...
Home News National 90 വർഷം പഴക്കമുള്ള വിമാന നിയമത്തിന് പകരം പുതിയ നിയമം; ഭാരതീയ വായുയാൻ നിയമം 2027...

90 വർഷം പഴക്കമുള്ള വിമാന നിയമത്തിന് പകരം പുതിയ നിയമം; ഭാരതീയ വായുയാൻ നിയമം 2027 ജനുവരി മുതൽ

വിമാനങ്ങളുടെ രൂപകൽപ്പനയ്ക്കും സർട്ടിഫിക്കേഷനും വ്യക്തമായ ചട്ടക്കൂട് പുതിയ നിയമം ഒരുക്കുന്നുണ്ട്

23

രാജ്യത്തെ സിവിൽ വ്യോമയാന മേഖലയിൽ സമഗ്ര പരിഷ്കാരങ്ങൾക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ. 1937ലെ വിമാന നിയമത്തിന് പകരമായി ‘ഭാരതീയ വായുയാൻ നിയമം–2026’ നടപ്പാക്കും. 2027 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമത്തിന്റെ വിശദാംശങ്ങൾ ബുധനാഴ്ച സർക്കാർ പുറത്തുവിട്ടു. അതിവേഗം വളരുന്ന വ്യോമയാന മേഖലയിലെ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുകയാണ് ലക്ഷ്യം.

വിമാനങ്ങളുടെ രൂപകൽപ്പനയ്ക്കും സർട്ടിഫിക്കേഷനും വ്യക്തമായ ചട്ടക്കൂട് പുതിയ നിയമം ഒരുക്കുന്നുണ്ട്. ഇതിലൂടെ വിമാനങ്ങൾ രൂപകൽപ്പന ചെയ്യുന്ന രാജ്യങ്ങളുടെ നിരയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ. വിമാനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്നതിനും കൂടുതൽ അവസരങ്ങൾ ലഭിക്കും. ഒന്നിലധികം പേർ ചേർന്ന് ഒരു വിമാനം സ്വന്തമാക്കാൻ അനുവദിക്കുന്ന ‘ഫ്രാക്ഷണൽ ഓണർഷിപ്പ്’ സംവിധാനവും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുന്ന ഐഡിഇആർഎ (IDERA) സംവിധാനവും ചെലവ് കുറയ്ക്കാൻ സഹായിച്ചേക്കും. വിമാനങ്ങൾ വാങ്ങുന്നതിനും പാട്ടത്തിനെടുക്കുന്നതിനുമുള്ള ചെലവ് കുറയുന്നത് ഭാവിയിൽ ടിക്കറ്റ് നിരക്കുകളിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.

വിമാനക്കമ്പനികളുടെ വാണിജ്യ താൽപ്പര്യങ്ങളും യാത്രക്കാരുടെ അവകാശങ്ങളും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നു. വിമാന ടിക്കറ്റ് നിരക്കുകളിലും മറ്റ് സേവന നിരക്കുകളിലും കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളുണ്ട്. അസാധാരണ സാഹചര്യങ്ങളിൽ നേരിട്ട് ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് അധികാരവും നൽകുന്നു. എട്ട് അധ്യായങ്ങളും ആറ് ഷെഡ്യൂളുകളുമായി ആകെ 220 വ്യവസ്ഥകളാണ് നിയമത്തിലുള്ളത്.

നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (DGCA) കൂടുതൽ അധികാരങ്ങളും പുതിയ നിയമം നൽകുന്നു. ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുന്ന വിമാനങ്ങൾ, എൻജിനുകൾ, പ്രൊപ്പല്ലറുകൾ എന്നിവയ്ക്ക് ടൈപ്പ് സർട്ടിഫിക്കറ്റ് നൽകാൻ ഡിജിസിഎയ്ക്ക് കഴിയും. വ്യോമയാന സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളിൽ അടിയന്തര ഉത്തരവുകൾ പുറപ്പെടുവിക്കാനും അധികാരമുണ്ടാകും.

വിമാനയാന മേഖലയിലെ ഉദ്യോഗസ്ഥരുടെ ലൈസൻസിങ് നടപടികളിലും മാറ്റങ്ങളുണ്ട്. ഫ്ലൈറ്റ് എൻജിനീയർമാർ ഉൾപ്പെടെ 23 വിഭാഗങ്ങളിലെ പൈലറ്റുമാർക്കുള്ള ലൈസൻസും റേറ്റിങ്ങും നേടുന്നതിനുള്ള യോഗ്യതകൾ, മെഡിക്കൽ മാനദണ്ഡങ്ങൾ, പരിശീലനം, പ്രവൃത്തിപരിചയം എന്നിവ നിയമത്തിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. വിദ്യാർഥി പൈലറ്റുമാർ മുതൽ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റുമാർ വരെയുള്ളവർക്ക് ഈ വ്യവസ്ഥകൾ ബാധകമായിരിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.