...
Home News Kerala ബി. ഗോപാലകൃഷ്‌ണൻ്റെ വിദ്വേഷ പരാമർശം ഗൗരവതരം; തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയ്‌തു?: ഹൈക്കോടതി

ബി. ഗോപാലകൃഷ്‌ണൻ്റെ വിദ്വേഷ പരാമർശം ഗൗരവതരം; തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയ്‌തു?: ഹൈക്കോടതി

രാജ്യത്തിനും സമൂഹത്തിനും സംഭവിച്ച ആഘാതം എങ്ങനെ മറികടക്കുമെന്നും അത് മറികടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് ചെയ്‌തുവെന്നും ഹൈക്കോടതി

235

ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്‌ണൻ്റെ വിദ്വേഷ പരാമര്‍ശം ഗൗരവതരമെന്ന് ഹൈക്കോടതി. രാജ്യത്തിനും സമൂഹത്തിനും സംഭവിച്ച ആഘാതം എങ്ങനെ മറികടക്കുമെന്നും അത് മറികടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് ചെയ്‌തുവെന്നും ഹൈക്കോടതി ചോദിച്ചു.

’48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ അമ്പത് വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്- വലത് പക്ഷങ്ങള്‍ ഹിന്ദുവിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നില്ല’ -എന്നായിരുന്നു ബി ഗോപാലകൃഷ്‌ണന്‍ പറഞ്ഞത്.

‘അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എ ഉണ്ടായില്ല. കൊടുങ്ങല്ലൂര്‍ അമ്മയുടെ നടയില്‍ നിന്ന് ഗുരുവായൂപ്പൻ്റെ നടയിലേക്കുള്ള എൻ്റെ വരവ് ഭഗവാന്‍ ഗുരുവായൂരപ്പന്‍ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിൻ്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തുന്നില്ല. തൊട്ടു ചേര്‍ന്ന് കിടക്കുന്ന മലപ്പുറം ജില്ലയില്‍ ആവട്ടെ സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതന് ഹിന്ദു വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥി ഇല്ല. എന്താല്ലേ മതേതര കേരളം. ഗുരുവായൂരിൻ്റെ പവിത്രമായ ഭൂമിയില്‍ നിന്ന് അമ്പലം കൊള്ളക്കാരെയും വര്‍ഗ്ഗീയ മതരാഷ്ട്ര വാദികളെയും ആട്ടി ഓടിക്കാനുള്ള സമയമായി. അതിനുള്ള നിയോഗം എനിക്കാണ് കിട്ടിയത്. ഈ മണ്ണില്‍ നമ്മള്‍ ജയിക്കും. നമ്മളെ ജയിക്കൂ’, എന്നായിരുന്നു ഗോപാലകൃഷ്‌ണൻ്റെ പരാമര്‍ശം.

ഗോപാലകൃഷ്‌ണൻ്റെ പരാമര്‍ശം വിവാദമായതോടെ രത്തന്‍ യു ഖേല്‍ക്കര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗുരുവായൂര്‍ മണ്ഡലം ഭരണാധികാരി ഷീബ എസ് നല്‍കിയ പരാതിയിൽ ഗോപാലകൃഷ്‌ണനെതിരെ എഫ്ഐആര്‍ ചുമത്തിയിരുന്നു. കേരള പീപ്പിള്‍സ് റെപ്രസൻ്റെഷന്‍ ആക്ട് 125, ബിഎന്‍എസ് 192 വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം തകര്‍ത്ത് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമം, മതവികാരം ഉദ്ദീപിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്ഐആറില്‍ ചുമത്തിയത്.

Disclaimer: We are not responsible for the controversial content mentioned in the news. It is only a copy of relevant parts of reports published in various news handles.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.