...
Home News Kerala വിസിമാരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ബി അശോക്; ഒരു വിഭാഗത്തിന് അമര്‍ഷം

വിസിമാരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ബി അശോക്; ഒരു വിഭാഗത്തിന് അമര്‍ഷം

ഐഎഎസ് തലപ്പത്ത് യുഡിഎഫ് സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു

136

വൈസ് ചാന്‍സലര്‍മാരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്. സര്‍വകലാശാല രജിസ്ട്രാര്‍മാരെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പിന് കീഴിലുള്ള ഒമ്പത് സര്‍വകലാ ശാലകളിലെ ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി. അശോക് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടി. സര്‍വകലാ ശാലകളുമായി എളുപ്പത്തില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിനാണ് ഗ്രൂപ്പ് ആരംഭിച്ചതെന്നാണ് വകുപ്പിൻ്റെ പ്രതികരണം. അതേസമയം സെക്രട്ടറിയുടെ നടപടിയില്‍ ഒരു വിഭാഗം വിസിമാര്‍ക്ക് അമര്‍ഷമുണ്ട്. പൊതുവേ സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലാ ഭരണത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടാറില്ല എന്നതാണ് അമര്‍ഷത്തിന് കാരണം.

ഐഎഎസ് തലപ്പത്ത് യുഡിഎഫ് സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌ത ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. അശോകിന് സംഘപരിവാര്‍ പശ്ചാത്തലമുണ്ടെന്ന് ആരോപിച്ച് എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല യുഡിഎഫ്, ആര്‍എസ്എസിന് എഴുതി കൊടുത്തുവെന്ന വിമര്‍ശനവുമായി എസ്എഫ്‌ഐ സെക്രട്ടറി പിഎസ് സഞ്ജീവ് രംഗത്തെത്തി. ഭരണ രംഗത്ത് ഡെഡ്‌ലി സംഘ് കോമ്പോയുമായി വിഡി മേനോന്‍ സതീശന്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ & ബി അശോക് ഐഎഎസ് (സംഘി പ്രൊ &സംഘി പ്രൊ മാക്‌സ്) ഇനി തൊട്ട് ഇവര്‍ ഭരിക്കും എന്ന് പിഎസ് സഞ്ജീവ് പറഞ്ഞു. അപ്പോള്‍ ശരിക്കും റോജി എം ജോണ്‍ ആരാണ്, എന്താണ് അദ്ദേഹത്തിൻ്റെ പണി? ഞങ്ങള്‍ക്ക് അറിയാന്‍ കൗതുകമുണ്ട്? എന്നും പിഎസ് സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

എംജി സര്‍വകലാ ശാലയിലേക്ക് 19 സംഘപരിവാര്‍ വര്‍ഗീയ വിഷങ്ങളെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുമ്പോള്‍ നിശബ്‌ദമായിരുന്ന യുഡിഎഫിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ ഇനി നേരിട്ട് ബി അശോകിലൂടെ സംഘപരിവാരം ഭരിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ് വിമര്‍ശിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.