കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടി ഏന്തിയ ‘ഭാരതാംബ’ ചിത്രം. അടിയന്തരാ അവസ്ഥയുടെ അമ്പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉള്‍പ്പെടുത്തിയത്.
ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചെങ്കിലും പൊലീസിൻ്റെ ശക്തമായ സുരക്ഷയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ സമയം സര്‍വകലാശാലയുടെ പുറത്ത് ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകള്‍ അണിനിരന്നു.
അടിയന്തരാ അവസ്ഥയുടെ അമ്പതാം വാര്‍ഷിക ദിനത്തിലാണ് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ആര്‍എസ്എസ് അനുകൂല പരിപാടി സംഘടിപ്പിച്ചത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പതിവുപോലെ കാവിക്കൊടി ഏന്തിയ ‘ഭാരതാംബ’യുടെ ചിത്രവും നിലയുറച്ചു. ബിജെപി നേതാക്കാളായ വിവി രാജേഷ്, പി.കെ കൃഷ്‌ണദാസ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ഭാരതാംബ ചിത്രവിവാദം ഉയര്‍ന്നതോടെ നിലപാട് കടുപ്പിച്ച് സര്‍ലകലാശാല രജിസ്ട്രാര്‍ രംഗത്തെത്തി. ചിത്രം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് എതിരാണെന്നും നിയമാവലിയില്‍ അത് പ്രതിപാദിച്ചിട്ടുണ്ടെന്നും രജിസ്ട്രാര്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കുമെന്ന് സംഘാടകര്‍ ഒപ്പിട്ടു നല്‍കിയിരുന്നു. ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്നും രജിസ്ട്രാര്‍ നിലപാട് വ്യക്തമാക്കി. ഇതേ സമയം സര്‍വകലാശാലയുടെ പരിസരത്ത് എസ്എഫ്‌ഐയും കെഎസ്‌യുവും ശക്തമായ പ്രതിഷേധം നടത്തി.
പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയ സമയത്ത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍വകലാശാല സെനറ്റ് ഹാളിലേക്ക് എത്തി. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം വകവെക്കാതെ ഗവര്‍ണര്‍ സെനറ്റ് ഹാളില്‍ പ്രവേശിച്ചു. തൊട്ടുപിന്നാലെ സെനറ്റ് ഹാളിൻ്റെ വാതില്‍ പൊലീസ് അടച്ചു.
അകത്ത് പ്രവേശിച്ച ഗവര്‍ണര്‍ ഭാരതാംബ ചിത്രത്തിന് മുന്നില്‍ വെച്ച വിളക്ക് കത്തിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ സര്‍വകലാശാലയുടെ ഗേറ്റ് പൊലീസ് അടച്ചു. ഗേറ്റിന് പുറത്ത് പ്രതിഷേധം തുടരുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:



