്ലേ, എന്നപോലെ അയ്യോ, അരുതെന്നങ്ങനെ പറയും നമ്മടെ അയൽവക്കമല്ലേ എന്ന് -. ഇതേ ജയ് ശ്രീറാം, ഹിംസക്കും ഒരുളുപ്പുമില്ലാതെ ഉപയോഗിക്കുന്നോർക്കണം – വടക്കേ ഇന്ത്യയിൽ വാൾമുനയിൽ നിർത്തിയാണ് ജയ് ശ്രീറാം. ചവിട്ടിത്തൊഴിച്ചും പെണ്ണുങ്ങളെ നഗ്നരാക്കിയും ബലാത്സംഗം ചെയ്തും ഇതരരെ കൊന്നും വിളിക്കുന്നതും ജയ് ശ്രീറാം. വേറൊരു ദേശത്തെ കളിക്കാരനെ കൂക്കിവിളിക്കാൻ ജയ് ശ്രീറാം.
ഇവിടെ പാലക്കാടു നഗരസഭയിലെ ചീറ്റിപ്പോയ അങ്കം ഓർക്കുന്നല്ലോ. ഈ വക കാട്ടിക്കൂട്ടുമ്പോൾ ആത്മീയദൈവമായ രാമൻ അറബിക്കടലിൽ. രാമനെക്കൊണ്ട് വേറെയും ഉപയോഗങ്ങളുണ്ട്. അയോദ്ധ്യയിലെ ഇന്റർനാഷണൽ എയർപോർട്ടിൽ ആദ്യ വിമാനം പറന്നപ്പോൾ പ്രമുഖരുടെ നാവിൽ കേട്ടതും ജയ് ശ്രീറാം. അയ്യോ എന്തൊരു രാമഭക്തിക്കാർ എന്നു വിചാരിക്കും . അവിടത്തെ കർഷകരുടെ മണ്ണ് തുച്ഛവിലക്ക് തട്ടിയെടുത്ത് റിയൽ എസ്റ്റേറ്റ് മാഫിയാ വഴി എത്തിച്ചേർന്ന തെവിടെയെന്ന് റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു. ജയ് ശ്രീറാം പറഞ്ഞാൽ മതിയല്ലോ, അദാനിയാദികൾക്കും സൗകര്യം.
എന്തെങ്കിലും ചോദിച്ചാൽ / പറഞ്ഞാൽ പതിവുപോലെ വിദ്വേഷവും വിഭാഗീയതയും ആരോപിക്കാൻ, പ്രചരിപ്പിക്കാൻ കാവിസെറ്റ് റെഡിയാണ്. തീ കത്തിച്ചാൽ മതി., ആളിക്കത്തിക്കാൻ വികാരം ഉണർന്ന ഹിന്ദു തയ്യാർ. ജയിച്ചു വരുന്ന കുന്തളിപ്പിൽ, മുഖത്തു മൂത്രോത്സവം നടത്താൻ സംഘം ഒരിക്കലും ഉണർത്താൻ ആഗ്രഹിക്കാത്ത ഹിന്ദുവുമുണ്ട്. ജയ് ശ്രീറാം വിളി സഹിക്കാൻ വയ്യാത്തവർക്ക് പാകിസ്ഥാനിൽ പോകാം എന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പരസ്യമായി പറഞ്ഞല്ലോ.
‘രാമജന്മഭൂമി’ കഴിഞ്ഞ ഇലക്ഷൻ കാലത്തെ തുറുപ്പ് ആയി വികസിച്ച വിധം ആലോചിക്കുക. വംശീയവിദ്വേഷത്തിൻ്റെ വളത്തിലാണത് പുഷ്ടിപ്പെട്ട് വന്നത്. ഓരോ ഘട്ടത്തിലും ഹിന്ദുത്വയിലേക്കുള്ള കണക്ടിങ്ങ് പടികൾ സൃഷ്ടിച്ചത് അധികാരത്തിനാണ്. അയോദ്ധ്യ മത രാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ മുറിവുയാത്രയാണ്.
വഴി നീളെ അതിൻ്റെ ചോരയും കണ്ണീരു മുണ്ട്. ഫാസിസo വരുമോ, വന്നോ, വന്നല്ലേ എന്നതോന്നലില്ലേ?.. അതു തന്നെയാണതു സംഭവിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവ്.



