Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ബേക്കൽ ഇൻ്റെർനാഷണൽ ബീച്ച് ഫെസ്റ്റിവൽ തുടങ്ങി | Nalamidam
14 November 2026
Home News Kerala ബേക്കൽ ഇൻ്റെർനാഷണൽ ബീച്ച് ഫെസ്റ്റിവൽ തുടങ്ങി

ബേക്കൽ ഇൻ്റെർനാഷണൽ ബീച്ച് ഫെസ്റ്റിവൽ തുടങ്ങി

ബേക്കൽ ബീച്ച് പാർക്കിൽ ബേക്കൽ ഇൻ്റെർനാഷണൽ ബീച്ച് ഫെസ്റ്റിൻ്റെ മൂന്നാമത് എഡിഷൻ

374

രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ബേക്കൽ. കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ ടൂറിസം വളർത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങൾ ബേക്കൽ കേന്ദ്രീകരിച്ചു നടന്നു വരികയാണ്. ബേക്കൽ ബീച്ച് പാർക്കിൽ ബേക്കൽ ഇൻ്റെർനാഷണൽ ബീച്ച് ഫെസ്റ്റിൻ്റെ മൂന്നാമത് എഡിഷൻ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വിശിഷ്ടാതിഥികളായ സംവിധായകൻ മണിരത്നം, സിനിമാതാരം മനീഷ കൊയ്‌രാള, ഛായാഗ്രഹൻ രാജീവ് മേനോൻ എന്നിവർക്കൊപ്പം ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്‌തു. ഡിസംബർ 20 മുതൽ 31 വരെയാണ് ഫെസ്റ്റിവൽ.

സിഎച്ച് കുഞ്ഞമ്പു എംഎൽഎ ടൂറിസ്റ്റ് വകുപ്പുമായി സഹകരിച്ചു കൊണ്ട് കൊണ്ട് ബേക്കലിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ പഴയതും പുതിയതുമായ സിനിമ ലൊക്കേഷനുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഉയർത്തികൊണ്ടുവരുന്നതിന് സിനിമ- ടൂറിസം പദ്ധതിക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമ ടൂറിസം എന്ന ആശയം 2023ൽ മണിരത്നത്തെ അറിയിക്കുകയും അതിൻ്റെ ഭാഗമായാണ് രണ്ട് വർഷങ്ങൾക്കിപ്പുറം ബേക്കലിലേക്ക് അദ്ദേഹം തൻ്റെ സിനിമാ പ്രവർത്തകർക്കൊപ്പം എത്തിയത്.

1995ൽ പുറത്തിറങ്ങിയ ബോംബെ എന്ന ചലച്ചിത്രം സാമൂഹിക ഐക്യത്തിൻ്റെയും മതസഹോദര്യത്തിൻ്റെയും പ്രാധാന്യം വിളിച്ചോതുന്ന സിനിമയാണ്. ഈ ഒരു വിഖ്യാത ചലച്ചിത്ര സംഗമം കേരളത്തിലെയും ബേക്കലിലെയും ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ബിആർഡിസിയെ അഭിനന്ദിച്ചു. ബോംബെ സിനിമയുടെ മുപ്പതാം വാർഷികം, ബിആർഡിസിയുടെ മുപ്പതാം വാർഷികാഘോഷം, ബേക്കൽ ഇൻ്റെർനാഷണൽ ബീച്ച് ഫെസ്റ്റിവലിൻ്റെ ആരംഭം എന്നീ പരിപാടികൾ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബേക്കൽ കോട്ടയിൽ ചിത്രീകരണം നടത്തിയ ബോംബെ സിനിമയുടെ സംവിധായകൻ മണിരത്നം, നായിക മനീഷ കൊയ്‌രാള, ഛായാഗ്രാഹകൻ രാജീവ് മേനോൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. മന്ത്രി അവർക്ക് ഉപഹാരം നൽകി. ബോംബെ’യിലെ പ്രശസ്തമായ ‘ഉയിരേ’ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ രംഗങ്ങൾ ചിത്രീകരിച്ച ബേക്കൽ കോട്ടയെ വീണ്ടും സിനിമാ പ്രേക്ഷകർക്കിടയിൽ പരിചയപ്പെടുത്തുകയും, പ്രദേശത്തെ സിനിമ- ടൂറിസം സാധ്യതകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

എംഎൽഎമാരായ എം രാജാഗോപാലൻ, ഇ ചന്ദ്രശേഖരൻ, എൻഎ നെല്ലിക്കുന്ന്, മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, മുൻ എംപി പി കരുണാകരൻ, കക്ഷി രാഷ്ട്രീയ പ്രതിനിധികളായ ഹക്കിം കുന്നിൽ, കെഇഎ ബക്കർ, ഹമീദ് ഹാജി എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡി, ജനറൽ കൺവീനർ ബേബി ബാലകൃഷ്‌ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സിഎച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. കേരള ടൂറിസം മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതവും ബേക്കൽ റിസോർർട്‌സ്‌ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പി ഷിജിൻ നന്ദിയും പറഞ്ഞു.