...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National റഷ്യയിൽ ആയിരുന്നിട്ടും നീറ്റ്‌ പ്രതിഷേധ കേസിൽ പ്രതിയാക്കി; ബിഹാർ സ്വദേശിയുടെ ആരോപണം

റഷ്യയിൽ ആയിരുന്നിട്ടും നീറ്റ്‌ പ്രതിഷേധ കേസിൽ പ്രതിയാക്കി; ബിഹാർ സ്വദേശിയുടെ ആരോപണം

കഴിഞ്ഞ നാല് മാസമായി റഷ്യയിലായിരുന്നിട്ടും പ്രതിഷേധക്കേസിൽ പ്രതിയാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം

147

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിനെതിരെ ബിഹാറിലെ കിഷൻഗഞ്ച് സ്വദേശി മുഹമ്മദ് സദകത്ത് രംഗത്ത്. കഴിഞ്ഞ നാല് മാസമായി റഷ്യയിലായിരുന്നിട്ടും പ്രതിഷേധക്കേസിൽ പ്രതിയാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

റഷ്യയിൽ നിന്ന് ചിത്രീകരിച്ചതാണെന്ന് പറയുന്ന ഒരു വീഡിയോയിലൂടെയാണ് മുഹമ്മദ് സദകത്ത് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നാല് മാസമായി താൻ റഷ്യയിൽ താമസിക്കുകയാണെന്നും ജൂലൈ 25ന് ബഹാദൂർഗഞ്ചിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചെങ്കിലും അതിന്റെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

പ്രതിഷേധവുമായി ബന്ധപ്പെട്ട എഫ്‌ഐആറിൽ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്നും വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സദകത്ത് ആവശ്യപ്പെട്ടു.

അതേസമയം, വിഷയത്തിൽ പ്രതികരിച്ച കിഷൻഗഞ്ച് ജില്ലാ പൊലീസ് മേധാവി ഹരി മോഹൻ ശുക്ല, സദകത്തിന്റെ ആരോപണം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. പ്രതിഷേധക്കേസുകളുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ പരിഹാരത്തിനായി പൊലീസിനെ സമീപിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

പ്രതിഷേധക്കേസുകൾ പിൻവലിച്ച് ബിഹാർ സർക്കാർ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് ബിഹാർ സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ഉടൻ മോചിപ്പിക്കുമെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.

ജൂലൈ 26 രാവിലെ ആറുമണിക്ക് മുമ്പ് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും പരാതികളും കാരണം കാണിക്കൽ നോട്ടീസുകളും പിൻവലിക്കാനാണ് തീരുമാനം.

കഴിഞ്ഞ ആഴ്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ബന്ദിനിടെ 694 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ പകുതിയോളം പേർ പ്രായപൂർത്തിയാകാത്തവരാണെന്നും അധികൃതർ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.