സെപ്റ്റംബർ മാസാവസാനം രാജ്യവ്യാപകമായി ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി അഞ്ച് ദിവസം തടസ്സപ്പെടാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യവ്യാപക പണിമുടക്കാണ് ഇതിന് പ്രധാന കാരണം.
പണിമുടക്ക് ആരംഭിക്കുന്ന സെപ്റ്റംബർ 28 തിങ്കളാഴ്ചയ്ക്ക് തൊട്ടുമുൻപുള്ള ദിവസങ്ങളായ സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ബാങ്ക് അവധികളാണ്. ഇതുകാരണം സെപ്റ്റംബർ 26 ശനിയാഴ്ച മുതൽ സെപ്റ്റംബർ 30 ബുധനാഴ്ച വരെയുള്ള അഞ്ചു ദിവസങ്ങളിൽ ബാങ്ക് ശാഖകളുടെ പ്രവർത്തനം പൂർണ്ണമായും നിശ്ചലമാകും. സെപ്റ്റംബർ മാസത്തിൽ ആകെ എട്ട് അവധി ദിനങ്ങളാണ് ഉള്ളത്.
ആഴ്ചയിൽ പ്രവർത്തിദിനങ്ങൾ അഞ്ചു ദിവസമാക്കുക, വിവേചനപരമായ ഇൻസെന്റീവ് സ്കീം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്. ബെഫി (BEFI), എ.ഐ.ബി.ഇ.എ (AIBEA), എ.ഐ.ബി.ഒ.സി (AIBOC), എൻ.സി.ബി.ഇ (NCBE) ഉൾപ്പെടെ പ്രബലമായ ഏഴ് ബാങ്ക് യൂണിയനുകൾ ചേർന്ന ‘യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസി’ന്റെ ആഹ്വാനപ്രകാരമാണ് പണിമുടക്ക്. പണിമുടക്ക് ദിനങ്ങളിൽ ബാങ്ക് ശാഖകളിൽ ജീവനക്കാർ എത്തില്ലെന്നതിനാൽ നേരിട്ടുള്ള സേവനങ്ങളും രേഖ പരിശോധനകളും തടസ്സപ്പെടും. ബാങ്ക് ശാഖകൾ അടഞ്ഞു കിടക്കുന്നത് കാരണം ചെക്ക് ക്ലിയറൻസ് നടപടികളും ഡിമാൻഡ് ഡ്രാഫ്റ്റ് വിതരണവും നിർത്തിവെക്കേണ്ടി വരും.
സെപ്റ്റംബർ മാസാവസാനവും ബാങ്കുകളുടെ അർദ്ധവാർഷിക കണക്കെടുപ്പ് സമയവുമായതിനാൽ ഈ തടസ്സം സാധാരണക്കാരെയും ഇടപാടുകാരെയും കടുത്ത ദുരിതത്തിലാക്കും. മാസാവസാനം നടക്കേണ്ട ശമ്പള വിതരണം, പെൻഷൻ വിതരണം എന്നിവ തടസ്സപ്പെടാൻ സാധ്യതയുണ്ട്. വായ്പകളുടെ തിരിച്ചടവും ഇ.എം.ഐ (EMI) ക്രമീകരണങ്ങളും അവതാളത്തിലാകാൻ സാധ്യതയുണ്ട്. കൂടാതെ ഈ ദിവസങ്ങളിൽ ബാങ്ക് ലോക്കർ സൗകര്യങ്ങളും ലഭ്യമാകില്ല. എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്നത് തടസ്സപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അതേസമയം, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് (യോനോ ഉൾപ്പെടെ), യു.പി.ഐ (UPI) തുടങ്ങിയ ഡിജിറ്റൽ ബദൽ സേവനങ്ങൾ* ഈ ദിവസങ്ങളിൽ തടസ്സമില്ലാതെ പ്രവർത്തിക്കുമെന്നത് ആശ്വാസകരമാണ്. എങ്കിലും ശാഖകളിൽ നേരിട്ടെത്തി ചെയ്യേണ്ട സുപ്രധാന ബാങ്കിങ് ആവശ്യങ്ങൾ സെപ്റ്റംബർ 25 വെള്ളിയാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ഇടപാടുകാർ ശ്രദ്ധിക്കണം. എ.ടി.എം പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ആവശ്യത്തിനുള്ള പണം നേരത്തെ തന്നെ എ.ടി.എമ്മുകളിൽ നിന്ന് പിൻവലിച്ചു സൂക്ഷിക്കേണ്ടതാണ്. മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തിയില്ലെങ്കിൽ അഞ്ചു ദിവസത്തെ ഈ ബാങ്ക് പണിമുടക്കിൽ പൊതുജനം വലയുമെന്ന് ഉറപ്പാണ്.


