9 September 2026
Home Entertainments ‘ബാഹുബലി: എറ്റേർണൽ വാർ’; ബാഹുബലിയുടെ ആത്മാവ് സ്വർഗ്ഗ ലോകത്തിൽ ടീസർ പുറത്ത്

‘ബാഹുബലി: എറ്റേർണൽ വാർ’; ബാഹുബലിയുടെ ആത്മാവ് സ്വർഗ്ഗ ലോകത്തിൽ ടീസർ പുറത്ത്

ഇഷാൻ ശുക്ല സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടീസറിൽ പ്രഭാസ് ശബ്‌ദം നൽകിയിട്ടുണ്ട്‌

203

രാജമൗലിയുടെ ബാഹുബലി യൂണിവേഴ്‌സിലെ അടുത്ത ചിത്രമായ ബാഹുബലി: എറ്റേർണൽ വാർ എന്ന ആനിമേഷൻ ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്‌തു. മരണത്തിന് ശേഷം ബാഹുബലിയുടെ ആത്മാവ് സ്വർഗ്ഗ ലോകത്തിൽ ദേവന്മാരുടെയും അസുരന്മാരുടെയും യുദ്ധത്തിന് നടുവിൽ ചെന്നെത്തുന്നതാണ് ചിത്രത്തിൻ്റെ കഥ.

രണ്ട് ഭാഗങ്ങളടങ്ങിയ എറ്റേർണൽ വാറിൻ്റെ അടുത്ത ഭാഗം എപ്പോഴാണ് റിലീസെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടില്ല. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ കോർത്തിണക്കിയ ‘ദി എപ്പിക്ക്’ എന്ന ചിത്രത്തിൻ്റെ തീയേറ്റർ പ്രീമിയറിലായിരുന്നു എറ്റേർണൽ വാറിൻ്റെ ടീസർ പ്രദർശിപ്പിച്ചത്.

ടീസർ ആരംഭിക്കുന്നത് ബാഹുബലിയുടെ മരണശേഷമുള്ള നിയോഗത്തെ പറ്റി വിവരിക്കുന്ന രമ്യ കൃഷ്‌ണൻ്റെ ശിവഗാമി ദേവിയെന്ന കഥാപാത്രത്തിൻ്റെ സംഭാഷണത്തിലൂടെ ആണ്. പിന്നെ ബാഹുബലിക്കായി ഒരു അസുരനും ദേവേന്ദ്രനും തമ്മിൽ നടക്കുന്ന പോരിന് ഇടയിലേക്ക് ബാഹുബലി ആനകൾ വലിക്കുന്ന രഥവുമായി വന്നെത്തുന്ന രംഗത്തിലൂടെ ആണ് ടീസർ അവസാനിക്കുന്നത്.

ആർകെയ്‌ൻ: ലീഗ് ഓഫ് ലെജൻഡ്‌സ് സൂപ്പർഹിറ്റ് ആനിമേഷൻ സീരീസിൻ്റെ അണിയറയിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ കമ്പനിയാണ് ബാഹുബലി എറ്റേർണൽ വാറിന് പിന്നിലും പ്രവർത്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇഷാൻ ശുക്ല സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടീസറിൽ പ്രഭാസ് ശബ്‌ദം നൽകിയിട്ടുണ്ട്‌. എങ്കിലും, ചിത്രത്തിലുടനീളം അദ്ദേഹത്തിൻ്റെ ശബ്‌ദ സാന്നിധ്യം ഉണ്ടാകുമോ എന്നത് സംശയമാണ്.

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം